ഒരു ഓണക്കാലത്താണ് മകന്റെ ചേതനയറ്റ ശരീരം വീട്ടിലേക്കു കൊണ്ടുവന്നത്. അന്ന് മകന് എന്തു സംഭവിച്ചതാണെന്ന് ചോദിച്ചപ്പോള്‍ ആര്‍ക്കും മറുപടിയില്ല. ശരീരമാകെ നീലിച്ചുപോയതിന്റെ കാരണം അറിഞ്ഞപ്പോള്‍ പെറ്റവയര്‍ നൊന്തു. കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റിയെന്നു തോന്നിപ്പോയി. അതിനു ശേഷമുള്ള ഓണക്കാലത്തെല്ലാം അവന്റെ ഓര്‍മ്മകളിലാണ് കടന്നു പോകുന്നത്. പിന്നിട്ട ഓരോ ദിവസങ്ങളിലും അവന്റെ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമം ശിക്ഷിക്കുന്നതാണ് സ്വപ്‌നം കണ്ട്. ശിക്ഷ നല്‍കിയപ്പോള്‍ സമാധാനം തോന്നി. മകന്റെ ആത്മാവിനോട് നീതി പുലര്‍ത്തിയെന്നു തോന്നി. പക്ഷെ, അതേ നീതിന്യായ കോടതികള്‍ തന്നെ കുറ്റക്കാര്‍ കുറ്റക്കാരേ അല്ലെന്നു പറഞ്ഞ് വെറുതേ വിട്ടിരിക്കുന്നു.
ഇന്നും എന്റെ മകന്‍ ഒരു വിതുമ്പലായ് വന്നു വിളിക്കുന്നുണ്ട്. ഓരോ ഓണക്കാലത്തും ഓണക്കോടിയും വാങ്ങി വരുന്ന മകന്റെ ഓര്‍മ്മയിലാണ് ജീവിക്കുന്നത്. എത്രനാളുണ്ടെന്നറിയില്ല. മകനെ കൊന്നവരെല്ലാം ഇനി ഈ സമൂഹത്തില്‍ സ്വതന്ത്രമായി നടക്കും. അപ്പോഴും തീരാത്തൊരു സംശയത്തിനും, ചോദ്യത്തിനും ഉത്തരം തരേണ്ടതാര് എന്നു മാത്രമാണ് അറിയേണ്ടത്. എന്റെ മകനെ കൊന്നവര്‍ ശിക്ഷിക്കപ്പെട്ടവരല്ലെങ്കില്‍, പിന്നെ ആര് ?. നിറകണ്ണുകളോട് ടോദിക്കുന്നത്, ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയാണ്. 20 വര്‍ഷം മുന്‍പൊരു സെപ്റ്റംബറില്‍ രാത്രി വീട്ടുമുറ്റത്തെ പടിയില്‍ കാത്തിരുന്ന പ്രഭാവതി അമ്മയുടെ മുന്നിലെത്തിയത് ഇരുമ്പുപൈപ്പ് കൊണ്ട് ഉരുട്ടിയ മകന്റെ ചതഞ്ഞരഞ്ഞ മൃതദേഹമായിരുന്നു. രണ്ടു പതിറ്റാണ്ടു മുന്‍പ് തുടങ്ങിയ പ്രഭാവതിഅമ്മയുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല.
ആ മുറിവുകള്‍ അമ്മയുടെ ഹൃദയത്തിന്റെ ഉള്ളുലയ്്ക്കുന്നുണ്ട് ഇപ്പോഴും. മകന്റെ ഓര്‍മ്മകള്‍ തോങ്ങലോടെയല്ലാതെ ആ അമ്മയ്ക്ക് പറഞ്ഞു തുടങ്ങാനോ പറഞ്ഞു തീര്‍ക്കാനോ കഴിയുന്നില്ല. 2005ലെ ഓണത്തിനാണ്, പ്രഭാവതി അമ്മയുടെ ഏകമകനായ 26കാരന്‍ ഉദയകുമാറിനെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്തെ പാര്‍ക്കില്‍ നിന്ന് മോഷണ പശ്ചാത്തലമുള്ള മറ്റൊരാള്‍ക്കൊപ്പം പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഉദയന്റെ കയ്യില്‍ 4020 രൂപയുണ്ടായിരുന്നു. അത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍. തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27ന് രാത്രി പത്തരയോടെയാണു ഉദയന്‍ മരിച്ചത്.
‘ആ രാത്രി മകനെ മാത്രം അല്ല, എന്നെയും അവര്‍ കൊന്നു. എന്റെ ഹൃദയം അവനോടൊപ്പം മരിച്ചു. ഇനി ഞാന്‍ ജീവിക്കുന്ന രൂപം മാത്രം,’ ഹൃദയം നുറുങ്ങി പ്രഭാവതി അമ്മ പറയുന്നു. നീതിക്കായി ആ അമ്മ നടത്തിയ പോരാട്ടത്തില്‍ പ്രതികളായ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തി. ഉദയനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തല്‍. 2018 ജൂലൈയില്‍ സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചു. എന്നാല്‍ ഈ വിധിക്കെതിരെ ഹൈക്കോടതി വിധി വന്നപ്പോള്‍ പ്രഭാവതി അമ്മ വീണ്ടും കണ്ണീരിലായി. തനിക്ക് കിട്ടിയ നീതി വീണ്ടും കവര്‍ന്നെടുത്തെന്ന് ആ അമ്മ പറയുന്നു. ‘ഇന്നും എന്റെ മകനു വേണ്ടി ജീവിക്കുന്നു. മരിക്കും വരെയും അവനു വേണ്ടി ജീവിക്കും. എന്തായിരുന്നു എന്റെ മകന്‍ ചെയ്ത കുറ്റം.
അവന്റെ കൈവശം 4000 രൂപ ഉണ്ടായിരുന്നതോ?. അതില്‍ ആയിരം രൂപ ഞാന്‍ കൊടുത്തതായിരുന്നു ഓണവസ്ത്രം വാങ്ങാന്‍. പണം കണ്ടെത്തിയതായിരുന്നു കുറ്റമെങ്കില്‍ എന്റെ ശിക്ഷ എന്താണ്?’ പത്മാവതി അമ്മ ചോദിക്കുന്നു. അതിനുശേഷം ആ വീട്ടില്‍ ഓണം കടന്നുവന്നിട്ടില്ല. അലമാരക്കുള്ളില്‍ നിധിപോലെ സൂക്ഷിക്കുന്ന മകന്റെ പഴയ വസ്ത്രങ്ങളാണ് അവര്‍ക്കുള്ള ഏക ഓര്‍മ്മ.’ആ ദിവസം എന്റെ ഓണവും, എന്റെ ജീവിതവും, എല്ലാം അവസാനിച്ചു,’ അവര്‍ വിങ്ങിപ്പറയുന്നു. സാമൂഹ്യക്ഷേമപെന്‍ഷനും സര്‍ക്കാരിന്റെ സഹായവുമാണ് ഏക ആശ്രയം. സഹോദരനൊപ്പമാണ് താമസം. മകന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ആ വീട്ടില്‍ നിന്ന് ആ അമ്മയ്ക്ക് പറയാനുള്ളത് ഒറ്റകാര്യം മാത്രം. നീതിക്കും വേണ്ടി മരണം വരെ പോരാടുമെന്നു മാത്രം.
CONTENT HIGH LIGHTS; For you, my son…?: Prabhavathi Amma, may the memories never die; Will God now hold those who stole my Onam and happiness accountable?
















