പൊലീസിനോടുള്ള ബഹുമാനം പൊതുസമൂഹത്തിൽ ഇരട്ടിയാകണം എന്ന് മലയാള സിനിമാ താരം ജോജു ജോര്‍ജ്. പണ്ട് പൊലീസ് ജീപ്പ് കാണുമ്പോഴേ പേടി, ഇന്ന് എല്ലാവര്‍ക്കും ആ പേടിയൊക്കെ പോയി എന്നും താരം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
സിനിമയേക്കാൾ വയലൻസ് ഇപ്പോൾ പൊതുസമൂഹത്തിൽ നടക്കുന്നുണ്ടെന്നും പൊലീസ് ജീപ്പ് കാണുമ്പോൾ അന്ന് ഭയം തോന്നിയവർക്ക് ഇന്നതില്ലെന്നും ജോജു പറഞ്ഞു. നിയമം കൂടുതല്‍ ശക്തമാകണമെന്നും ലൈംഗികാതിക്രമം പോലുള്ള തെറ്റുകൾ ചെയ്യുന്നവരെ തട്ടിക്കളയണമെന്നും ജോജു പറഞ്ഞു. ഓരോ പഞ്ചായത്തിലും ഓരോ പൊലീസ് സ്റ്റേഷൻ കൊണ്ടുവെക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ജോജു കൂട്ടിച്ചേർത്തു.
‘സിനിമയിൽ വയലൻസ് വളരെ കൂടിവരുന്നു എന്നൊക്കെ ആളുകൾ ബോറടിക്കുമ്പോൾ പറയുന്നതാണ്. ആളുകൾ അത് എൻജോയ് ചെയ്യുന്നുണ്ട്. അതിലും വലുതല്ലേ ഇവിടെ സൊസൈറ്റിയിൽ നടക്കുന്നത്. ഞാൻ പണി എന്ന സിനിമ ചിന്തിക്കാൻ തന്നെ ഒരു കാരണമുണ്ട്. പുറത്തുനടക്കുന്ന ഡാറ്റ കേൾക്കുമ്പോൾ നമുക്ക് തന്നെ പേടിയാവുകയാണ്. എൻ്റെ വീടിൻ്റെ അടുത്ത് ആറ് വയസുള്ള ഒരു കുഞ്ഞിനെ ഒരുത്തൻ ചവിട്ടിക്കൊന്നു.
ആ കൊച്ച് വെള്ളത്തിൽ നിന്ന് കേറി വന്നു. എന്നിട്ട് അവൻ വീണ്ടും ചവിട്ടി താഴ്ത്തിയെന്ന്. ഞാൻ ആ കൊച്ചിന്റെ അച്ഛനേയും അമ്മയേയും കാണാൻ പോയിരുന്നു. അവനത് ഏത് സിനിമയിൽ നിന്ന് കിട്ടിയതാണ്. അതിനി ചിലപ്പോൾ ചിലർ സിനിമയിൽ ഉപയോഗിച്ചേക്കും. അത്രയും ഭീകരമായ അന്തരീക്ഷത്തിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത്. പൊലീസ് നല്ല ഇടി ഇടിക്കണം. അല്ലാതെ വേറെ വഴിയില്ല. പൊലീസിനോടുള്ള ബഹുമാനം പൊതുസമൂഹത്തിൽ ഇരട്ടിയാകണം. ആദ്യം ഒരു പൊലീസ് ജീപ്പ് വരുമ്പോഴോ പൊലീസ് വരുമ്പോഴോ പേടിയായിരുന്നു.
ഇപ്പോൾ ഇത്തരത്തിൽ ചെയ്യുന്നവർക്ക് ഒരു പേടിയുമില്ല. സുഖമായിട്ട് ജീവിക്കുകയല്ലേ. സ്കൂളിൽ കൊടുക്കുന്നത് പയറും കഞ്ഞിയുമാണ്. ജയിലിൽ ചിക്കനും ചപ്പാത്തിയുമാണ്. ഇതൊക്കെ ഭയങ്കര വിഷയമല്ലേ. നിങ്ങൾക്ക് ഒരു പെൺകുട്ടിയോ ആൺകുട്ടിയോ ഉണ്ടെങ്കിൽ നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കൂ. നമ്മുടെ നിയമം ഇതിന്റെറെ ഇരട്ടി സ്ട്രോങ് ആകണം. തട്ടിക്കളയണം ഇങ്ങനെയുള്ളവൻമാരെയൊക്കെ. ഞാൻ ആ റിയാലിറ്റിയിൽ വിശ്വസിക്കുന്ന ആളാണ്. അത് ഇപ്പോൾ എന്ത് തെറ്റായാലും മോശമായാലും.
അതുകൊണ്ടാണ് ഞാൻ എന്റെ പടത്തിൽ അങ്ങനെ ചെയ്തവനെ പൊട്ടിച്ചുകളഞ്ഞത്. ഇങ്ങനെ സംഭവിക്കുന്നവരുടെ ഇമോഷന് വാല്യു ഇല്ലേ. അത് അഡ്രസ് ചെയ്യപ്പെടുന്നില്ല. പൊലീസിലുള്ള പേടിയൊക്കെ എല്ലാവർക്കും പോയി. കാരണം ഒരുത്തനെ തൊട്ടാൽ കോടതിയിൽ ചെല്ലുമ്പോൾ പ്രശ്‌നമാകും. എൻ്റെ പൊന്നോ എൻ്റെ ജോലി പോകും എന്ന നിലയിൽ അവർ ചിന്തിക്കും. സിസ്റ്റം ഇനിയും മാറണം. ഓരോ പഞ്ചായത്തിലും ഓരോ പൊലീസ് സ്റ്റേഷൻ കൊണ്ടുവക്കണമെന്നാണ് ഞാൻ പറയുക. അല്ലാതെ ഇവിടെ എങ്ങനെ മാനേജ്‌ചെയ്യാൻ പറ്റും. ക്രൈം റേറ്റ് അത്രയും ഉയരുകയല്ലേ. ചെറുപ്പക്കാർ മുഴുവൻ വേറെ ലൈനിലോട്ട് പോവുന്നു. ഇതിനെ അഡ്രസ് ചെയ്യപ്പെടാതിരുന്നാൽ എന്തുചെയ്യും,’ ജോജു പറഞ്ഞു.