ഇന്നലെ ബിഗ്ബോസിൽ മോഹൻലാൽ എത്തിയിരുന്നു. ആ ഒരാഴ്ചത്തെ പ്രശ്നങ്ങളും ടാസ്കുകളുമെല്ലാം ചർച്ച ചെയ്യുന്ന വീക്കൻഡ് ഏപ്പിസോഡിലാണ് താരത്തിന്റെ സർപ്രൈസ് എൻട്രി. ഇന്നലെ അൽപം ദേഷ്യത്തിലായിരുന്നു മോഹൻലാൽ. കാരണം ഇക്കഴിഞ്ഞ ആഴ്ചയിൽ വലിയ വഴക്കും സംഭവങ്ങളുമാണ് അവിടെ നടന്നത്. മാത്രമല്ല പലരും മോശം വാക്കുകളും ഉപയോഗിച്ചിരുന്നു.
അക്ബർ, ആര്യൻ, ഒണീൽ, അഭിലാഷ് എന്നിവരെയാണ് മോഹൻലാൽ വഴക്ക് പറഞ്ഞത്. ഷോ തുടങ്ങിയ ഉടനെ മത്സരാർത്ഥികളെ വീടിന് പുറത്തിറക്കി മോഹൻലാൽ വീടിനകത്ത് ഒരു ഇൻസ്പെക്ഷൻ നടത്തിയിരുന്നു. ഇതിന് പിന്നാലെ ആര്യനെ വൃത്തിയില്ലായ്മ എന്ന പേരിലാണ് മോഹൻലാൽ പൊക്കിയത്. ആര്യന്റെ ബെഡ് വളരെ മോശമായിട്ടാണ് കിടക്കുന്നത്, കിച്ചണിൽ ഉപയോഗിക്കുന്ന കത്തിയെടുത്ത് താടി മുറിച്ചു തുടങ്ങിയ കാര്യങ്ങളിൽ ആര്യനെ മോഹൻലാൽ വിമർശിച്ചു. അഭിലാഷിന് നേരെ ചെരുപ്പ് ഊരിയെറിഞ്ഞതിനും ആര്യനെ വഴക്ക് പറഞ്ഞു. ആര്യന്റെ ബാൻഡും മോഹൻലാൽ എടുത്ത് കൊണ്ടുപോയി. ഇനി ആര്യന് അത് തിരികെ ലഭിക്കില്ല.
അക്ബറിനോടും വളരെ ദേഷ്യത്തോടെയാണ് മോഹൻലാൽ സംസാരിച്ചത്. അനീഷിന് നേരെ തലയിണ വലിച്ചെറിയുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതിനാണ് അക്ബറിനെ വഴക്ക് പറഞ്ഞത്. തുടർന്ന് അക്ബറിനോട് കൺഫെഷൻ റൂമിൽ പോകാൻ പറഞ്ഞു. അക്ബറിന്റെ ഉമ്മയുമായി സംസാരിക്കാനുള്ള അവസരം നൽകിയപ്പോൾ അക്ബർ പൊട്ടിക്കരയുകയും ചെയ്തു. താൻ ഇവിടെ വന്നപ്പോൾ മറ്റൊരാളായി പോയി എന്നാണ് ഉമ്മ പറഞ്ഞതെന്ന് അക്ബർ പറഞ്ഞു. തുടർന്ന് ഒണീൽ, അഭിലാഷ് എന്നിവരെയും മോഹൻലാൽ വിമർശിച്ചു. ഇനി ഇങ്ങനെയുണ്ടായാൽ ആക്ഷനെടുക്കുമെന്നും മോഹൻലാൽ വീട്ടിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി.
ഇന്നലത്തെ എപ്പിസോഡിൽ കലാഭവൻ സരിഗയാണ് എവിക്ട് ആയത്. സരിഗയെ സ്റ്റോർ റൂമിലേക്ക് വിട്ടശേഷം അവിടെ നിന്നും ഡയറക്ട് എവിക്ട് ചെയ്യിക്കുകയായിരുന്നു. തുടർന്ന് സരിഗ മോഹൻലാലിന്റെ അടുത്ത് എത്തിയപ്പോഴാണ് അവർ എവിക്ട് ആയതാണെന്ന് വീട്ടിലുള്ളവർ മനസിലായത്.
















