ഇന്ന് രാജ്യം 78-ാമത് സ്വതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ തീരുമാനിച്ചതും അതേ തുടര്‍ന്നുള്ള ഉമ്പടികളില്‍ ഒപ്പുവെച്ചതും പ്രഖ്യാപനം ഉണ്ടായതും. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ദ്ധരാത്രി തന്നെ സ്വാതന്ത്ര്യ പോരാളികളായ ഇന്ത്യാക്കാര്‍ ദേശീയ പതാക ഉയര്‍ത്തി. മുദ്രാവാക്യം വിളിച്ചു. പ്രകടനങ്ങള്‍ നടത്തി. ഒരു രാത്രി മുഴുവന്‍ നീളുന്ന ആഹ്ലാദങ്ങളില്‍ രാജ്യം മുങ്ങി. അപ്പോഴും ജനങ്ങളില്‍ ഉണ്ടായ സംശയത്തിന് ദൂരീകരണം ഉണ്ടായില്ലെന്നതാണ് വസ്തുത. എന്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ അര്‍ദ്ധരാത്രി തെരഞ്ഞെടുത്തത് എന്ന്.
ഇന്ത്യാക്കാര്‍ ആവശ്യപ്പെട്ടതാണോ, അതോ ബ്രീട്ടീഷുകാര്‍ അടുച്ചേല്‍പ്പിച്ചതാണോ, അതോ അന്ധവിശ്വാസത്തിന്റെ മറവില്‍ നല്‍കിയതാണോ എന്നൊന്നും വ്യക്തതയില്ല. എന്നാല്‍, അര്‍ദ്ധരാത്രി സ്വാതന്ത്ര്യം തന്നതിലും, വാങ്ങിയതിലും എന്തെങ്കിലും സത്യം ഉണ്ടാകാതിരിക്കില്ല എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്തായിരിക്കും ഇതിലെ ദുരൂഹത. അതാണ് അറിയേണ്ടത്. എന്തുകൊണ്ടാണ് പകല്‍ സമയത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താതിരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അത് കേവലം ചരിത്രപരമായ ഒരു തീരുമാനം മാത്രമായിരുന്നില്ല. ബ്രിട്ടീഷ് താത്പര്യങ്ങളും ഇന്ത്യന്‍ നേതാക്കളുടെ ആഗ്രഹവും ജ്യോതിഷപരമായ വിശ്വാസവും എല്ലാം ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിന്റെ
രണ്ടാം വാര്‍ഷിക ദിനം എന്ന നിലയിലായിരുന്നു അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റണ്‍ ഓഗസ്റ്റ് 15 എന്ന തീയതി തെരഞ്ഞെടുത്തത്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അതൊരു വിജയദിവസമായിരുന്നു. മൗണ്ട് ബാറ്റണ്‍ ഏകപക്ഷീയമായി തീരുമാനിച്ചതാണ് ഈ ദിവസം. ഓഗസ്റ്റ് 15 ഒരു ശുഭകരമായ ദിവസമല്ലെന്ന് ഭാരതത്തിലെ ജ്യോതിഷികള്‍ ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. ചതുര്‍ദശിയും അശുഭകരമായ അമാവാസി ദിവസവും ഒത്തുചേരുന്ന ഒന്നായിരുന്നു അന്ന് ഓഗസ്റ്റ് 15 എന്ന ദിവസം. അന്ന് അധികാരം കൈമാറിയാല്‍ ഇന്ത്യക്ക് ദുരിതങ്ങള്‍ ഉണ്ടാവുമെന്ന് അന്നേ അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൗണ്ട് ബാറ്റന്‍ തന്നെ തീരുമാനം മാറ്റിയില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ നേതാക്കളും ജ്യോതിഷികളും ചേര്‍ന്ന് ഒരു തീരുമാനം
എടുത്തു. രാത്രി 12 മണിക്ക് മുമ്പ് അതായത് ഓഗസ്റ്റ് 14ന് രാത്രി 11.59ന് അധികാരം കൈമാറുന്ന ചടങ്ങ് ആരംഭിക്കാനും പതിനഞ്ചാം തീയതിയിലേക്ക് കടക്കുമ്പോള്‍ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ ധാരണയായി. ഹിന്ദു കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തോടെയാണ് ദിവസം ആരംഭിക്കുന്നത്. എന്നാല്‍ ഓഗസ്റ്റ് 15ന്റെ ഫലം വരികയും ഇല്ല. ഇതാണ് സംഭവിച്ചതെന്ന് വിശ്വസിക്കാനേ വഴിയുള്ളൂ. അര്‍ദ്ധരാത്രി ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയുടെ ഒരു പുതിയ തുടക്കത്തിലാണ് അടയാളപ്പെടുത്തിയത്. വിധിയുമായുള്ള കൂടിക്കാഴ്ച എന്നാണ് ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ അന്നത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ചരിത്രപ്രധാനമായ ആ പ്രസംഗം അറിയപ്പെട്ടത്. ഇന്ത്യന്‍ സ്വാതന്ത്രസമരം അതിന്റെ പാരമ്യത്തില്‍ എത്തിയ ഒരു നിമിഷം എന്നതിലുപരി ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിച്ച് കൊണ്ട് പുലര്‍ച്ചെ 12 മണിക്ക് നടന്ന അധികാര കൈമാറ്റം ഈ രാജ്യത്തെ കൂടുതല്‍ അവിസ്മരണീയമാക്കുന്നു.
ഇന്ത്യന്‍ പതാക രൂപപ്പെട്ടത്
ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം തെളിയുന്ന ചിത്രം ദേശീയ പതാകയുടേതാകും. കുങ്കുമം, വെള്ള, പച്ച നിറങ്ങളിലുള്ള ത്രിവര്‍ണ പതാകയുടേത്. എന്നാല്‍ നമ്മുടെ ദേശീയ പതാകയില്‍ ആദ്യം മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളും ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ എങ്കില്‍ എന്ന് മുതലായിരിക്കും ത്രിവര്‍ണ പതാക ഉപയോഗിച്ച് തുടങ്ങിയത്?. മൂന്ന് തിരശ്ചീനമായ വരകളില്‍ മുകളില്‍ നിന്ന് താഴേക്ക് പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ ആലേഖനം ചെയ്ത പതാകയായിരുന്നു ആദ്യത്തെ ഇന്ത്യന്‍ പതാക. ഈ ദേശീയ പതാക 1906 ഓഗസ്റ്റ് 7ന് കൊല്‍ക്കത്തയിലെ പാര്‍സി ബഗന്‍ സ്‌ക്വയറില്‍ (ഗ്രീന്‍ പാര്‍ക്ക്) ഉയര്‍ത്തുകയായിരുന്നു. അതിലെ പച്ച വരയില്‍ 8 താമരകളും, ചുവന്ന വരയില്‍ ചന്ദ്രക്കലയും സൂര്യനും ഉണ്ടായിരുന്നു.
എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം, 1907 ല്‍ മാഡം കാമയും സംഘവും രണ്ടാമത്തെ പതാക ഉയര്‍ത്തി. ആദ്യത്തെ പതാകയില്‍ നിന്ന് ചില മാറ്റങ്ങള്‍ ഇവയ്ക്കുണ്ടായിരുന്നു. കളിലുള്ള വരയുടെ നിറം കുങ്കുമത്തിലേക്ക് മാറ്റുകയും, മധ്യഭാഗം മഞ്ഞയായി തുടരുകയും ചെയ്തു. ഏറ്റവും താഴെയുള്ള വര പച്ചയായി മാറി. ചന്ദ്രക്കലയുടെയും സൂര്യന്റെയും സ്ഥാനം മാറിയപ്പോള്‍ മുകളിലെ വരയിലെ താമരകളെ മാറ്റി പകരം നക്ഷത്രങ്ങളെ ആലേഖനം ചെയ്തു. തുടര്‍ന്ന് 1917 ലെ ഹോം റൂള്‍ പ്രസ്ഥാനത്തില്‍ ഡോ. ആനി ബസന്റും ലോകമാന്യ ബാലഗംഗാധര തിലകും ഒരുമിച്ചു ചേര്‍ന്ന് മൂന്നാമത്തെ പതാക ഉയര്‍ത്തി. ഇതില്‍ അഞ്ച് ചുവപ്പും നാല് പച്ച തിരശ്ചീന വരകളും മാറിമാറി ആലേഖനം ചെയ്തിരുന്നു.
ഇടത് വശത്ത്, മുകളിലെ മൂലയില്‍ യൂണിയന്‍ ജാക്കും പതാകയില്‍ ഏഴ് നക്ഷത്ര ചിഹ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പതാകയുടെ ഒരു മൂലയില്‍ വെളുത്ത ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 1921ല്‍ 1921-ല്‍ മഹാത്മാഗാന്ധിയാണ് കോണ്‍ഗ്രസിന് വേണ്ടി ഇന്ത്യന്‍ ദേശീയ പതാക എന്ന ആശയം മുന്നോട്ട് വെച്ചത്. ഇത് രൂപകല്‍പ്പന ചെയ്തത് പിംഗളി വെങ്കയ്യയാണ്. കുങ്കുമം, പച്ച എന്നീ രണ്ട് നിറങ്ങളുള്ള പതാകയായിരുന്നു അത്. എന്നാല്‍ വെളുത്ത നിറം കൂടി ചേര്‍ക്കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചു. കൂടാതെ രാഷ്ട്ര പുരോഗതിയുടെ പ്രതീകമായി ഒരു കറങ്ങുന്ന ചക്രം കൂടി ചേര്‍ക്കാന്‍ അദ്ദേഹം പറഞ്ഞു.
1931ല്‍ ത്രിവര്‍ണ്ണ പതാകയെ നമ്മുടെ ദേശീയ പതാകയായി സ്വീകരിക്കാനുള്ള പ്രമേയം പാസാക്കി. 1947 ജൂലൈ 22ന് സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവര്‍ണ പതാകയെ ഭരണഘടനാ അസംബ്ലി അംഗീകരിച്ചു. തുടര്‍ന്ന് രാഷ്ട്ര പുരോഗതിയെ സൂചിപ്പിക്കുന്ന കറങ്ങുന്ന ചക്രത്തിന് പകരം അശോക ചക്രവര്‍ത്തിയുടെ ധര്‍മ്മചക്രത്തെ പതാകയുടെ മധ്യത്തിലുള്ള ധര്‍മ്മത്തെ ആലേഖനം ചെയ്യുന്ന ചിഹ്നമാക്കി മാറ്റി. കുങ്കുമ നിറം നമ്മുടെ രാജ്യത്തിന്റെ ശക്തിയേയും ധൈര്യത്തേയും സൂചിപ്പിക്കുന്നു. വെളുത്ത നിറം സൂചിപ്പിക്കുന്നത് സത്യവും നീതിയും ധര്‍മ്മവും സമാധാനവും ആണ്. പച്ച നിറം ഭൂമിയുടെ വളര്‍ച്ചയും ഫലഭൂയിഷ്ടതയും ഐശ്വര്യവും സൂചിപ്പിക്കുന്നു.
CONTENT HIGH LIGHTS; Was there something wrong with the midnight declaration of independence?: What could have been the reason?; Were there any superstitions?; What was the color of the country’s flag?
















