മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞ വകുപ്പു മന്ത്രിയും സര്‍ക്കാരും ഇപ്പോള്‍ ചെയ്യുന്നത്, കുറവുകള്‍ വെളിപ്പെടുത്തിയ ഡോക്ടറെ ഇല്ലാതാക്കാനെന്ന സംശയം ബലപ്പെടുന്നു. ഓപ്പറേഷന്‍ സാധനങ്ങള്‍ ഇല്ലെന്നു പറയുകയും, വൈകാരികമായി വെളിപ്പെടുത്തല്‍ നടത്തി ആരോഗ്യ മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ പുറത്തെത്തിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീടുണ്ടായ സംഭവങ്ങളെല്ലാം ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന്റെ വെലിപ്പെടുത്തലിനെ ന്യായീകരിക്കുന്നതായിരുന്നു.
ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രിയും അതിലൂടെ സര്‍ക്കാരും പ്രതിരോധത്തിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രശ്‌നം മാത്രമായി അതിനെ ചുരുക്കാതെ മാധ്യമങ്ങള്‍ എല്ലാ ആസുപത്രികളുടെയും കുറവുകള്‍ വെളിയില്‍ കൊണ്ടുവന്നു. ഹാരിസ് സത്യസന്ധനായ ഡോക്ടറാണെന്ന് മന്ത്രിയും സര്‍ക്കാരും പറഞ്ഞപ്പോഴും അതിനുള്ളില്‍ ഹാരിസിനുള്ള കെണിയുണ്ടായിരുന്നുവെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍, ദിവസങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി തന്നെ ഹാരിസ് കേരളത്തിന്റെ ആരോഗ്യ മേഖലയെ താഴ്ത്തി കാണിക്കാനുള്ള ശ്രമം നടത്തുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയെന്ന രീതിയില്‍ പ്രതികരിച്ചു. എന്നാല്‍, ഹാരിസ് നല്ല ഉദ്ദേശത്തോടെയും സത്യസന്ധനമായ ഡോക്ടറുമാണെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു.
ഓപ്പറേഷന്‍ ഉപകരണങ്ങള്‍ കാണാതായെന്ന് മന്ത്രിയും, പിന്നീടത് ഡോക്ടര്‍ ഹാരിസിന്റെ മുറിയില്‍ നിന്നും കണ്ടെത്തുകയും ചെയ്തുവെന്നുമുള്ള മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ വാര്‍ത്താ സമ്മേളനവും ദുരൂഹതകള്‍ ഏറ്റി. സിസ്റ്റത്തിന്റെ തകരാര്‍ കണ്ടുപിടിച്ച ഹാരിസിനെതിരേയുള്ള നീക്കത്തിന്റെ സൂചനകള്‍ നല്‍കുന്ന ഒന്നാണിതെന്ന് തെളിഞ്ഞതോടെ ആരോഗ്യ വകുപ്പ് വീണ്ടും പ്രതിരോധത്തിലായി. ഇതോടെ ഹാരിസിന് നോട്ടീസ് നല്‍. പറഞ്ഞത് സത്യമാണെങ്കിലും പുറത്തു പറഞ്ഞത്, സര്‍ക്കാര്‍ വിരുദ്ധ നീക്കമായേ കാണാനാകൂ എന്നാണ് വിലയിരുത്തല്‍. അതിനാണ് നോട്ടീസ്. ഇതിനു പിന്നാലെയാണ് ഹാരിസ് മാനസികമായി തകര്‍ന്നത്. തന്റെ പരാതികളും, പരിഭവങ്ങളും ഹാരിസ് എഴുതി തയ്യാറാക്കി തെളിവുകളോടെ വകുപ്പിനു നല്‍കിയിരുന്നു.
എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ വന്നതോടെയാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങള്‍ക്കു മുമ്പിലും വെളിപ്പെടുത്തേണ്ടി വന്നത്. തെറ്റു കണ്ടു പിടിച്ചവനെ കൊണ്ടു തന്നെ തെറ്റൊന്നുമില്ല എന്നു പറയിക്കുകയാണ് സര്‍ക്കാര്‍ നീക്കം. അതിനുള്ള സമ്മര്‍ദ്ദമാണ് ഹാരിസ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഒരുപക്ഷെ, ഡോക്ടര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായേക്കാവുന്നത്രയും സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. ആരോഗ്യ വകുപ്പിലെ സിസ്റ്റം തകരാറിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തനിക്കെതിരെ നീക്കം ശക്തമാക്കിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇപ്പോള്‍ ഡോ. ഹാരിസ്. അദ്ദേഹം രാജിവെക്കുന്ന അവസ്ഥയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയേക്കും. ഇന്ന് വീണ്ടും മാധ്യമങ്ങളിലൂടെ പ്രതികരണവുമായി ഡോ. ഹാരിസ് രംഗത്തുവന്നത് ഈ സഹാചര്യത്തിലാണ്. കുഴപ്പമില്ല എന്നു പറഞ്ഞു പോയവരാണ് പിന്നീട് നിലപാട് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് പിന്നില്‍ നിന്നും കുത്തിയതു പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയില്ല. തന്നെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ അവിടെ ഉണ്ടായിരുന്നിട്ടും തന്നോട് നേരിട്ടു ചോദിക്കാമയായിരുന്നിട്ടും അത് ചോദിക്കാതെ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തി. ഇത് തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ കുടുക്കാന്‍ ശ്രമിച്ച ചില സഹപ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ് രംഗത്തുവന്നിരുന്നു. മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ എന്നുമാണ് കെജിഎംസിറ്റിഎ ഗ്രൂപ്പില്‍ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ അയക്കാന്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു.
സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാര്‍ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ഡോ. ഹാരിസ് സന്ദേശത്തില്‍ ആരോപിക്കുന്നു. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിരുന്നു. കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്ന നിലപാട് സ്വീകരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഏറ്റവും വേണ്ടപ്പെട്ടയാളാണെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘സംസ്ഥാന സര്‍ക്കാര്‍ എന്നും കൂടെ നിന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ഏറ്റവും വേണ്ടപ്പെട്ടയാളാണ്.
ഉപകരണം കാണാനില്ലെന്ന പരാതി ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ആ വിഷയത്തിലെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്, അതിന്റെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ബില്ലുകളും ഉപകരണവും തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അങ്ങനെയൊക്കെ സംഭവിക്കാം.’ ഡോ. ഹാരിസ് പറഞ്ഞു. ഉന്നയിച്ചിരുന്ന പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ എത്തിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. ഇപ്പോള്‍, എത്തേണ്ടയിടങ്ങളിലേക്ക് പരാതി എത്തിയപ്പോള്‍ അവര്‍ ഓരോ പ്രശ്‌നങ്ങളായി പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ ഓഫീസ് റൂമില്‍ ആര്‍ക്കുവേണമെങ്കിലും കയറാമെന്നും അതില്‍ അസ്വാഭാവികതയില്ല. അതേസമയം ഹാരിസ് ചിറയ്ക്കലിനെ കുടുക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞതോടെ സര്‍ക്കാര്‍ കര്‍ശന നടപടികളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.
കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ വേണ്ടെന്നു വെച്ചേക്കും. ഡോക്ടര്‍ക്കെതിരേ നടപടികളുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാജോര്‍ജ് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയ്ക്കും ഉറപ്പുനല്‍കിയിരുന്നു. ആരോഗ്യമന്ത്രി, ഡോ. ഹാരിസിനെക്കണ്ട് ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. യൂറോളജി വിഭാഗത്തില്‍ നിന്ന് നഷ്ടമായെന്ന് വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയ മോസിലോസ്‌കോപ് അവിടെത്തന്നെയുണ്ടെന്ന അന്വേഷണറിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി. മറ്റു ശുപാര്‍ശകളൊന്നുമില്ലാതെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് വിവരം.
എങ്കിലും ഒരു ഡോക്ടര്‍ തന്റെ പരാതിയോ, മെഡിക്കല്‍ കോളജിലെ ഇല്ലായ്മയോ വെളിപ്പെടുത്തിയാല്‍ അദ്ദേഹത്തിന് മാനസികമായ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കാന്‍ തീരുമാനിച്ചവര്‍ ആരായാലും അവര്‍ ജനങ്ങളുടെ പൊതു ശത്രുതന്നെയായിരിക്കും.
CONTENT HIGH LIGHTS;Will the system kill him?: Unable to bear the intense pressure, Dr. Harris cries; He tried to bring him to death and may time forgive him. Dr. Harris’ message?
















