കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നു നടത്തിയ അഞ്ചു നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ നിരവധി പ്രധാന പുതിയ സംരംഭങ്ങൾ വിജയകരമായി നടപ്പാക്കുന്നതിനു വേദിയായി. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പു കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും വിഭാവനം ചെയ്ത്, കഴിഞ്ഞ നാല് മാസത്തിനിടെ അവതരിപ്പിച്ച പുതിയ സംരംഭങ്ങളുടെ നടപ്പാക്കലിന് ഈ ഉപതെരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിച്ചു. ഗുജറാത്തിലെ 24-കഡി (SC), 87-വിസാവദർ, കേരളത്തിലെ 35-നിലമ്പൂർ, പഞ്ചാബിലെ 64-ലുധിയാന വെസ്റ്റ്, പശ്ചിമ ബംഗാളിലെ 80-കാളിഗഞ്ജ് എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. ഈ ഉപതിരഞ്ഞെടുപ്പുകളിൽ, അഞ്ചു നിയമസഭാമണ്ഡലങ്ങളിലായി 1354 പോളിങ് സ്റ്റേഷനുകളിലാണ് (PS) വോട്ടെടുപ്പു നടന്നത്.
എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടർമാർക്കു മൊബൈൽ ഫോൺ സൂക്ഷിക്കാൻ സൗകര്യം ഒരുക്കി. വോട്ടർമാരുടെ എണ്ണം പങ്കിടൽ പ്രക്രിയ മെച്ചപ്പെടുത്തി. പോളിങ് സ്റ്റേഷനിൽനിന്നു പുറത്തുപോകുന്നതിനുമുമ്പു പ്രിസൈഡിങ് ഓഫീസർ VTR വിവരങ്ങൾ പുതുക്കുന്നുവെന്ന് ഉറപ്പുവരുത്തിയതിലൂടെ ഏകദേശ പോളിങ് പ്രവണതകൾ വേഗത്തിൽ പുതുക്കാനായി. മുഴുവൻ പോളിങ് പ്രക്രിയയുടെയും നിരന്തരമായ നിരീക്ഷണം ഉറപ്പാക്കാൻ 100 ശതമാനം പോളിങ് സ്റ്റേഷനുകളിലും വെബ്‌കാസ്റ്റ് സംവിധാനം, എല്ലാ പ്രിസൈഡിങ് ഓഫീസർമാർക്കും വ്യക്തിഗത മോക്ക് പോൾ പരിശീലനം എന്നിവ പുതിയ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, ഏകദേശം രണ്ടുപതിറ്റാണ്ടിനുശേഷം ഇതാദ്യമായി ഉപതെരഞ്ഞെടുപ്പിനുമുമ്പ് ഇലക്ടറൽ റോൾസിന്റെ പ്രത്യേക സംക്ഷിപ്ത പരിഷ്കരണം (SSR) നടത്തി. ഉപതെരഞ്ഞെടുപ്പിൽ ഈ നടപടികൾ വിജയകരമായി നടപ്പാക്കിയതിലൂടെ വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ നടപടികളെല്ലാം പൂർണമായി അവതരിപ്പിക്കുന്നതിനു കളമൊരുങ്ങി.
ഇതാദ്യമായി, എല്ലാ പോളിങ് സ്റ്റേഷനുകളുടെയും പ്രവേശന കവാടത്തിൽ ECI ഒരുക്കിയ മൊബൈൽ ഫോൺ സൂക്ഷിക്കൽ സൗകര്യം വോട്ടർമാർക്കു പ്രയോജനപ്പെടുത്താനായി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മൊബൈൽ ഫോണുപയോഗത്തിന്റെ വളർച്ചയും, പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനുമുമ്പു മൊബൈൽ ഫോണുകൾ എവിടെ സൂക്ഷിക്കണമെന്ന കാര്യത്തിൽ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ, പിഡബ്ല്യുഡി വോട്ടർമാർ എന്നിവർ പ്രത്യേകിച്ചും, നേരിടുന്ന വെല്ലുവിളികളും കണക്കിലെടുത്താണ് ഈ നടപടി. വോട്ടർമാർക്കു മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനായി പോളിങ് സ്റ്റേഷനുകളുടെ പ്രവേശന കവാടത്തിൽ ലളിതമായ പീജിയൻ ഹോൾ ബോക്സുകളോ ചണ ബാഗുകളോ നൽകിയിരുന്നു. പ്രക്രിയ സുഗമമാക്കുന്നതിനു പോളിങ് സ്റ്റേഷനുകളിൽ സന്നദ്ധപ്രവർത്തകരെയും വിന്യസിച്ചു.
നവീകരിച്ച VTR പങ്കിടൽ പ്രക്രിയയും വിജയകരമായി നടപ്പിലാക്കി. ഇതിലൂടെ ഓരോ പോളിങ് സ്റ്റേഷനിലെയും പ്രിസൈഡിങ് ഓഫീസർക്കു പോളിങ് ദിവസം ഓരോ രണ്ടു മണിക്കൂറിലും പുതിയ ECINET ആപ്ലിക്കേഷനിൽ വോട്ടിങ് നില നേരിട്ടു രേഖപ്പെടുത്താൻ കഴിഞ്ഞു. ഏകദേശ പോളിങ് പ്രവണതകൾ പുതുക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിന് ഇതു സഹായകമായി. ഇതു നിയോജകമണ്ഡലതലത്തിൽ സ്വയംകൃതമായി സമാഹരിച്ചു. മുമ്പെന്നപോലെ ഓരോ രണ്ടു മണിക്കൂറിലും ഏകദേശ വോട്ടിങ് ശതമാന പ്രവണതകൾ പ്രസിദ്ധീകരിച്ചു. കൂടാതെ, പോളിങ് അവസാനിച്ച ഉടൻ പ്രിസൈഡിങ് ഓഫീസർമാർ പോളിങ് സ്റ്റേഷനിൽനിന്നു പുറത്തുപോകുന്നതിനുമുമ്പു വോട്ടർമാരുടെ പോളിങ് വിവരങ്ങൾ ECINET-ൽ രേഖപ്പെടുത്തി. ഇതു നെറ്റ്‌വർക്ക് കണക്റ്റിവിറ്റിക്ക് വിധേയമായി, പോൾ ചെയ്ത വോട്ടുകളുടെ ഏകദേശ ശതമാനം നിയോജകമണ്ഡലം തിരിച്ചുള്ള പുതുക്കിയ വിവരം VTR ആപ്പിൽ ലഭ്യമാകുമെന്ന് ഉറപ്പാക്കി. മൊബൈൽ നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്തിടത്ത്, വിവരങ്ങൾ ഓഫ്‌ലൈനായി അപ്ഡേറ്റ് ചെയ്യാനും കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചാൽ അതു സമന്വയിപ്പിക്കാനും കഴിയും.
മുമ്പ്, സെക്ടർ ഓഫീസർമാർ വോട്ടെടുപ്പു വിവരങ്ങൾ സ്വമേധയാ ശേഖരിക്കുകയും ഫോൺ കോളുകൾ, SMS അല്ലെങ്കിൽ മെസേജിങ് ആപ്ലിക്കേഷനുകൾവഴി റിട്ടേണിങ് ഓഫീസർമാർക്കു (RO) കൈമാറുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ ഓരോ രണ്ടു മണിക്കൂറിലും സമാഹരിച്ച് VTR ആപ്ലിക്കേഷനിലേക്ക് അപ്‌ലോഡ് ചെയ്തിരുന്നു. പോളിങ് അവസാനിക്കുമ്പോൾ, 17C ഉൾപ്പെടെയുള്ള വിവിധ ഫോമുകൾ പൂരിപ്പിച്ച്, രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും പോളിങ് ഏജന്റുമാരുടെയും ഒപ്പുകൾ സ്വീകരിച്ച് ഒരു പകർപ്പ് അവർക്കു കൈമാറൽ, നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് സ്ട്രോങ് റൂമിൽ EVM സീൽ ചെയ്യൽ, സുരക്ഷിതമായി നിക്ഷേപിക്കൽ തുടങ്ങിയ നിയമപരമായ മറ്റെല്ലാ ഉത്തരവാദിത്വങ്ങളും പൂർത്തിയാക്കിയ ശേഷമാണു പ്രിസൈഡിങ് ഓഫീസർ അന്തിമ VTR ഡേറ്റ അപ്‌ഡേറ്റ് ചെയ്തിരുന്നത്. അതിനാൽ, പോളിങ് ശതമാന പ്രവണത പലപ്പോഴും മണിക്കൂറുകൾക്കുശേഷം, അതായത് രാത്രി 10-11 മണിയോടെയായിരുന്നു പുറത്തുവന്നിരുന്നത്. ഏറെ വൈകിയോ
അടുത്ത ദിവസമോ എത്തുന്ന ഭൗതികരേഖകളുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം പോലും അപ്‌ഡേറ്റ് ചെയ്യേണ്ടിവരുമായിരുന്നു. നവീകരിച്ച VTR അപ്‌ഡേറ്റ് സംവിധാനം ഈ കാലതാമസം കുറയ്ക്കുകയാണ്. ഇപ്പോൾ പ്രിസൈഡിങ് ഓഫീസർ പോളിങ് സ്റ്റേഷനിൽനിന്നു പുറപ്പെടുംമുമ്പ് ECINET സംവിധാനത്തിൽ ഡേറ്റ പുതുക്കും. ഉപതെരഞ്ഞെടുപ്പു നടന്ന അഞ്ചു നിയമസഭാമണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാ പോളിങ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പു ദിവസത്തെ പ്രവർത്തനങ്ങളുടെ 100% വെബ്കാസ്റ്റിങ് കമ്മീഷൻ ഉറപ്പാക്കി. നിർണായക പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും വോട്ടെടുപ്പു പ്രക്രിയയുടെ ലംഘനമില്ലെന്നും ഉറപ്പാക്കാൻ വെബ്കാസ്റ്റിങ് പരിശോധിച്ചു. RO, DEO, CEO തലങ്ങളിലെ പ്രത്യേക നിരീക്ഷണ സംഘങ്ങൾ വോട്ടെടുപ്പു നടപടിക്രമങ്ങളിൽ കർശനമായ ജാഗ്രത പാലിച്ചു.
CONTENT HIGH LIGHTS; Election Commission sets up innovative facilities for the first time in by-elections: Mobile phone storage facility; revamped VTR sharing process; 100% webcasting of polling stations successfully implemented