പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം സംശയനിഴലിലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. വരും ദിനങ്ങളിൽ പൊതുജനങ്ങൾക്ക് അത് ബോധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർഥ ജനപിന്തുണയുള്ള സർക്കാരല്ല രാജ്യം ഭരിക്കുന്നത്. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ ശുദ്ധമായ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി സമ്പൂർണ ജില്ലാ നേതൃസമ്മേളനം ഡിസിസി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സി വേണുഗോപാൽ.
സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജി. ബൈജു അധ്യക്ഷനായി. ജോൺസൺ എബ്രഹാം, എ.എ. ഷുക്കൂർ, സി.കെ. ഷാജിമോഹൻ, അനിൽ ബോസ്, പി.ജെ. ജോയി, പി.പി. തോമസ്, എ.കെ. രാജൻ, ബാബു ജോർജ്, പി.ഡി. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
അതേസമയം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അമേരിക്കയുടെ പകരച്ചുങ്കത്തിനെതിരേ യുഡിടിഎഫ് നടത്തുന്ന കൂട്ടായ്മയ്ക്ക് ഐഎൻടിയുസി നേതൃത്വം നൽകും. കൂടാതെ 20-ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളി മാർച്ചിൽ ജില്ലയിൽ നിന്ന് 2,000 തൊഴിലാളികളെ പങ്കെടുപ്പിക്കും.
















