നാളെ രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. എല്ലാക്കൊല്ലത്തെയും പോലെ ഡെല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആസ്ഥാന മന്ദിരങ്ങളും മൈതാനങ്ങളിലും പരേഡും സ്വാതന്ത്ര്യദിന പ്രതിജ്ഞയും നടക്കും. ജനങ്ങളുടെ കൈകളിലെല്ലാം ഇന്ത്യന്‍ പതാകയുണ്ടാകും. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം പതാക ഉയര്‍ത്തിക്കെട്ടും. സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. അങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെ ജനത ആഘോഷമാക്കും. എന്നാല്‍, ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നല്‍കിയ സമയത്തെ ആഘോഷങ്ങളും പതാക ഉയര്‍ത്തലുമെല്ലാം സ്വതന്ത്ര ഇന്ത്യയിലെ വലിയ പോരാട്ടങ്ങളായാണ് കാണേണ്ടത്. രാജ ഭരണകാലത്തെ രാജ്യ സ്വാതന്ത്രയത്തിന് അത്ര വലിയ പ്രാധാന്യമൊന്നും രാജാക്കന്‍മാര്‍ നല്‍കിയിരുന്നില്ല.
അക്കാലത്തെ കോളജ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി രാജ്യത്തിനൊപ്പം ചേര്‍ന്നപ്പോള്‍ എറണാകുളം മഹാരാജാസ് കോളജില്‍ പതാക ഉയര്‍ത്താന്‍ രക്ത രൂക്ഷിത പോരാട്ടം തന്നെയാണ് നടന്നത്. അതും രാജ കിങ്കരന്‍മാരും വിദ്യാര്‍ത്ഥികളും തമ്മില്‍. എന്നാല്‍, എതിര്‍പ്പുകളെയും മര്‍ദ്ദനങ്ങളെയും വകവെയ്ക്കാതെ വീറോടെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി ഒരു പെണ്‍പുലിയുണ്ടായിരുന്നു. അമ്പാട്ട് സുലോചന. അഴരുടെ ധീരമായ പതാക ഉയര്‍ത്തലിന്റെയും രക്ത രൂക്ഷിത പോരാട്ടങ്ങളുടെയും മഹാരാജാസ് ചരിത്രം മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ഐ സി സി ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വൈറലായിരിക്കുകയാണ്. കാലം മറക്കാത്ത ഒരു ദേശീയ പതാക ഉയര്‍ത്തലിന്റെ ഓര്‍മ്മപ്പെടുത്തല്‍ എന്ന തലക്കെട്ടിലാണ് ആ പോസ്റ്റ്.
കാലം മറക്കാത്ത ഒരു ദേശീയ പതാക ഉയര്‍ത്തലിന്റെ ഓര്‍മ്മപ്പെടുത്തല്‍
1947 ഓഗസ്റ്റ് 14 രാത്രി 11 മണി മഹാരാജാസ് കോളേജ് അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ ദിന പുലരിയെ സ്വാഗതം ചെയ്യാന്‍ മെയിന്‍ ഹാളില്‍ നൃത്തവും പാട്ടുമായി കൂട്ടം കൂടിയിരിക്കുന്നു. അല്പ നേരം കൂടി കഴിഞ്ഞാല്‍ മഹാരാജാസിന്റെ കൊടിമരത്തില്‍ ദേശീയ പതാക ഉയരും, ഉയര്‍ത്തണം. കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും, വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെയും നേതാക്കളായ അമ്പാടി വിശ്വം, വൈലോപ്പിള്ളി രാമന്‍ കുട്ടി മേനോന്‍, തമ്മനത്ത് അരവിന്ദാക്ഷമേനോന്‍, എന്‍.എ. കരീം, ചന്ദ്രഹാസന്‍, കെ. കെ സത്യവ്രതന്‍ ടി.സി.എന്‍. മേനോന്‍ തുടങ്ങിയവര്‍ പതാകയുമായി കൊടിമര ചുവട്ടിലേയ്ക്ക് നടന്നു. കൊടിമരത്തില്‍ കൊച്ചി രാജാവിന്റെ പതാക പാറികളിക്കുന്നുണ്ട്.
തമ്മനത്ത് അരവിന്ദാക്ഷ മേനോന്‍ കൊടിമര ചരട് താഴ്ത്തി രാജപതാക താഴ്ത്താന്‍ തുടങ്ങി. പൊടുന്നനെ കുറച്ചു പേര് ഓടി എത്തി തടഞ്ഞു. ഈ കൊടിമരത്തില്‍ ദേശീയ പതാകയും, രാജാവിന്റെ പാതകയും ഒന്നിച്ചു പറക്കണം. അതാണ് രാജശാസനം. തര്‍ക്കമായി. ദേശീയ പതാക ഉയര്‍ത്താന്‍ മറ്റൊരു കൊടിമരം ശരിയാക്കി. പക്ഷെ അപ്പോഴേയ്ക്കും ആരോ രാജ പതാക ചെരട് മുറിച്ചു വലിച്ചു താഴ്ത്തി. പിന്നെ അടിയോട് അടി രാജാവിന്റെ ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ തല്ലി ഒതുക്കി. ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് തമ്മനത്ത് അരവിന്ദന്‍ തല പൊട്ടി താഴെ വീണു. പത്തോളം നേതാക്കള്‍ക്ക് സാരമായ പരുക്ക് പറ്റി ആശുപത്രിയില്‍ ആയി. ചോര ക്യാമ്പസ്സില്‍ തളം കെട്ടി. ആഘോഷം അവസാനിച്ചു. എങ്ങും നിലവിളി. പരുക്ക് കാര്യമായി പറ്റാത്തവര്‍ മന്ത്രി പനമ്പിള്ളിയുടെ പുല്ലേപ്പടിയിലെ വീട്ടിലേയ്ക്ക് ജാഥ നടത്തി.
പനമ്പിള്ളി വിദ്യാര്‍ത്ഥികളെ കാണാന്‍ കൂട്ടാക്കിയില്ല. പിറ്റേന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വീണ്ടും എത്തി. നേതാക്കള്‍ ആശുപത്രിയില്‍ ആണ്. ഭാരത് മാതാ കീ ജയ്, മഹാത്മാ ഗാന്ധി കീ ജയ്, മുദ്രവാക്യം വിളി മുഴങ്ങി. ഒരു പതിനേഴുകാരിയുടെ കണ്ഠത്തില്‍ നിന്നാണ് ആ മുദ്രാവാക്യം ഉയര്‍ന്നത്. അമ്പാട്ട് സുലോചനയുടെ കണ്ഠത്തില്‍ നിന്ന്. കൊച്ചിയിലെ പോലീസ് സൂപ്രണ്ട് എ.ആര്‍. മന്നാടിയാര്‍ നായരുടെ മകളാണ് ആ കുട്ടി. വിദ്യാര്‍ത്ഥികള്‍ ഒരു ജാഥയായി കൊടിമര ചുവട്ടില്‍ എത്തി. സുലോചന ദേശീയ പതാക ചരടില്‍ കെട്ടി ഉയര്‍ത്തി. മഹാരാജാസിന്റെ ആകാശങ്ങളില്‍ മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കമായി. ഒരു പക്ഷെ ഇന്ത്യയില്‍ ആദ്യമായി 75 വര്‍ഷം മുന്‍പ് ദേശീയ പതാക ഉയര്‍ത്തിയ ആദ്യ വനിത അമ്പാട്ട് സുലോചന ആണെങ്കില്‍ അത് ഒരു ചരിത്ര നിയോഗം തന്നെ. തുടര്‍ന്ന് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ 12 കി ലോ മീറ്റര്‍ അകലെ തൃപ്പൂ ണിത്തുറയിലെ രാജകൊട്ടാരത്തിലേയ്ക്ക് മാര്‍ച്ച് നടത്തി.രാജാവ് അവരുടെ നിവേദനത്തിന് വില കൊടുത്തില്ല. അവര്‍ മടങ്ങി.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ നേതാക്കളെ കാത്തിരുന്നത് പ്രിന്‍സിപ്പാള്‍ നാരായണ അയ്യരുടെ ഉത്തരവാണ്. 17 പേരെ മഹാരാജാസില്‍ നിന്ന് പുറത്താക്കിയ ഉത്തരവ്. പിന്നെ സമരങ്ങളുടെ ഒരു പരമ്പര ആണ് കൊച്ചി രാജ്യം കണ്ടത്. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം മഹാരാജാസ് 1997 ല്‍ ആഘോഷിച്ചപ്പോള്‍ അന്നുള്ള മറ്റ് നേതാക്കള്‍ക്ക് ഒപ്പം സുലോചനയും മഹാരാജാസില്‍ എത്തി. സുലോചനയുടെ മക്കള്‍ രണ്ട് പേരും നമുക്ക് സുപരിചിതര്‍ ആണ്. ചലച്ചിത്ര താരം വിധുബാലയും, ഛായാഗ്രാഹകന്‍ മധു അമ്പാട്ടും. പ്രശസ്ത മെജിഷ്യന്‍ ഭാഗ്യനാഥ് ആണ് സുലോചനയുടെ ഭര്‍ത്താവ്. മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ സുലോചനയുടെ സ്മരണയ്ക്ക് മുന്നില്‍ കരങ്ങള്‍ കൂപ്പുന്നു. ഫോട്ടോയില്‍ അമ്പാട്ട് സുലോചന. പ്രൊഫസര്‍ ഭാഗ്യനാഥന്‍, മക്കളായ മധു അമ്പാട്ട്, വിധുബാല.
CONTENT HIGH LIGHTS;’ Sulochana, raising the national flag tied to a string: A reminder of a national flag raising that time will never forget; The story of the girl who lowered the royal flag at Maharaja’s College and raised the national flag
















