സുംബാ ഡാന്‍സ് കേരളത്തിലെ വിദ്യാലയങ്ങളില്‍ വ്യാപകമാക്കുന്നതോടെ എതിര്‍പ്പും ശക്തമാവുകയാണ്. സാമ്പാ നൃത്തം പോലെയാണ് സൂംബാ ഡാന്‍സ് എന്ന് തെറ്റിദ്ധരിച്ചിട്ടാണോ ഇങ്ങനെ എതിര്‍ക്കുന്നതെന്നാണ് അനുകൂലിക്കുന്നവരുടെ ചോദ്യം. എന്നാല്‍, അല്പം വസ്ത്രവുമിട്ട് ആണും പെണ്ണും ഒരുമിച്ചു നിന്ന് ഇത്തരം ഡാന്‍സുകള്‍ നടത്തുന്നത് നാടിനു ചേര്‍ന്നതല്ലെന്നാണ് പ്രതികൂല വാദം. ഇതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ ശക്തമാകുമ്പോള്‍ ജര്‍മനിയിലെ ഡോക്ടര്‍ കൂടിയായി മുഹമ്മദ് അഷ്‌റഫ് സുംബാ ഡാന്‍സിനെ കുറിച്ച് വിവരിക്കുന്നു
കായികക്ഷമതയും വിനോദവും സംയോജിപ്പിച്ചുകൊണ്ട് പ്രൈമറിതലം മുതല്‍ സ്‌കൂള്‍ കായിക വിദ്യാഭ്യാസ പദ്ധതിയില്‍ വിവിധ രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഫിറ്റ്നസ് രീതിയാണ് സുംബാ നൃത്തം. അങ്ങേയറ്റം രസകരവും ആഹ്‌ളാദപ്രദവുമാണ് ഇതിലെ പങ്കാളിത്തസ്വഭാവം. ചുരുക്കത്തില്‍ നൃത്തത്തില്‍ അധിഷ്ഠിതമായ ഒരു ഫിറ്റ്നസ് പരിപാടി!. ലാറ്റിന്‍-പ്രചോദിത സംഗീതവും നൃത്തച്ചുവടുകളും എയറോബിക് വ്യായാമവുമായി ഇത് സംയോജിപ്പിക്കുന്നു, സാധാരണ ഗതിയിലുള്ള ഫിറ്റ്നസ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സമയത്ത് കുട്ടികള്‍
അനുഭവിക്കുന്ന മടുപ്പും വിരസതയും മറികടന്ന് പരിശീലനം ആസ്വാദ്യകരവും രസകരവുമാക്കാന്‍ ഇതിന്റെ നൃത്തസംഗീത ആവിഷ്‌കാരത്തിന് കഴിയും. സുംബ കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. കാര്‍ഡിയാക് ഏകോപനമാണ് ഈ എക്‌സര്‍സൈസ് കൊണ്ടുള്ള മറ്റൊരു പ്രയോജനം. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍, സന്തുലിതാവസ്ഥ ബാല്യത്തില്‍ തന്നെ ക്രമപ്പെടുത്തുന്നു. (ആസ്മാരോഗ പ്രതിരോധത്തിനും ബാല്യത്തില്‍ ഉണ്ടാകുന്ന പ്രമേഹരോഗത്തിനും പരിഹാരമായി
ഇത് പരിശീലിപ്പിക്കുന്നുണ്ട്). ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നതുകൊണ്ട് തന്നെ, താഴ്ന്ന ക്‌ളാസുകള്‍ മുതല്‍ ഈ രീതി പ്രവര്‍ത്തികമാക്കിവരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഊര്‍ജ്ജസ്വലമായ വ്യായാമ രീതിയാണിത്. വ്യത്യസ്ത പ്രായക്കാര്‍ക്കും കഴിവുകള്‍ക്കും അനുയോജ്യമായ മാറ്റങ്ങള്‍ ഇതില്‍ വരുത്താവുന്നതാണ്. അതായത്, സ്‌കൂള്‍ കുട്ടികള്‍ക്ക് മാത്രമായിട്ടിട്ടുള്ള ഒരു ആരോഗ്യ സംരക്ഷണ രീതിയല്ല ഇത്.
അതുകൊണ്ട് തന്നെ സമൂഹം ഇതിനെ പൂര്‍ണ്ണമനസോടെ സ്വീകരിക്കേണ്ടതുണ്ട്. ഇതിന് ഏതെങ്കിലും രീതിയിലുള്ള വസ്ത്രം വേണമെന്ന് നിയമവും നിയന്ത്രണവും ഒന്നുമില്ല. ഫിറ്റ്നസ് ഗ്രൂപ്പുകള്‍ അവരുടേതായ യൂണിഫോം വസ്ത്രങ്ങള്‍ അണിഞ്ഞ് അതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നതു കൊണ്ടുള്ള തെറ്റിദ്ധാരണയാണ് അങ്ങനെ വേണമെന്നുള്ള പ്രചാരണത്തിന് കാരണം. ട്രാക്‌സ്യൂട്ട് മുതല്‍ ഫിറ്റ്നസ് ഡ്രസ്സ് അടക്കം സാധാരണ രീതിയിലുള്ള
ഏത് കുപ്പായവുമാകാം. അതൊന്നും മനുഷ്യന്റെ ആരോഗ്യ സംരക്ഷണ രീതിക്ക് എതിരുമല്ല. അമേരിക്കയില്‍ തുടക്കം കുറിച്ച ഈ പ്രായോഗിക ആരോഗ്യസംരക്ഷണ രീതി ഇന്ന് ആഫ്രിക്കന്‍ രാജ്യങ്ങളടക്കം 180 രാജ്യങ്ങളില്‍ ഫ്രീ ടൈം സ്‌പോര്‍ട്‌സിന്റെ ഭാഗമാണ്.
CONTENT HIGH LIGHTS; Should Zumba dance be opposed?: Zumba classes do not require special uniforms; Dr. Muhammad Ashraf (Germany)