മിത്തും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയായിരുന്നു റിഷബ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘കാന്താര’ എന്ന കന്നഡ ചിത്രം. ദൈവീക പശ്ചാത്തലത്തിൽ ഫാന്റസി കൂട്ടിക്കലർത്തി നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും കലർത്തി ഒരുക്കിയ കാന്താര പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് 2022 സെപ്റ്റംബറിലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലും രാജ്യത്തിന് പുറത്തും റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ കന്നട ചിത്രമായിരുന്നു.
ഇതുപോലെ പ്രഖ്യാപന നാൾ മുതലേ ആസ്വാദകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാന്താര: ചാപ്റ്റർ 1 ചിത്രീകരണം തുടങ്ങിയ സമയം മുതൽ വിവാദങ്ങളും ദുരന്തങ്ങളും വിട്ടൊഴിയാതെ നിൽക്കുന്നു. ഇങ്ങനെ തുടർച്ചയായി ഉണ്ടാകുന്ന മരണങ്ങളും അപകടങ്ങളും കാന്താര ടീമിനെ ആകെ ഉലച്ചിരിക്കുന്നതായാണ് സിനിമ ലോകം പറയുന്നത്. കുറഞ്ഞ കാലയളവിൽ 5 ദുരന്തങ്ങളാണ് കാന്താര എന്ന ചിത്രത്തിന് നേരിടേണ്ടി വന്നത്. ഇതെല്ലാം സ്വാഭാവിക സംഭവങ്ങളാണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും ? അപ്രതീക്ഷിത സംഭവം എന്നതിലുപരി ഈ അപകടങ്ങൾക്ക് പിന്നിൽ ദുരൂഹമായതെന്തോ ഉണ്ടെന്ന തോന്നൽ ഉണ്ടാവാത്തവരായി ആരും തന്നെ കാണില്ല. അതിനിടയിലാണ് കാന്താര: ചാപ്റ്റർ 1 നെ പിന്തുടരുന്ന ശാപം ഗുളികന്റെ കളിയാണെന്നൊരു സംസാരം ആരാധകർക്കിടയിൽ നിന്ന് ഉയരുന്നത്.
കാന്തര പറയുന്നത് എന്ത് ?
വടക്കൻ കേരളത്തിന്റെ തെയ്യവും മറ്റ് ആചാര അനുഷ്ഠനങ്ങളെയും കൂട്ടിയിണക്കി ഒരുക്കിയ എന്നാൽ പുതുമകൾ ഒന്നും അവകാവശപ്പെടാൻ ഇല്ലാത്ത ഋഷഭ് ഷെട്ടി ചിത്രമാണ് ‘കാന്താര’. നിഗൂഢ വനം എന്നാണ് ‘കാന്താര’ യുടെ അർത്ഥം. കാന്താര എന്ന സിനിമ തെയ്യം എന്ന അനുഷ്ഠാന കലയുടെ ആത്മാവറിഞ്ഞ കലാവിഷ്കാരം ആണെന്ന് നിസ്സംശയം പറയാം. തെയ്യം പോലെയുള്ള ഒരു അനുഷ്ഠാന കലയെ സിനിമയുടെ ഭാഷയിലേക്ക് കൂട്ടികെട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മൂന്നു കാലങ്ങളിൽ നിന്നു കൊണ്ടാണ് ‘കാന്താര’ കഥ പറയുന്നത്.
1847 ലെ ഒരു തുളുനാട്ടുരാജ്യം. അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ രാജാവ് സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ രാജ്യത്തേക്ക് വരണമെന്ന് രാജാവ് അവശ്യപ്പെടുന്നു. അതിന് പകരമായി ദൈവം രാജാവിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ അതിന് പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി കുടിയിരുത്തണം. രാജാവ് സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. അങ്ങനെ ദൈവത്തിനൊപ്പം കാടിറങ്ങിയ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്ങി. കാലം കടന്ന് പോയപ്പോൾ രാജാവ് നാട്ടു രാജാവായി നാട്ടു രാജാവ് പ്രമാണിയായി പിന്നീടത് ജന്മിയായി തലമുറകൾ മാറി. തലമുറകൾ പിന്നിട്ടപ്പോൾ ഇഷ്ടദാനം നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള ശ്രമത്തിനും ആരംഭമായി. അങ്ങനെ ജന്മിക്കും ജനങ്ങൾക്കും ഇടയിലുണ്ടായിരുന്ന ഏക പ്രതിബന്ധം– പഞ്ചുരുളി എന്ന ദൈവകോലം മാത്രമായി.
‘പഞ്ചുരുളി’ എന്ന ദൈവസങ്കല്പത്തെ ആസ്പദമാക്കിയാണ് ഇതിൽ വനദേവതയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന ഗുളികൻ ദക്ഷിണ ഭാരതത്തിൽ ഉള്ളവർക്ക് ഏറെ സുപരിചിതൻ ആണ്. ഇതേ ഗുളികന്റെ പകർന്നാട്ടവും ചിത്രത്തിൽ കാണാം. എന്നാൽ എത്രയൊക്കെ മികവുകൾ സമ്മാനിച്ചാലും ദുരന്തങ്ങളും വിവാദങ്ങളും പിന്തുടരുകയാണ് കാന്താര: ചാപ്റ്റർ 1 നെ .
ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിൽ നിരവധി അപകടങ്ങളാണ് സഭാവിച്ചത്. അതിൽ കഴിഞ്ഞ ദിവസം നടന്ന ബോട്ടപകടമാണ് ഏറ്റവും പുതിയത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്. ഇതിന് മുൻപ് നടന്ന മലയാളി നടൻ കലാഭവൻ നിജുവിന്റെ മരണം, സിനിമയിൽ പ്രധാനവേഷം അവതരിപ്പിക്കുന്ന കന്നഡ താരം രാകേഷ് പൂജാരിയുടെ ഹൃദയാഘാതംമൂലമുള്ള മരണം, സിനിമയിൽ മറ്റൊരുവേഷം അവതരിപ്പിക്കേണ്ട മലയാളി തെയ്യം കലാകാരൻ എം.എഫ്. കപിലിന്റെ മുങ്ങി മരണം, കൂടാതെ അതിനും മുൻപ് ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റുമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് 20-ലധികം പേർക്ക് പരിക്കേൽക്കുകയുണ്ടായ സംഭവം. മറ്റൊരിക്കൽ സെറ്റ് തകർന്ന് നാശനഷ്ടമുണ്ടായ സംഭവം ഇങ്ങനെ നീളുന്നു കാന്താര എന്ന ചിത്രത്തിലെ അപകട പരമ്പര. എന്നാൽ ഈ അപകടത്തിന്റെ എല്ലാം കാരണമായി പറയുന്നത് ഗുളികന്റെ സാന്നിധ്യത്തെ പറ്റിയാണ്.
ആരാണ് ഗുളികൻ ?
ഹൈന്ദവ വിശ്വാസപ്രകാരം ഗുളികൻ ഒരു ദേവനാണ്. ഉത്തരകേരളത്തിലെ സകല ദിക്കിലും കെട്ടിയാടുന്ന അതീവ പ്രാധാന്യം ഉള്ള തെയ്യം ആണ് ഗുളികൻ. കാലനില്ലാത്ത കാലത്ത് മഹാദേവന്റെ പെരുവിരൽപ്പൊട്ടിയടര്‍ന്നുണ്ടായ ദേവനാണ് തെയ്യപ്രപഞ്ചത്തിലെ ഗുളികൻ. പരമശിവൻ്റെ ഇടതു തൃക്കാലിലെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ . അങ്ങനെ ഗുളികന്റെ അർഥതലങ്ങൾ നീണ്ടുകിടക്കുന്നു.
പുത്രലാഭത്തിനുവേണ്ടി ഏറെകാലം മൃകണ്ഡു എന്ന മുനി പരമശിവനെ തപസ്സു ചെയ്തു. ഒടുവിൽ പ്രത്യക്ഷനായ പരമശിവൻ അദ്ദേഹത്തിന്റെ ആഗ്രഹം കേട്ട ശേഷം നൂറ് വയസുവരെ ജീവിക്കുന്ന മന്ദബുദ്ധിയായ മകനെ വേണോ അതോ പതിനാറ് വയസ് മാത്രം ആയുസ്സുള്ള മഹാപണ്ഡിതനായ ഒരു മകനെ വേണോ എന്ന് ചോദിച്ചു. എന്നാൽ ആയുസ്സ് കുറവാണെങ്കിലും അറിവുള്ള ഒരു മകനെ മതി എന്ന് മുനി ഉത്തരം നൽകി. അതുപ്രകാരം തനിക്കു പിറന്ന മകന് ‘മാർകണ്ഡേയൻ ‘എന്ന് മുനി പേരിട്ടു. അച്ഛനമ്മമാരുടെ കണ്ണിലുണ്ണിയായ മകന് പതിനാറുവയസ് തികഞ്ഞപ്പോൾ മാതാപിതാക്കൾ അവനെയോർത്ത് വിലപിക്കാൻ തുടങ്ങി. പതിനാറു വയസ്സുവരെ മാത്രമേ തനിക്ക് ആയുസ്സുള്ളു എന്ന് മനസ്സിലാക്കിയ മാർകണ്ഡേയൻ കഠിന ശിവഭജനം ആരംഭിച്ചു. ശിവലിംഗത്തിനുമുന്നിൽ മന്ത്രം ചൊല്ലി മാർകണ്ഡേയൻ പ്രാർത്ഥനാനിരതനായപ്പോൾ മരണദേവനായ കാലൻ പോത്തിന്മുകളേറി വന്നു. കാലന്റെ വിളി കേട്ട മാർകണ്ഡേയൻ ശിവലിംഗത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. കാലൻ കുരുക്കെറിഞ്ഞ് വലിച്ചപ്പോൾ ശിവലിംഗമടക്കം പിഴിതുവീണു. ഇതിൽ കോപാകുലനായ പരമശിവൻ മൂന്നാം തൃക്കണ്ണ് തുറന്നു കാലനെ ഭസ്മമാക്കി.
എന്നാൽ കാലനില്ലാതായതോടെ എങ്ങും മരണമില്ലാതെയായി. ഒടുവിൽ ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും സങ്കടം അറിയിച്ചു. ദേവന്മാർ മഹാദേവനോടും പരാതി പറഞ്ഞു. ദേവന്മാരുടെ സങ്കടം കേട്ടപ്പോൾ പ്രശ്നത്തിന് പരിഹാരം നൽകാൻ മഹാദേവൻ തീരുമാനിച്ചു. അദ്ദേഹം തൻ്റെ പെരുവിരൽ ഭൂമിയിലമർത്തി. മഹാദേവൻ്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലൻ്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ നിയോഗിച്ചു.
പൗരാണിക കാലത്ത് മഹര്‍ഷിമാരാല്‍ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ലെങ്കിലും ജ്യോതിഷത്തിൽ ഗുളികന് പ്രത്യേക പ്രാധാന്യം തന്നെ നൽകിയിട്ടുണ്ട്. ജാതകം എഴുതുമ്പോൾ ഗ്രനിലയിൽ ഗുളികനെ ‘മാ’ എന്ന് അടയാളപെടുത്തുന്നു.
കാന്താരയെ പിന്തുടരുന്ന ദുരന്ത കാരണം ഇതോ ?
വളരെ പ്രസിദ്ധമായ ഒരു ആരാധന സമ്പ്രദായമാണ് തെയ്യം. ഒരുപാട് ദിവസത്തെ വ്രതത്തോടും ഭക്തിയോടും ജപത്തോടും കൂടി ഒരുങ്ങിയിട്ടാണ് തെയ്യം എന്ന അനുഷ്ടാനത്തിലേക്ക് ഒരു വ്യക്തി കടന്ന് പോകുന്നത്. ഇതിനെല്ലാം മുന്നൊരുക്കമായി ആ ഗ്രാമത്തിലെ എല്ലാ ജനങ്ങളും ഈ അനുഷ്ടാനത്തിന്റെ ഭാഗമായി മാറുന്നു. അങ്ങനെ ഇതിൽ നിലനിൽക്കുന്ന അദൃശ്യമായൊരു ശക്തിയെ അവതരിപ്പിക്കുന്ന വ്യക്തി തന്നിൽ തന്നെ ആവാഹിച്ചെടുക്കുന്നു. കാന്താരയിൽ കാണുന്ന വരാഹി ദേവി, പഞ്ചുരുളി… എന്നീ ശക്തമായ ഊർജ്ജ പ്രവാഹത്തെ തന്റെ ശരീരത്തിലേക്ക് സാംശീകരിച്ച് താനാ ദേവതയായി മാറിയാണ് തെയ്യ രൂപം കാണികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന് പിന്നിൽ കഠിനമായ അനുഷ്ടാനമുണ്ട്! ശക്തമായ വിശ്വാസമുണ്ട്! ഇതിന്റെ അടിത്തറയിലാണ് ഈ അനുഷ്ഠാനം നിലനിൽക്കുന്നത്.
എന്നാൽ കലാ പ്രകടനം എന്ന രീതിയിൽ സിനിമക്കായി ഇത് അവതരിപ്പിക്കപെടുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള ആചാരവും അനുഷ്ഠനവും വിശ്വാസവും പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ബാഹ്യമായ രൂപത്തെ സ്വീകരിക്കുകയും ആന്തരികമായ ശക്തിയെ തള്ളി കളയുകയും ചെയ്യുന്നു. ഇങ്ങനെയുള്ളപ്പോൾ ഈ ആന്തരിക ശക്തി പലപ്പോഴും വേട്ടയാടുന്ന ഒന്നായി മാറാൻ സാധ്യത ഏറെയാണ്. സിനിമ എന്ന നിലയിൽ അതിന്റെ ഭംഗി പൂർണമായും നിലനിർത്തിയാണ് കാന്താരയിൽ ഓരോ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ പിന്നിലുള്ള അദൃശ്യമായ ശക്തിയെ ബാഹ്യമായി മാത്രം പ്രകടിപ്പിക്കുകയും ആന്തരികമായ ശക്തിവിശേഷങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാത്തത് കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള അപകട പാരമ്പരകൾക്ക് സാധ്യത എന്ന് ചിന്തിക്കാത്തവരും ഉണ്ടാവില്ല.
തുളുനാട്ടില്‍നിന്ന് മലയിറങ്ങിവന്ന കഥ… തലമുറകളായി പകര്‍ന്നാടുന്ന ജന്മവൃത്താന്തം… നിഗൂഢത നിറഞ്ഞ കഥകള്‍… എല്ലാം കാന്താരയിൽ ദൃശ്യമാണ്.
STORY HIGHLIGHT: kantara controversies