വിഴിഞ്ഞം തുറമുഖവുമായ ബന്ധപ്പെട്ട് ഉണ്ടാകാൻ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ വൈകിപ്പിക്കുമ്പോള്‍ നേട്ടം കൊയ്യാന്‍ തമിഴ്‌നാട്. ഭാവി വികസനം വിഴിഞ്ഞം തുറമുഖം വഴിയാണെന്ന് മനസിലാക്കിയ തമിഴ്‌നാട് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി- തിരുനെല്‍വേലി ജില്ലകളിലാണ് വ്യവസായ നഗരങ്ങള്‍ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം കൊണ്ടിരിക്കുന്നത്
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് (Vizhinjam Kollam Punalur Industrial and Economic Growth Triangle) പദ്ധതി കേരള സര്‍ക്കാര്‍ ആസുത്രണം ചെയ്തിട്ടുണ്ട്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാതെ മെല്ലെപ്പോക്ക് നയമാണ് കേരള സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഈ നയം ഏറെ ഗുണം ചെയ്യുന്നത് അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനാണ്. വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ട് വന്‍ വ്യാവസായിക വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തമിഴ്‌നാടിന്റെ നീക്കം. ആറുമാസത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഗേറ്റ് വേ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ വിഹിതമായി ചരക്കുകള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
വിഴിഞ്ഞമെന്ന വന്‍ സാധ്യത മുന്നില്‍ തുറന്നിട്ടും അതുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി പോലും കണ്ടെത്താത്ത സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. അടിസ്ഥാനസൗകര്യ വികസനത്തില്‍ സുപ്രധാനമായ ഔട്ടര്‍ റോഡ് പദ്ധതി പോലും ഇനിയും വൈകുമെന്ന് വ്യക്തമാണ്. അതിനിടയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരം കന്യാകുമാരി ജില്ലയില്‍ നടക്കുന്ന എന്‍എച്ച് വികസന പ്രവര്‍ത്തികള്‍ ദേശീയപാത അതോറിറ്റി വേഗത്തിലാക്കിയിട്ടുണ്ട്. കന്യാകുമാരിയില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്ന രാജ്യത്തെ പ്രധാന ദേശീയപാതയെ കേരളത്തിലൂടെ കടന്ന് തമിഴിനാടില്‍ എത്തുന്ന എന്‍എച്ച് 66 മായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തികളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. കേരളാതിര്‍ത്തിയായ കാരോട് വരെയാണ് ദേശീയ പാത 66 പണി പൂര്‍ത്തിയായിരിക്കുന്നത്. തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ ഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതി.
2,260 ഏക്കറില്‍ രണ്ടു വ്യവസായ പാര്‍ക്കുകളുമായി തമിഴ്‌നാട്
തിരുനെല്‍വേലി ജില്ലയില്‍ അതിര്‍ത്തിക്കപ്പുറത്തും വിഴിഞ്ഞത്തു നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്നതുമായ സ്ഥലത്ത് നാല് പുതിയ SIP-COT വ്യവസായ പാര്‍ക്കുകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കിയെന്ന് ദേശീയ മാധ്യമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നംഗുനേരിയിലെ രണ്ട് പാര്‍ക്കുകള്‍ക്കായി 2,260 ഏക്കറിലധികം ഭൂമി ഏറ്റെടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മൂലകരപ്പട്ടിയില്‍ മൂന്നാമത്തെ പാര്‍ക്കും ആസൂത്രണം ചെയ്തിട്ടുണ്ട്, അതേസമയം നിലവിലുള്ള SIP യുടെ രണ്ടാം ഘട്ടമായി ഗംഗൈകൊണ്ടനിലെ COT പാര്‍ക്ക് ആരംഭിക്കാന്‍ തയ്യാറാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ഈ പാര്‍ക്കുകളെല്ലാം വികസിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ പുതിയ വ്യാവസായിക വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്റുകള്‍ നിറഞ്ഞിരിക്കുന്നു, തെക്കന്‍ തമിഴ്‌നാട്ടിന്റെ ഉന്നമനത്തിനായി വന്‍ വികസന പദ്ധതികളാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇവയെല്ലാം വിഴിഞ്ഞം തുറമുഖത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണെന്ന വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൂമി കിട്ടാനില്ലെന്ന വാദവുമായി വ്യവസായ വകുപ്പ്
തുറമുഖത്തിന് സമീപം 500 ഏക്കര്‍ ഏറ്റെടുക്കാനുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ നിര്‍ദ്ദേശത്തിന് ഇതുവരെ കേരള സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. വലിയ ഭൂമി കൈവശം വച്ചിരിക്കുന്ന തമിഴ്‌നാട് വിഴിഞ്ഞത്തിന്റെ സാധ്യത മുതലെടുക്കുകയും മത്സരാധിഷ്ഠിത പാട്ട നിരക്കുകള്‍ നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
വിഴിഞ്ഞത്തിന്റെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഗതാഗതത്തിന്റെയും സാമ്പത്തിക ശേഷിയുടെയും പ്രധാന ഗുണഭോക്താവ് നിങ്ങളാണ്. ഈ പാര്‍ക്കുകളുടെ തുറമുഖത്തിന്റെ സാമീപ്യത്തെ പല പോസ്റ്റുകളും അടിവരയിടുന്നു. കിന്‍ഫ്ര വഴി തുറമുഖത്തിന് സമീപം 100 ഏക്കറോളം മാത്രമേ കേരളം ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ, തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ഭൂമി ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. 99 വര്‍ഷത്തേക്ക് 70 ലക്ഷം മുതല്‍ 1 കോടി രൂപ വരെ. ‘ഇത് തിരുവനന്തപുരത്തിന്റെ വ്യാവസായിക സാധ്യതകളെ പ്രതികൂലമായി ബാധിക്കും. തുറമുഖാധിഷ്ഠിത വ്യവസായവല്‍ക്കരണത്തില്‍ കേരള വേഗത്തില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ പ്രധാന നിക്ഷേപങ്ങള്‍ തമിഴ്‌നാട്ടിലേക്ക് മാറിയേക്കാം,’ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ 150 ഏക്കര്‍ സ്ഥലം കിന്‍ഫ്ര കണ്ടെത്തിയിട്ടുണ്ടെന്നും തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ സ്ഥലം അന്വേഷിക്കുന്നുണ്ടെന്നും ഇന്‍ഫര്‍മേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഷറഫ് ഗ്രൂപ്പിന്റെ 5,000 കോടി നിക്ഷേപത്തില്‍ മൗനം തുടര്‍ന്ന് സര്‍ക്കാര്‍
ഇടുത്തിടെ നടന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍, വിഴിഞ്ഞത്തിന് സമീപം യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിരവധി നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ദുബായ് ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പ് ഒരു ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ 5,000 കോടി രൂപ നിക്ഷേപിക്കാന്‍ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, സ്വന്തമായി അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര, ബലരാമപുരം, കാട്ടാക്കട, കുറ്റിച്ചല്‍ തുടങ്ങിയ പ്രദേശങ്ങളിലായി ഏകദേശം 340 ഏക്കര്‍ സ്ഥലം കിന്‍ഫ്ര കണ്ടെത്തിയിരുന്നു, എന്നാല്‍ ഈ ഭൂമിയില്‍ ഭൂരിഭാഗത്തിനും ഇപ്പോഴും ഒരു അനുമതി ലഭിച്ചിട്ടില്ല. വിഴിഞ്ഞ തുറമുഖത്തിന് അടുത്ത് തന്നെ ഇത്രയും വലിയ പദ്ധതി ഒരു സ്വകാര്യ സംരംഭകന്‍ കൊണ്ടു വന്നിട്ടും ഇപ്പോഴും മെല്ലേപ്പോക്ക് നയം തുടരുന്ന സര്‍ക്കാരും വ്യവസായ വകുപ്പും ഈ പദ്ധതിയെ ഹൈജാക്ക് ചെയ്യുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.