KSRTC ഇപ്പോള്‍ പഴയതു പോലെയൊന്നുമല്ല. ജീവനക്കാര്‍ക്ക് കൃത്യമായി ഒന്നാം തീയതി ശമ്പളം, പുതിയ ബസുകള്‍, കൂടുതല്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍, ഡ്രൈവിംഗ് സ്‌കൂള്‍ അങ്ങനെ മാറ്റത്തിന്റെ പാതയിലാണ്. ബജറ്റ് ടൂറിസം മുതല്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ബസ് വിട്ടു നല്‍കല്‍ വരെ സാമ്പത്തികം കണ്ടെത്താന്‍ നടപ്പാക്കി. ട്രാവല്‍ കാര്‍ഡ്, ചലോ ആപ്പ് എന്നിവയും വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നു. സ്റ്റുഡന്‍സിനു വേണ്ടിയുള്ള പുതിയ കാര്‍ഡ് പദ്ധതിയും സ്മാര്‍ട്ടാണ്. പക്ഷെ, ചില കൃത്രിമങ്ങള്‍ക്ക് ഇതുവരെ തടയിടാത്തത് ദോഷം ചെയ്യുന്നുണ്ടെന്നു പറയാതെ വയ്യ. അത്തരം കൃത്രിമങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കഴിയാത്തതിന് കാരണം പിടിപാടുള്ളവരുടെ ഇടപെടലുകളലും ഇടപാടുകളുമാണെന്ന് മനസ്സിലാകും.
ഇത് മനസ്സിലാകണമെങ്കില്‍ KSRTCക്ക് ഉള്ളില്‍ നില്‍ക്കുന്നവര്‍ വെളിപ്പെടുത്തണം. ചില കോണുകളില്‍ നിന്നും മാത്രമാണ് അത്തരം വെളിപ്പെടുത്തലുകളും പൊട്ടിത്തെറികളും സംഭവിക്കുന്നത്. അങ്ങനെ വെളിപ്പെടുത്തുകയോ, തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയോ ചെയ്യുന്നവര്‍ക്ക് കിട്ടുന്നത് ജോലിയില്‍ നിന്നുള്ള പിരിച്ചു വിടലുകള്‍ അടക്കമുള്ള നടപടികളാണ്. KSRTCക്ക് സാമ്പത്തികമായി നഷ്ടം സംഭവിപ്പിക്കുയോ, കൊലപാതകം ചെയ്യുകയോ, കൂട്ടത്തിലുള്ളവരെ മോശക്കാരാക്കുകയോ ചെയ്യാതെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് ഇത്തരക്കാര്‍. അവര്‍ ചെയ്യുന്നത്, KSRTCയിലെ അഴിമതികള്‍ മുഖം നോക്കാതെ പറയുന്നുവെന്നതാണ്. ഇങ്ങനെ ചാപ്പകുത്തി അവരെ സസ്‌പെന്റ് ചെയ്യുകയും, പിന്നീട് ഡിസ്മിസ് ചെയ്യുകയുമാണ്.
എന്നാല്‍, KSRTCക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍, പണം മോഷ്ടിച്ചവര്‍ക്കൊന്നും ഡിസ്മിസല്‍ ഇല്ല. സസ്‌പെന്‍ഷന്‍ മാത്രം. സംരക്ഷിക്കല്‍ സസ്‌പെന്‍ഷന്‍ എന്നു പറയാം. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടന്ന ലക്ഷങ്ങളുടെ തിരിമറിയെ കുറിച്ച് പോലീസ് വിജിലന്‍സ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് KSRTEWA ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മറവിയിലേക്കു തള്ളിവിടാന്‍ ഒളിപ്പിച്ചു കടത്തിയ ഒരു സാമ്പത്തിക കുറ്റകൃത്യത്തെ പോലീസിന്റെ അന്വേഷണ പരിധിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയത്. ഈ സാമ്പത്തിക കുറ്റകൃത്യം KSRTCയില്‍ തന്നെ നിര്‍ത്തിക്കൊണ്ട് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കം ഇതോടെ പൊളിയുകയാണ്.
ബജറ്റ് ടൂറിസം വഴി KSRTCക്ക് മാസം തോറും കിട്ടുന്നത് കുറഞ്ഞത് അരക്കോടിയാണെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഇതില്‍ പാതിയും അടിച്ചോണ്ടു പോകുന്നുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കാരണം, ബജറ്റ് ടൂറിസത്തില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന പണം യു.പി.ഐ വഴി സ്വന്തം അക്കൗണ്ടിലേക്ക് വഴിതിരിച്ചു വിട്ട് മോഷണം നടത്തിയ ഒരു ഉദ്യോഗസ്ഥനെ KSRTC തന്നെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും കാശല്ല, ലക്ഷങ്ങളാണ് വഴിതിരിച്ചുവിട്ട് അക്കൗണ്ടിലേക്കു മാറ്റിയത്. സാമ്പത്തിക തിരിമറി എന്ന വിഭാഗത്തില്‍പ്പെടുത്താനാവില്ല ഈ സംഭവത്തെ. കാരണം, യൂണിറ്റ് ഓഫീസറും ഡി.റ്റി.ഒയുടെ ചുമതലയുമുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ കൂടെ സപ്പോര്‍ട്ടിലാണ് ഈ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് KSRTC തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, പിടിപാടുകളും, കൊടിയുടെ നിറവും, വിളിക്കുന്ന മുദ്രാവാക്യവുമെല്ലാം വെച്ച് അന്വേഷണം നടത്തി, കുറ്റക്കാരന് സസ്‌പെന്‍ഷനും നല്‍കി രക്ഷിച്ചു.
എ.റ്റി.ഒയെ പെന്‍ഷന്‍ പറ്റുന്നതുവരെ ശല്യപ്പെടുത്തിയതുമില്ല. എറണാകുളം ഡിപ്പോയിലെ ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് 2024 ഒക്ടോബര്‍ 2 മുതല്‍ 2025 ഒക്ടോബര്‍ 2 വരെയള്ള കാലയളവിലാണ് ചാര്‍ജ്ജുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ 1,47,844 രൂപ മോഷ്ടിച്ചത്. KSRTCയിലെ വിജിലന്‍സ് ഈ സംഭവം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അച്ചടക്ക നടപടി ഉണ്ടായത്. എന്നാല്‍, സാമ്പത്തിക കുറ്റകൃത്യം നടന്നാല്‍, അത് എവിടെയാണോ നടന്നത്, ആ ഡിപ്പോയുടെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി കേസെടുത്ത് അന്വേഷിക്കണമെന്നാണ് നിയമം. 2018 നവംബര്‍ 30ന് KSRTC മാനേജ്ംഗ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് ഇന്നും നിലവിലുണ്ട്.
KSRTC എംഡിയുടെ ആ ഉത്തരവ് ഇങ്ങനെയാണ്
വിഷയം, എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിനെ സംബന്ധിച്ച്
കെ.എസ്.ആര്‍.ടി.സിക്ക് ടിക്കറ്റ് വില്‍പ്പനയിലൂടെ സഭിക്കുന്ന വരുമാനം ഗവണ്‍മെന്റ് ധനമാണ്. ഏതൊരുവിധ ക്രമക്കേടിലൂടെയും ഈ ധനം അപഹരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ആയതിനാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടാകുന്ന സാമ്പത്തിക ക്രമക്കേടുകള്‍ (കണ്ടക്ടര്‍മാര്‍ യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാത്തത് ഉള്‍പ്പെടെ) തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് FIRന്റെ കോപ്പി അന്നേദിവസം തന്നെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സ് ഡി.ജി.എം ഓപ്പറേഷന്‍സ് എന്നിവര്‍ക്ക് അയച്ചു നല്‍കേണ്ടതാണ്.
ഈ ഉത്തരവ് നിലനില്‍ക്കേ KSRTC ബജറ്റ് ടൂറിസം വഴി ലഭിച്ച പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയ ഉദ്യോഗസ്ഥനെതിരേ പോലീസില്‍ പരാതിയില്ല. എഫ്.ഐ.ആറില്ല., കേസില്ല, ജോലിയില്‍ നിന്നും പിരിച്ചടു വിട്ടില്ല. KSRTC വിജിലന്‍സിന്റെ അന്വേഷണവും സസ്‌പെന്‍ഷനും മാത്രം. എന്തു നീതിയാണിത്. KSRTCയിലെ അഴിമതിയെ കുറിച്ചും, തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചും, മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ഉന്നയിച്ചതിനും ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും, KSRTCയുടെ(അതായത് സര്‍ക്കാരിന്റെ) പണം വഴിമാറ്റി സ്വന്തം അക്കൗണ്ടിലാക്കി ലക്ഷങ്ങള്‍ വെട്ടിച്ച ഉദ്യോഗസ്ഥന് പോലീസ് കേസുമില്ല, ജോലിയില്‍ നിന്നു പിരിച്ചു വിട്ടുമില്ല.
അപ്പോള്‍ ഇവിടെ ആരാണ് ശരി ആരാണ് തെറ്റ്. KSRTC എന്തുകൊണ്ട് സാമ്പത്തിക തട്ടിപ്പു നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസ് കൊടുത്തില്ല. എന്തുകൊണ്ട് ആ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടില്ല. ആ ഉദ്യോഗസ്ഥനില്‍ നിന്നും പണം തിരിച്ചു പിടിക്കാന്‍ തയ്യാറായില്ല. ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥനെ നിയമത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ തയ്യാറാകാത്ത KSRTC മാനേജ്‌മെന്റാണ് കുറ്റക്കാര്‍. ഇതിനെതിരേയാണ് KSRTEWA ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. തെറ്റിനെ ന്യായീകരിച്ചുള്ള KSRTCയുടെ ഇടപെടല്‍ തിരുത്തേണ്ടത് അത്യാവശ്യമാണ്. ഒരു ഉദ്യോഗസ്ഥന്‍, KSRTCക്കെതിരേയും സര്‍ക്കാരിനെതിരേയും വിമര്‍ശനം ഉന്നയിക്കുന്നതാണോ വലിയ കുറ്റം, സര്‍ക്കാരിന്റെ സമ്പത്ത് മോഷ്ടിക്കുന്നതാണോ വലിയ കുറ്റം.
രണ്ടു നീതി നടപ്പാക്കുന്നതിലും KSRTCക്ക് തെറ്റു സംഭവിച്ചിട്ടുണ്ട്. തിരുത്തപ്പെടുക തന്നെ വേണം. വിമര്‍ശകരെയും വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുകയോ, തള്ളിക്കളയുകയോ ചെയ്യണം. എന്നാല്‍, മോഷ്ടാക്കളെയും, തട്ടിപ്പുകാരെയും പിരിച്ചു വിടുകയാണ് വേണ്ടത്. KSRTC ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ നടപടി എടുക്കില്ലെന്നുറപ്പായതോടെയാണ് പരാതി പോലീസ് ഡി.ജി.പിക്കു നല്‍കാന്‍ KSRTEWA തീരുമാനിച്ചത്.
CONTENT HIGH LIGHTS; Stealing money from budget tourism by “making it your own budget”: KSRTC conceals financial crime; embezzles Rs 1,47,844 by changing UPI code; Complaint filed with DGP demanding police vigilance probe KSRTEWA (Exclusive)