കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിലെ പ്രധാന വിഷയമായിരുന്നു സാമൂഹിക മാറ്റം എന്നത്. ചാതുര്‍വര്‍ണ്യവും ജാതി വ്യവസ്ഥയും ദുരാചാരങ്ങളുമെല്ലാം തുടച്ചു നീക്കിയതിനൊപ്പം സമൂഹത്തിന്റെ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാണ് അറുതി വരുത്തിയത്. അത് ഓരോ ജനാധിപത്യ ഭരണ കാലത്തും നവീകരിച്ചു നവീകരിച്ചു മുന്നോട്ടു പോകുന്നുണ്ടെന്നതും മറക്കുന്നില്ല. എന്നാല്‍, ചിലയിടങ്ങളില്‍ ഇന്നും നീതിബോധമില്ലാത്തവര്‍, സമത്വ ചിന്തയില്ലാത്തവര്‍, ജനാധിപത്യ വിശ്വാസികളാകാത്തവര്‍ തുടങ്ങിയവരുടെ പിന്നോട്ടുള്ള നടത്തം കാണാം. അതിനെ മറികടന്നു പോകാനാകും വിധം ഭരണ സംവിധാനങ്ങള്‍ അത്രയ്ക്ക് ശക്തമായിട്ടില്ല. ഒരുപക്ഷെ ശക്തമായെങ്കില്‍, പിന്നോട്ടു പോകുന്നവര്‍ക്കൊപ്പം നടക്കാന്‍
വേണ്ടിയാണോ എന്ന ചിന്ത അസ്ഥാനത്തുമല്ല. അതാണ് കക്കയം പോലീസ് ക്യാമ്പിലും ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലും കേരളം കണ്ടത്. ഓര്‍മ്മയുണ്ടോ ഒരു ഈച്ചര വാര്യരെ. മരണം വരെയും മകനു വേണ്ടി പോരാട്ടം നടത്തി ഒരുച്ഛനെ. അത് പോലീസിന്റെ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ രക്തസാക്ഷിയാണ്. അതിനു ശേഷം എത്രയെത്ര ലോക്കപ്പ് മരണങ്ങള്‍ ഉണ്ടായിരിക്കുന്നു. പക്ഷെ അതൊന്നും മൃഗീയമായ കൊലപാതകങ്ങളായിരുന്നില്ല എന്നു മാത്രം. ചിത്ര വധം ചെയ്ത് കൊല്ലുന്ന അപരിഷ്‌കൃതര്‍ പോലീസില്‍ ഇല്ല എന്നു വിശ്വസിക്കാനാവില്ല. എന്നാല്‍, എല്ലാവരും ആ ഗണത്തില്‍പ്പെടുന്നവരുമല്ല. കക്കയം ക്യാമ്പിനെ തിരുവനന്തപുരത്ത് ഫോര്‍ട്ട്
പോലീസ് സ്‌റ്റേഷനാക്കിയത് 2005ലാണ്. കക്കയത്ത് രാജനെയാണെങ്കില്‍ ഫോര്‍ട്ടില്‍ ഉദയകുമാറിനെയും. മറക്കാന്‍ കഴിയുന്നതല്ല ഈ രണ്ടു കൊലപാതകങ്ങളും. ഈച്ചര വാര്യര്‍ നീതിക്കു വേണ്ടിയും മകന്റെ ജഡത്തിനു വേണ്ടിയും കയറാത്ത നീതിന്യായ സ്ഥാപനങ്ങളില്ല. പക്ഷെ, മരിക്കുന്നതു വരെയും അദ്ദേഹത്തിന് ദുഖം മാത്രമായിരുന്നു മിച്ചം. എന്നാല്‍, ഇങ്ങ് ഫോര്‍ട്ട് സ്‌റ്റേഷനില്‍ നേരെ തിരിച്ചാണ്. ഉദയകുമാറിന്റെ അമ്മ മകന്റെ ഘാതകരെ കണ്ടെത്താനും, നീതിക്കു വേണ്ടിയും പോരാട്ടം നടത്തി വിജയിച്ചു. ഉരുട്ടിക്കൊന്നവരെ സി.ബി.ഐ കണ്ടെത്തി ശിക്ഷയും നല്‍കി. എന്നാല്‍, പതിമൂന്നു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ രണ്ടു
പേര്‍ക്ക് വധശിക്ഷയും, രണ്ടു പേര്‍ക്ക് ജീവപര്യന്തവും വാങ്ങി നല്‍കാന്‍ കഷ്ടപ്പെട്ടവരുടെ കണ്ണില്‍ ഇന്ന് കണ്ണീര്‍ പൊടിഞ്ഞു. അതിനു കാരണം, നീതിന്യായമാണെന്ന് ആ അമ്മ പറയുകയാണ്. ശിക്ഷിച്ചവര്‍ തന്നെ കൊലപാതകികളെ വെറുതേ വിടുന്ന കാഴ്ച. അത് ആ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്. കേരളത്തില്‍ ഓരോ കേസുകളും ഇങ്ങനെ നെഞ്ചുനീറി കിടക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് എങ്ങനെ നീതചി ലഭിക്കുമെന്നാണ് ഭരണകൂടം ഉറപ്പു നല്‍കുന്നത്.
പി. രാജന്‍ കേസ്
1976 മാര്‍ച്ചില്‍ കോഴിക്കോട് എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന പി രാജനെ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ ഉണ്ടായിരുന്ന സമയത്ത് നക്‌സല്‍ ആണെന്ന് ആരോപിച്ച് പോലീസ് തട്ടിക്കൊണ്ടുപോയി. മകന്‍ കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവ് പ്രൊഫ. ടിവി. ഈച്ചര വാര്യര്‍ വളരെക്കാലം പോരാടി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം, കെ. കരുണാകരന്‍ സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. രാജനെ ഔദ്യോഗികമായി കസ്റ്റഡിയിലെടുക്കുകയോ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയോ ചെയ്തില്ലെങ്കിലും, നിയമവിരുദ്ധമായ പോലീസ് കസ്റ്റഡിയിലാണ് അദ്ദേഹം മരിച്ചതെന്ന് സര്‍ക്കാരും പോലീസ് അധികാരികളും കോടതിയെ അറിയിച്ചു. പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. ഇന്നുവരെ രാജന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ല. എന്തു സംഭവിച്ചുവെന്ന സത്യം മാത്രം ആരകും പറഞ്ഞിട്ടുമില്ല.
ഉദയകുമാറിന്റെ ഉരുട്ടിക്കൊല
2005 സെപ്റ്റംബര്‍ 27ന്, തിരുവനന്തപുരത്തെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കിന് സമീപത്ത് നിന്ന് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ഫോര്‍ട്ട് പോലീസ് പിടികൂടി. ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് സുരേഷിനെ പിടികൂടി. ഉദയകുമാറിന്റെ കൈവശം 4,000 രൂപ ഉണ്ടായിരുന്നു. അത് മോഷ്ടിച്ച പണമാണെന്ന് പോലീസ് അനുമാനിച്ചു. തുടര്‍ന്ന് സുരേഷിനൊപ്പം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മൂന്നാം മുറ ചോദ്യം ചെയ്യലിന് വിധേയനാക്കി. ഉദയകുമാറിനെ ഒരു മേശയില്‍ കെട്ടിയിട്ട് പോലീസ് ഒരു വലിയ ഇരുമ്പ് വടി ദേഹത്ത് ഉരുട്ടി. ഗുരുതരമായി പരിക്കേറ്റ ഉദയകുമാര്‍ മരിച്ചു. ഒരു പ്രതിയുടെ ശരീരത്തില്‍ ഒരു ഭാരമുള്ള മരക്കഷണമോ ഇരുമ്പോ ഉപയോഗിച്ച് പോലീസ് ഉരുട്ടുന്ന കുപ്രസിദ്ധമായ ആചാരം.
പോസ്റ്റ്മോര്‍ട്ടത്തില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ 22 മുറിവുകള്‍ കണ്ടെത്തി. ഉദയകുമാറിന്റെ അമ്മയായ പ്രഭാവതി, തന്റെ മകന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന് തെളിയിക്കാന്‍ 13 വര്‍ഷമായി പോരാടി. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ കേരള ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നല്‍കി. സിബിഐ അന്വേഷണത്തിന് ശേഷമാണ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്. എന്നാല്‍ അതേ സി.ബി.ഐയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി പ്രതികളെ വെറുതേ വിട്ടിരിക്കുന്നത്.
CONTENT HIGH LIGHTS; Do you remember Eechara Warrier?: Will you forget Prabhavathi Amma’s tears?; Rajan at Kakkayam camp, Udayakumar at Fort station?; Who is the next victim?
















