വലിയൊരു പ്രസന്ധിയില്‍ നില്‍ക്കുകയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെല്ലാം. മെസ്സി വരുമോ അതോ വരില്ലയോ എന്നതാണ് പ്രതിസന്ധി. ഫുട്‌ബോളെന്നാല്‍, ഒരു മതമാണ്. അതിന്റെ ദൈവമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. മിശിഹ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്. ഇങ്ങനെയൊരു ഫുട്‌ബോളര്‍ ഇതിനു മുമ്പോ, ഇനിയോ ഉണ്ടാകുമെന്നു പറയാനാകില്ല. ബുദ്ധിയും കളിയും കൂട്ടിച്ചേര്‍ത്ത്, കാല്‍പ്പന്തു കളിക്കുന്ന കളിക്കാരന്‍. എതിരാളിയെ കബളിപ്പിക്കാന്‍ സെക്കന്റുകള്‍ കൊണ്ട് സാധിക്കുന്ന കളിക്കാരന്‍. അദ്ദേഹത്തിന്റെ കാലില്‍ പന്തു കിട്ടിയാല്‍ അദ്ദേഹത്തോടൊപ്പം എതിര്‍ പോസ്റ്റിലേക്ക് പായുന്നത് കോടിക്കണക്കിന് ആരാധകര്‍ കൂടിയാണ്.
ലോകത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഓരങ്ങളില്‍ എത്തിച്ച ശേഷം കോര്‍ണര്‍ കിക്കെടുക്കുന്ന സാക്ഷാല്‍ മെസ്സിയാണ് കേരളത്തിന്റെ തലവേദനയായി മാറിയിരിക്കുന്നതെന്നാണ് മന്ത്രിയും സ്‌പോണ്‍സറും പറയുന്നത്. കഴിഞ്ഞ വര്‍ഷം മുതലേ സ്‌പോര്‍ട്‌സ് മന്ത്രി വി. അബ്ദുറഹിമാന്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞുതുടങ്ങിയതാണ് മെസ്സി വരും മെസ്സിയെ കൊണ്ടു വരുമെന്ന്. എന്നാല്‍, അതേ മന്ത്രിതന്നെ, ഇപ്പോള്‍ പറയുകയാണ് മെസ്സി വരില്ല എന്ന്. കരാര്‍ ലംഘിച്ചെന്ന്. മന്ത്രി പറയുന്നതിനെ വെള്ള്‌തൊടാതെ വിഴുങ്ങാനൊന്നും കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മനസ്സില്ല. കാരണം, മെസ്സിയെ കൊണ്ടു വരാനെന്നും പറഞ്ഞ്, മന്ത്രിയും സംഘവും നടത്തിയ വിദേശ യാത്രകളും, ചെലവഴിച്ച ലക്ഷങ്ങളും നികുതിപ്പണമാണ്.
മെസ്സി വരുമോ എന്നറിയാന്‍ വേണ്ടി ലക്ഷങ്ങള്‍ മുടക്കി വിദേശ യാത്ര ചെയ്യേണ്ട ആവശ്യമില്ല. മാത്രമല്ല, മന്ത്രിക്കു മാത്രമായി മെസ്സിയുടെ ഓട്ടോഗ്രാഫ് കിട്ടിയ ജഴ്‌സിയും നേടാന്‍ ഖജനാവിലെ പണം ഉപയോഗിക്കേണ്ടതില്ല. ഇതിനെ ചോദ്യം ചെയ്യുന്നതില്‍ തെറ്റെന്താണ്. അപ്പോള്‍ മന്ത്രി ഇതുവരെ പറഞ്ഞിരുന്ന മെസ്സി വരും മെസ്സി വരും ഐന്ന വാക്യം വിഴുങ്ങുമ്പോള്‍, എന്തിനാണ് മെസ്സി വരും എന്ന പച്ചക്കള്ളം ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതെന്നു വ്യക്തമാക്കണം. മന്ത്രി പറഞ്ഞ, മെസ്സി വരും എന്നത് സത്യം തന്നെയാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, കേരളത്തിലല്ല വരുന്നത്. ഇന്ത്യയില്‍ വരും. കേരളം മെസ്സിക്ക് അറിയില്ല. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സന്ദര്‍ശനത്തിനായി എത്തുന്ന സോക്കര്‍ ഇതിഹാസം ലയണല്‍ മെസ്സി ആദ്യമിറങ്ങുക കൊല്‍ക്കത്തയില്‍.
മുംബൈയില്‍ പരിപാടിക്കായി വാംഖഡെ സ്റ്റേഡിയം ബുക്ക് ചെയ്തുകഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 12ന് രാത്രി 10 മണിയോടെയാണ് കൊല്‍ക്കത്തയില്‍ താരം ഇറങ്ങുക. ഇവിടെ രണ്ടു നാള്‍ തങ്ങിയ ശേഷമാകും മറ്റിടങ്ങളിലെ പരിപാടികള്‍. കൊല്‍ക്കത്തയില്‍ രാവിലെ ഒമ്പതിന് ആദ്യം ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടി. അതുകഴിഞ്ഞ് വി.ഐ.പി റോഡില്‍ തന്റെ തന്നെ 70 അടി പ്രതിമ അനാച്ഛാദനം. ലോകത്തെവിടെയുമായി ഉയര്‍ത്തുന്ന താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിമയാകും ഇതെന്ന് സംഘാടകര്‍ പറയുന്നു. അതുകഴിഞ്ഞ് ഉച്ചയോടെ ‘ഗോട്ട് കണ്‍സേര്‍ട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവക്കായി ഈഡന്‍ ഗാര്‍ഡന്‍സില്‍. ഉച്ച 12നും 1.30നുമായിട്ടാകും പരിപാടികള്‍. ഇവിടെ സെവന്‍സ് ഫുട്ബാളില്‍ താരം പന്തുതട്ടും. സൗരവ് ഗാംഗുലി, ലിയാണ്ടര്‍ പെയസ്, ജോണ്‍
അബ്രഹാം, ബൈച്ചുങ് ബൂട്ടിയ എന്നിവരടങ്ങിയ താരനിര സഹതാരങ്ങളായിറങ്ങും. എല്ലാ പരിപാടികളിലും 3,500 രൂപയില്‍ കുറയാത്ത നിരക്കുള്ള ടിക്കറ്റ് വെച്ചാകും പ്രവേശനം. 68,000 ആണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ പരമാവധി ഗാലറി സീറ്റുകള്‍. ഇവിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആദരിക്കല്‍ ചടങ്ങില്‍ എത്തും. ഡിസംബര്‍ 13ന് അഹ്മദാബാദിലെത്തുന്ന മെസ്സി അവിടെ അദാനി ഫൗണ്ടേഷന്‍ ആസ്ഥാനമായ ശാന്തിഗ്രാമില്‍ ഒരുക്കുന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കും. ഡിസംബര്‍ 14ന് മുംബൈയില്‍ പരിപാടികള്‍. വാംഖഡെ മൈതാനത്ത് ‘ഗോട്ട് കണ്‍സേര്‍ട്ട്’, ‘ഗോട്ട് കപ്പ്’ നടക്കും. 5.30നാണ് പരിപാടി. ഡിസംബര്‍ 15ന്
ഡല്‍ഹിയിലെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണും. അവിടെ ഉച്ച 2.15ന് ഫിറോസ് ഷാ കോട്‌ലയിലാകും ‘ഗോട്ട് കണ്‍സേര്‍ട്ട്’, ‘ഗോട്ട് കപ്പ്’. മെസ്സിയെത്തുമ്പോള്‍ കൂടെ വന്‍താരനിരയുമുണ്ടാകും. അതേ സമയം, താരം കേരളത്തിലെത്താന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. നവംബറില്‍ മെസ്സിയെത്തുമെന്ന് നേരത്തെ മന്ത്രി വി. അബ്ദു റഹ്മാന്‍ പറഞ്ഞിരുന്നു.
CONTENT HIGH LIGHTS; Messi will come to India, not Kerala?: Those who lied about it are now praising Messi?; Those who boasted and boasted have been drowned; Will the admiration for Messi among Maya football fans decrease or increase?
















