ദക്ഷിണ സുഡാനിലെ സാധാരണക്കാരെ സംരക്ഷിച്ചതിന് ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎന്നിന്‍റെ ആദരം. പ്രാദേശിക ജനങ്ങളെയും മാനുഷിക വാഹനവ്യൂഹങ്ങളെയും സംരക്ഷിച്ചതിനാണ് 12 സ്‌ത്രീകൾ ഉൾപ്പെടെയുള്ള സേനാംഗങ്ങൾക്ക് ആദര സൂചകമായി മെഡലുകൾ ലഭിച്ചത്.
“ദക്ഷിണ സുഡാനിലെ ബോർ, അകോബോ, പിബോർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള യുഎൻഎംഐഎസ്‌എസ് (United Nations Mission in South Sudan (UNMISS)) സമാധാന സേനാംഗങ്ങൾക്ക് സാധാരണക്കാരെയും മാനുഷിക സംഘങ്ങളെയും സംരക്ഷിച്ചതിനും മെഡിക്കൽ വെറ്ററിനറി സേവനങ്ങൾ നൽകിയതിനും യുഎൻ മെഡലുകൾ ലഭിച്ചു. 12 സ്‌ത്രീകൾ ഉൾപ്പെടെ 838 പേർക്ക് ബ്ലൂ ഹെൽമെറ്റ് പദവി ലഭിച്ചു”, യുഎൻഎംഐഎസ്‌എസ് എക്‌സിലെ പോസ്‌റ്റിൽ കുറിച്ചു.
ഈ വർഷം ജൂണിൽ ഇന്ത്യയിൽ നിന്നുള്ള സേനാംഗങ്ങൾ മലക്കലിലെ മിഷൻ്റെ താവളത്തോട് ചേർന്നുള്ള യുഎൻ പ്രൊട്ടക്ഷൻ ഓഫ് സിവിലിയൻസ് സൈറ്റിൽ രണ്ട് ദിവസത്തെ മെഡിക്കൽ ഔട്ട്റീച്ച് സംഘടിപ്പിച്ചിരുന്നു. അവിടെ ഏകദേശം 315 പേർക്ക് സൗജന്യ ചികിത്സ ലഭിച്ചതായി യുഎൻഎംഐഎസ്‌എസ് അറിയിച്ചു. 1948 ൽ മിഡിൽ ഈസ്‌റ്റിൽ വെടിനിർത്തൽ നിരീക്ഷിക്കുന്നതിനായി ഐക്യരാഷ്‌ട്രസഭയുടെ സമാധാന സേന (യുഎൻടിഎസ്‌ഒ) സ്ഥാപിതമായതോടെയാണ് യുഎൻ സമാധാന സേന ആരംഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവിച്ചു.
50 ലധികം യുഎൻ ദൗത്യങ്ങളിലായി 2,90,000 ത്തിലധികം സമാധാന സേനാംഗങ്ങളുമായി ഇന്ത്യ ആഗോള സമാധാനത്തിനും സുരക്ഷക്കും പ്രധാന സംഭാവന നൽകിയിട്ടുണ്ട്. നിലവിൽ അന്തരാഷ്‌ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒൻപത് സജീവ ദൗത്യങ്ങളിലായി 5000 ത്തിലധികം ഇന്ത്യൻ സമാധാന സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഐക്യരാഷ്‌ട്രസഭയുടെ പതാകയിലെ ഇളം നീല നിറത്തിൽ നിന്നാണ് ബ്ലൂ ഹെൽമെറ്റുകൾ എന്നറിയപ്പെടുന്ന ഐക്യരാഷ്‌ട്രസഭയുടെ സമാധാന സേനാംഗങ്ങൾക്ക് ഈ പേര് ലഭിക്കുന്നത്. 1947 ൽ നീല സമാധാനത്തെ പ്രതീകപ്പെടുത്തുന്നതിനാലും ചുവപ്പ് പലപ്പോഴും യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണ് ഐക്യരാഷ്‌ട്രസഭ ഈ നിറം തീരുമാനിച്ചത്. പിന്നീട് ഈ നീല നിറം യുഎന്നിൻ്റെ പ്രതീകമായി മാറി.
















