ബില്ലുകള്‍ അങ്ങനെ എത്രയോ എണ്ണമാണ് പാര്‍ലമെന്റും നിയമസഭകളും പാസാക്കിയിരിക്കുന്നത്. ഇതെല്ലാം ജനങ്ങളെ സേവിക്കാന്‍ വേണ്ടിയുള്ളതാണെന്ന പൂര്‍ണ്ണ വിശ്വാസം ഇന്ന് ജനങ്ങള്‍ക്കില്ല. കാരണം, ഏതു നിയമം പാസാകുമ്പോഴും അതില്‍ ജനങ്ങളുടെ താല്‍പ്പര്യം ഉണ്ടോ എന്നതാണ് സംശയം. അതോ ഭരിക്കുന്ന, ബില്ല് അവതരിപ്പിക്കുന്ന സര്‍ക്കാരിന്റെ(രാഷ്ട്രീയത്തിന്റെ) താല്‍പ്പര്യമാണോ മുന്നിട്ടു നില്‍ക്കുന്നത് എന്നതാണ് ചോദ്യം. സത്യം അതാണ്. ഭരിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പ്പര്യത്തിനപ്പുറം ചില ബില്ലുകള്‍ക്ക് നിയമമാകാനുള്ള യോഗ്യതപോലുമുണ്ടാകില്ല. എന്നാലോ, ആ ബില്ല് അംഗ ബലംകൊണ്ട് നിയമമാകും.
ഇതാണ് സംഭവിച്ചുകൊണ്ടേ ഇരിക്കുന്നത്. നിമത്തിന്റെ പഴുതുകള്‍, നിയമങ്ങളെ നോക്കുകുത്തിയാക്കാനുള്ള അമെന്റ്‌മെന്റുകള്‍ അങ്ങനെ സര്‍വ്വവിധ കുറുക്കു വഴികളും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കറിയാം. അതെല്ലാം കൃത്യമായി പയറ്റിക്കൊണ്ടാണ് രാജ്യത്തെ നിയമങ്ങളെ നിയമത്തിന്റെ വഴിയേ വിടുന്നത്. ഇതാ പുതിയോരു ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കുകയാണ്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയുമുള്‍പ്പെടെ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ആരായാലും അവര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കസ്റ്റഡിയിലാവുകയോ ചെയ്താല്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലാണ് വരുന്നത്. അത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഈ ബില്ല് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മലയാളത്തില്‍ ഇറങ്ങിയ ‘വണ്‍’ എന്ന സിനിമയുടെ കഥാ തന്തുവാണ് ചര്‍ച്ചയാകുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയായ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന പേരില്‍ മമ്മൂട്ടി അഭിനയിച്ച സിനിമയില്‍ ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് പ്രധാന വിഷയം. ജനങ്ങള്‍ക്ക്, ജനപ്രതിനിധികള്‍ യോഗ്യരല്ലെന്നോ, അഴിമതിക്കാരാണെന്നോ ബോധ്യമായാല്‍ അവരെ തിരിച്ചു വിളിക്കാന്‍ കഴിയുന്ന ഒരു നിയമം കൊണ്ടുവരാനാണ് മമ്മൂട്ടിയുടെ കഥാപാത്രം ആവശ്യപ്പെടുന്നത്. അതിനായി ‘RIGHT TO RECALL’ എന്നൊരു ബില്ലും തയ്യാറാക്കുന്നുണ്ട്. പക്ഷെ, സിനിമയില്‍ മുഖ്യമന്ത്രിയായ മമ്മൂട്ടി ഈ ബില്ല് അവതരിപ്പിക്കുമ്പോള്‍ അത് പരാജയപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍, പിന്നീട് കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ആ ബില്ല് നിയമമാവുകയും, മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രിയാവുകയുമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഈ ബില്ലും വണ്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് പറയാതെവയ്യ. കാരണം, ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട് കാരാഗ്രഹത്തിലാകുന്നവര്‍ 30 ദിവസം കഴിയുമ്പോള്‍ അയോഗ്യരാവുകയാണ്. എന്നാല്‍, ജനാധിപത്യ വ്യവസ്ഥിതിയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നില്ല എന്നുമാത്രം. ജയില്‍ വാസം കഴിഞ്ഞാല്‍ അഴര്‍ക്ക് വീണ്ടും അദികാരത്തില്‍ തിരിച്ചു വരാനാകും എന്നതാണ് ഈ നിയമത്തിലെ പ്രത്യേകത. അത് രാഷ്ട്രീയ പകപോക്കലിനു മാത്രമായി കൊണ്ടു വരുന്ന ഒരു ബില്ല് മാത്രമാണെന്ന് പറയാന്‍ കാരണവും ഇതാണ്.
പാര്‍ലമെന്റ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കവേ പാര്‍ലമെന്റില്‍ ഭരണപക്ഷം കൊണ്ടുവരുന്ന ബില്ലിനെ സംശയത്തോടെയാണ് പ്രതിപക്ഷം നോക്കിക്കാണുന്നത്. അറസ്റ്റിലായശേഷം 30 ദിവസത്തിനകം രാജി സമര്‍പ്പിച്ചില്ലെങ്കിലും സ്വമേധയാ പദവി നഷ്ടമാകും. തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാല്‍ വീണ്ടും അധികാരത്തിലെത്താനാകുമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരായി കേന്ദ്രം ഉപയോഗപ്പെടുത്തുന്നത് പതിവായ സാഹചര്യത്തില്‍ ദുരുപയോഗ സാധ്യത ഏറെയുള്ള ബില്ലാണിതെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്ലിനെ അതിശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം വ്യക്തമക്കി.
ഇത് പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണ്. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. 130-ാം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം, ഫെഡറലിസത്തിന്റെ മുകളില്‍ അടുത്ത ആണിയാണെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും ഭരണഘടനാ ലംഘനമാണ് ഇവിടെ സംഭവിക്കുകയെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടക്കുന്നതെങ്കിലും മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേസമയം, ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബില്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവര്‍ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം. പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കാനെന്ന പേരിലാണ് വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കെ സര്‍ക്കാരിന്റെ ഈ നീക്കം. അതേസമയം, ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടുന്ന ബില്ലും ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചേക്കും.
CONTENT HIGH LIGHTS; The bill is reminiscent of Mammootty’s ‘RIGHT TO RECALL’ in the movie One: But can this only be seen as a political weapon; to trap opponents or to protect democracy?
















