ചിലര്‍ അങ്ങനെയാണ്. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന പുണ്യങ്ങളെല്ലാം മരിക്കുമ്പോള്‍ മനുഷ്യരായ മനുഷ്യരെല്ലാം ഓര്‍ക്കും. ചിലര്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നവരായിരിക്കും. ചിലരാകട്ടെ ഒരു ദേശത്തെയാകെ സംരക്ഷിക്കുന്നവരാകും. പട്ടാളക്കാരും, ഇറട്ടച്ചങ്കുള്ള ചില വ്യക്തികളും ഇങ്ങനെയാണ്. അവര്‍ ചെയ്യുന്നത്, മറ്റുള്ളവര്‍ക്കു വേണ്ടിയാണെന്നു പോലും ചിന്തിക്കാതെയാണ് ഇത്തരം സാഹസികതയെല്ലാം ചെയ്തു തീര്‍ക്കുന്നത്. അങ്ങനെയൊരു വ്യക്തിയായിരുന്നു കാഞ്ഞിരപ്പള്ളിക്കാരന്‍ കരിമ്പനമാല്‍ അപ്പച്ചന്‍. കുത്തിറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടു പോയ. ഒരു കെ.എസ്.ആര്‍.ടി.സി ബസിനെ അതി സാഹസികമായി ജീപ്പുകൊണ്ട് തടങ്ങു നിര്‍ത്തി ബസിലുണ്ടായിരുന്നു 107 മനുഷ്യരുടെ ജീവന്‍ രക്ഷിച്ച വലിയ മനസ്സിനുടമ. അദ്ദേഹം ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്.
ധീരനും സാഹസികരുമായ കരിമ്പനാല്‍ അപ്പച്ചന്‍ [87] വിടവാങ്ങി. കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവും ധീരനും സാഹസികനുമായ ടി.ജെ കരിമ്പനാല്‍ ഓര്‍മയായിരിക്കുന്നു. 39 വര്‍ഷം മുന്‍പ് കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടു പാഞ്ഞ ബസ്, ജീപ്പ് കൊണ്ട് ഇടിച്ചു നിര്‍ത്തി 105 പേരുടെ ജീവന്‍ രക്ഷിച്ച കരുത്തന്റെ പേരാണ് ടി.ജെ കരിമ്പനാല്‍ എന്ന അപ്പച്ചന്‍ കരിമ്പനാല്‍. 1986 നവംബറിലായിരുന്നു സംഭവം. പ്ലാന്ററായിരുന്ന ടി ജെ കരിമ്പനാല്‍ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റില്‍നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിട്ടറിയില്‍ നിന്ന് ലേലത്തില്‍ വാങ്ങിച്ച ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ.കെ റോഡില്‍ മരുതും മൂടിനു മുകളിലെ വളവു തിരഞ്ഞപ്പോള്‍ മുന്നില്‍ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരായ ശബരിമല തീര്‍ത്ഥാടകരുടെ നിലവിളി കേട്ടു.
ബസിന്റെ ബ്രേക്ക് പോയതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഗിയര്‍ ഡൗണ്‍ ചെയ്തും കല്ലുകളുടെ മുകളില്‍ കയറ്റിയുമൊക്കെ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ കഴിയുന്നവിധം ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ചിന്തിച്ചു കളയാതെ അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുന്‍സീറ്റിലേക്ക് വരാന്‍ കരിമ്പനാല്‍ ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ബസിനെ ഓവര്‍ടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുന്‍പില്‍ ഒരാള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസിന്റെ ഡ്രൈവര്‍ അന്തംവിട്ടു.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും കരാട്ടെ ബ്രൗണ്‍ ബെല്‍റ്റുമുണ്ടായിരുന്ന ടി.ജെ കരിമ്പനാല്‍ ജീപ്പ് ബസിനു മുന്നില്‍ക്കയറ്റിയ ശേഷം 4 വീല്‍ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുന്‍ഭാഗം ജീപ്പിന്റെ പിന്നില്‍ ഇടിക്കാന്‍ അവസരം കൊടുത്തു. ആദ്യം കാര്യം മനസിലാകാതെ അന്തംവിട്ട ബസ് ഡ്രൈവര്‍ക്ക്, മുന്നിലെ ജീപ്പിലെ ഡ്രൈവര്‍ തങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലായി. മനസന്നിധ്യത്തോടെ അവസരത്തിനൊത്തുയര്‍ന്ന ബസ് ഡ്രൈവര്‍ ജീപ്പിന്റെ പിന്നില്‍ ബസ് ശരിയായി കൊള്ളിച്ച് ഇടിപ്പിക്കുവാന്‍ ശ്രമിച്ചു. ജീപ്പിന്റെ പിന്നില്‍ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും ഒരുമിച്ചു നിന്നു.
കുമളിയില്‍ നിന്ന് എരുമേലിയിലേക്കു തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസായിരുന്നു അത്. തിരുവനന്തപുരം സി.ഇ.ടി കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ടി.ജെ കരിമ്പനാല്‍ ജര്‍മനിയില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. സഹോദരന് അപകടം ഉണ്ടായതോടെ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്കു മടങ്ങി. കോളേജ് പഠനകാലം മുതലേ കൃഷിയില്‍ താല്‍പര്യമുണ്ടായിരുന്ന ടി.ജെ പിന്നീടു മുഴുവന്‍സമയ പ്ലാന്ററായി.
അന്നത്തെ സംഭവം നേരിട്ടു കണ്ട ദൃക്‌സാക്ഷി പറഞ്ഞത് ഇങ്ങനെ;
ഈ സംഭവത്തിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. ആ ബസ്സിന്റെ തൊട്ടു പിറകേ ഉണ്ടായിരുന്ന ബസ്സില്‍ ഞാനുമുണ്ടായിരുന്നു. ബസ് ജീപ്പില്‍ താങ്ങിനിറുത്തി, കണ്ടക്ടര്‍ ചാടിയിറങ്ങി നാലു വീലിനും അടവച്ചു. ബസ്സ് നിന്ന് സുരക്ഷിതമായെന്ന് ബോദ്ധ്യം വന്നപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ പിന്നോട്ടൊന്ന് നോക്കി. കൂളായിട്ട് അപ്പച്ചന്‍ ചേട്ടന്‍ ജീപ്പ് വിട്ടുപോവുകയും ചെയ്തു. ഇതിനിടക്ക് ജീപ്പിന്റെ നമ്പര്‍ നോട്ട് ചെയ്ത കണ്ടക്ടര്‍ പൊന്‍കുന്നം ഡിപ്പോയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അവര്‍ R.T.O. ആപ്പീസില്‍ ബന്ധപ്പെട്ട് ‘ഉടമയെ കണ്ടെത്തി വീട്ടില്‍ ചെന്ന് വിളിച്ചു കൊണ്ടുവന്ന് ഒരു ചെറിയ സമ്മേളനം നടത്തി അവിടെ വച്ച് അഭിനന്ദനങ്ങളും ആദരവും അര്‍പ്പിച്ചയക്കുകയാണു ചെയ്തത്. അന്നത്തെ പത്രങ്ങളിലെല്ലാം വലിയ വാര്‍ത്തയും ദീപിക പത്രം പ്ലിമെന്റും ചെയ്ത സംഭവമായിരുന്നു.
ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ –
അന്ന സെബാസ്റ്റ്യന്‍, കെ ജെ തൊമ്മന്‍, ത്രേസി അലക്‌സ്, കെ ജെ മാത്യു, കെ ജെ എബ്രഹാം, ഡോ. മരിയ.
മരുമക്കള്‍ –
സെബാസ്റ്റ്യന്‍ മറ്റത്തില്‍ (പാലാ), അലക്‌സ് ഞാവള്ളി (ബെംഗളൂരു), റോസ് മേരി ആനത്താനം (കാഞ്ഞിരപ്പള്ളി), ദീപാ എബ്രഹാം മുണ്ടുകോട്ടാക്കല്‍ (റാന്നി), ഡോ. ജെയിംസ് മൂലശ്ശേരി (കാവാലം).
CONTENT HIGH LIGHTS; Karimpanal Appachan, the bravest of the brave, is remembered: The Kanjarappally man was brave by saving the lives of 105 people; He stopped the out-of-control KSRTC by ramming it into a jeep and preventing it from falling into the ditch