കഴക്കൂട്ടം സൈനിക സ്‌കൂളിലെ ക്ലാസ് മുറിയില്‍ അവര്‍ 4 പേര്‍ ഒരുമിച്ചായിരുന്നു. അടുത്ത കൂട്ടുകാര്‍. പഠനം പൂര്‍ത്തിയാക്കിയ അവര്‍ സാധാരണ അവിടത്തെ മിക്ക വിദ്യാര്‍ഥികളെയും പോലെ സൈനിക സേവനത്തിന് ചേര്‍ന്നു. ഇന്നവര്‍ രാജ്യത്തിന്റെ സൈനിക തന്ത്രങ്ങള്‍ മെനയുകയും അവ നടപ്പാക്കുകയും ചെയ്യുന്ന നിര്‍ണായക പദവികളിലാണ്. ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍ എന്നിവരാണ് ആ കൂട്ടുകാര്‍. ഇവര്‍ ശനിയാഴ്ച കഴക്കൂട്ടം സൈനിക സ്‌കൂളിലെത്തും. പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായാണ് ഈ 4 മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ഒരിടത്ത് ഒത്തുകൂടുന്നത്.
പാലക്കാട് സ്വദേശിയാണ് വിജയ് നായര്‍. വിനോദ് മാത്യു തൊടുപുഴക്കാരനും ഹരി പിള്ള പുനലൂര്‍ സ്വദേശിയും സുരേന്ദ്രന്‍ നായര്‍ തൃശ്ശൂരുകാരനുമാണ്. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ 1978 ജൂണില്‍ ആറാം വിദ്യാര്‍ത്ഥികളായി ഒത്തുചേര്‍ന്ന ഇവര്‍ 1985ല്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. സ്‌കൂളില്‍ നിന്ന് ഇവര്‍ നേരെ പോയത് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക്, അവിടെ നിന്ന് സേനകളിലേക്കും. ഓപ്പറേഷന്‍ സിന്ദൂറിലടക്കം നിര്‍ണായക പങ്കു വഹിച്ച കരസേനയുടെ ഉത്തര കമാന്‍ഡ് മേധാവിയാണ് ഇപ്പോള്‍ ലെഫ്റ്റനന്റ് ജനറല്‍ വിജയ് നായര്‍. ഉധംപുരാണ് പ്രവര്‍ത്തന കേന്ദ്രം. കശ്മീരിലും നിയന്ത്രണരേഖയിലും ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഏറെക്കാലം നേതൃത്വം നല്കിയ ആളാണ്. ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും പോയി പോരാടി. കോംഗോയില്‍ യു.എന്‍. ബഹുരാഷ്ട്ര സേനയുടെ മേധാവിയായും ലെഫ്റ്റനന്റ് ജനറല്‍ വിജയ് നായര്‍ പ്രവര്‍ത്തിച്ചു.
കരസേനയില്‍ കര്‍ണാടക -കേരള സബ് ഏരിയയുടെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ആയി പ്രവര്‍ത്തിക്കുകയാണ് മേജര്‍ ജനറല്‍ വിനോദ് മാത്യു. വയനാട്ടില്‍ ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത് ഈ ഉദ്യോഗസ്ഥനാണ്. ബെയ്‌ലി പാലം നിര്‍മിച്ചതും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെ. അസമിലും മണിപുരിലുമെല്ലാം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയുന്ന പോരാട്ടത്തിലായിരുന്നു കൂടുതല്‍ കാലവും മേജര്‍ ജനറല്‍ വിനോദ് മാത്യു. യു.എന്‍. സേനയുടെ ഭാഗമായി കോംഗോ, സുഡാന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സൈന്യത്തിലേക്ക് ആളെയെടുക്കുന്ന ബംഗളൂരു മേഖലാ റിക്രൂട്ടിങ് സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയാണ് മേജര്‍ ജനറല്‍ ഹരി പിള്ള. ഇദ്ദേഹവും കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. വടക്കുകിഴക്കന്‍ മേഖലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കോംഗോയില്‍ യു.എന്‍. സേനയുടെ ഭാഗമായി. രാജ്യത്തെ മികച്ച ഫൈറ്റര്‍ പൈലറ്റുകളിലൊരാളാണ് എയര്‍ വൈസ് മാര്‍ഷല്‍ സുരേന്ദ്രന്‍ നായര്‍. മിഗ് 21, മിഗ് 29, സുഖോയ് 30 തുടങ്ങിയ യുദ്ധവിമാനങ്ങള്‍ ദീര്‍ഘനേരം പറത്തിയ പരിചയമുള്ള പൈലറ്റ്. ഫൈറ്റര്‍ സ്‌ക്വാഡ്രന്‍ കമാന്‍ഡറായ പ്രവര്‍ത്തിച്ചു പരിചയമുള്ള ഇദ്ദേഹം വ്യോമസേനയുടെ നിരീക്ഷണ യൂണിറ്റിന്റെയും രണ്ട് വലിയ യുദ്ധ പരിശീലന കേന്ദ്രങ്ങളുടെയും തലവന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഊട്ടി വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലെ ചീഫ് ഇന്‍സ്ട്രക്ടറാണ്. ശനിയാഴ്ച രാവിലെ 8ന് സൈനിക സ്‌കൂളില്‍ തന്നെയാണ് പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കുക. യു.എന്‍. ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, കമേഴ്‌സ്യല്‍ പൈലറ്റുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബാങ്കര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍, കേന്ദ്ര സര്‍ക്കാരിലെയും കേരള സര്‍ക്കാരിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അടക്കമുള്ള പൂര്‍വവിദ്യാര്‍ഥികളും ഈ സംഗമത്തിന് എത്തുന്നുണ്ട്.
CONTENT HIGH LIGHTS; 4 classmates who reached the top of the army are returning to their old class: Lieutenant General Vijay B. Nair, Major General Vinod T. Mathew, Major General Hari B. Pillai, and Air Vice Marshal K.V. Surendran Nair