2026 സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ സംയുക്ത ബാങ്കിങ് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്കിംഗ് ഇടപാടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ഡിജിറ്റല്‍, ഇതര ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (SLBC) അറിയിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനും എ.ടി.എമ്മുകളില്‍ പണലഭ്യത ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ എല്ലാ മെമ്പര്‍ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അടിയന്തരമായി ശാഖകളില്‍ നേരിട്ട് നടത്തേണ്ട ബാങ്കിംഗ് ഇടപാടുകള്‍ പണിമുടക്ക് കാലയളവിന് മുമ്പായി പൂര്‍ത്തിയാക്കണമെന്ന് സമിതി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
UPI, QR കോഡ് അധിഷ്ഠിത പേയ്‌മെന്റുകള്‍, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ.ടി.എമ്മുകള്‍, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ (CDM), ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പോയിന്റ് ഓഫ് സെയില്‍ (POS) ടെര്‍മിനലുകള്‍, ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം (BBPS), ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ (BCs), കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ (CSPS) തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി, മെമ്പര്‍ ബാങ്കുകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ?ഗവണ്‍മെന്റ് അധികാരികള്‍, ലീഡ് ബാങ്ക് ഓഫീസുകള്‍ എന്നിവയുടെ ഏകോപനത്തോടെ ബാങ്കിംഗ് സേവനങ്ങളിലെ തടസ്സങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും അവശ്യ ബാങ്കിംഗ് സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനുമായി തയ്യാറെടുപ്പുകള്‍ നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ബാങ്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍, SMS അറിയിപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയിലൂടെ ലഭ്യമാക്കുമെന്നും SLBC അറിയിച്ചു.















