വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം, അക്രമവാസന നശീകരണം എന്നിവ നമ്മുടെ പൊതു സമൂഹത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ പലതരത്തിലുള്ള അപകടങ്ങളിലേക്ക് പോവുകയാണെന്നും അവര്‍ ലഹരിയുടെയും മറ്റും പിടിയില്‍ അമര്‍ന്നു തുടങ്ങിയെന്നുമുള്ള ഒരു പൊതുബോധം രൂപപ്പെടുന്നതിന് അടുത്തകാലത്ത് നടന്ന സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. സമൂഹത്തിന്റെ ആശങ്കകള്‍ ദൂരീകരിച്ച് ഉത്തരവാദിത്വബോധമുള്ള ഒരു ജ്ഞാനസമൂഹത്തെ രൂപപ്പെടുത്തുന്നതിനായി പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നമ്മുടെ കുട്ടി അഭിമുഖീകരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സജ്ജരാകേണ്ടത് അനിവാര്യമാണ്.
മറ്റുള്ളവരോട് ഒത്തു പോകാനും പങ്കിടാനും കഴിയാതെ പോകുന്ന കൗമാരത്തെയാണ് കൊറോണ കാലത്ത് വീട്ടില്‍ ഒതുങ്ങിപ്പോയ കുട്ടികളുടെ ഇന്നത്തെ പെരുമാറ്റങ്ങളില്‍ നിന്നും നാം തിരിച്ചറിയുന്നത്. ഇവിടെയാണ് സമഗ്രമായ സാമൂഹ്യ ഇടപെടല്‍ പ്രസക്തമായി തീരുന്നത്. ലഹരിയുടെ ദുരുപയോഗത്തിലേക്കും ലൈംഗിക ചൂഷണത്തിലേക്കും സാമൂഹിക വിരുദ്ധതയിലേക്കും ജീവിതത്തെ നിസാരവല്ക്കരിക്കുന്നതിലേക്കുമൊക്കെ കുട്ടികള്‍ എത്തുന്നത് വ്യക്തമായ രക്ഷാകര്‍തൃത്വം ലഭ്യമാകാത്തത് കൊണ്ടാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു.
ലഹരി ഉപയോഗം, റാഗിംഗ്, നിയമാവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവര്‍ത്തനങ്ങള്‍, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളില്‍ 6 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശീലനം ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അക്കാഡമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നല്‍കുക എന്നതാണ് ‘കൂടെയുണ്ട് കരുത്തേകാന്‍’ എന്ന സമഗ്ര വിദ്യാര്‍ത്ഥി രക്ഷകതൃ അധ്യാപക ശാക്തീകരണ പദ്ധതി.
ജൂണ്‍ ഒന്‍പതിന് കേരളത്തിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പിടിഎ എക്സിക്ക്യുട്ടീവ് അംഗങ്ങളുടെയും യോഗം ചേര്‍ന്ന് അതാതു വിദ്യാലയത്തിലെ പരിപാടികള്‍ ആസൂത്രണം ചെയ്യും.
10,11 തീയതികളില്‍ ഓരോ വിദ്യാലയത്തിലെയും സൗഹൃദ കോഡിനേറ്റര്‍ മാരുടെയും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരുടെയും പരിശീലനം അതാത് വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് നടത്തും. തുടര്‍ന്ന് 12 13 16 17 തീയതികളില്‍ അതാത് വിദ്യാലയങ്ങളില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ഉള്ള അറിവ് പകര്‍ന്ന് നല്‍കും. പതിനെട്ടാം തീയതി ഒന്നാം ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ സഹിതം പ്രവേശനോത്സവത്തില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശിക്കുകയും അവര്‍ക്ക് ഈ പദ്ധതി പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യണം. തുടര്‍ന്ന് ഇതില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉപയോഗപ്പെടുത്തി മോഡ്യൂളുകളില്‍ വേണ്ടത്ര പരിഷ്കരണങ്ങള്‍ നടത്തി ജൂണ്‍ 23 മുതല്‍ 30 വരെയുള്ള
ദിവസങ്ങളില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഇതേ പോലെ തന്നെ സമാനമായ രീതിയില്‍ പരിശീലനം നല്കു വാനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മേല്‍ സൂചിപ്പിച്ച പ്രശ്നങ്ങളുടെ സമൂഹശാസ്ത്ര, മനശാസ്ത്ര, ശരീരശാസ്ത്ര പശ്ചാത്തല വിശകലനം നടത്തി അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മോഡ്യൂളുകള്‍ നിര്‍മ്മിച്ചത്. അധ്യാപക പരിശീലകര്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ഉള്ള പരിശീലനം എന്നിവ നല്‍കുന്നത് സമൂഹ ശാസ്ത്ര, ആരോഗ്യശാസ്ത്ര, വിദഗ്ധരോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വിദഗ്ധരുടെ സഹായത്തോടു കൂടിയുമാണ്.
ഈ അക്കാദമിക വര്‍ഷം ഹയര്‍ സെക്കന്‍ഡറി മേഖലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വ്യത്യസ്തങ്ങളായ ചെറിയ പരിപാടികളിലൂടെ സൗഹൃദ ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ ഇടപെടീല്‍ നടത്തുന്നു. തുടര്‍ന്ന് മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമാനമായ രീതിയില്‍ പിന്തുണ ഒരുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകള്ക്കെതിരെ സ്വയം പ്രതിരോധം ഉയര്‍ത്തുവാന്‍ ഉള്ള നൈപുണി വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണം ആവശ്യമായ കുട്ടി കളെ കണ്ടെത്തി അവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ വേണ്ട പിന്തുണ നല്‍കാനും പദ്ധതിയില്‍ ആലോചനയുണ്ട്.
CONTENT HIGH LIGHTS;We are together to strengthen: Education Department’s fight against drug addiction; Parents and teachers should be prepared; Comprehensive Student, Parent, Teacher Empowerment Scheme