ഇന്നലെത്തെ ദിവസത്തെ മറന്നു പോകാന്‍ പാടില്ല. കാരണം, ഒരു റിയല്‍ കേരളാ സ്റ്റോറി നടന്ന ദിവസമാണ്. എല്ലാവര്‍ക്കും ഇന്നലെയും ഒരു സാധാരണ ദിവസം പോലെ കടന്നു പോയെങ്കില്‍ അങ്ങനെയാകരുത്. സമയത്തെ ഒരല്‍പ്പ നേരം പിടിച്ചു നിര്‍ത്തി ചിന്തിച്ചു നോക്കിയിട്ട് സമയത്തിനൊപ്പം നടന്നോളൂ. ഇന്നലെ കേരളത്തില്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലും എറണാകുളം ലിസി ഹോസ്പിറ്റലിലും ഒരു സംഭവം നടന്നു. ആ സംഭവത്തിലെ പ്രധാന നായകന്റെ പേര് ഐസക് ജോര്‍ജ്. സ്വര്‍ഗത്തിലെ മാലാഖമാരോടൊപ്പം അദ്ദേഹം ഇപ്പോള്‍ ദൈവത്തിനൊപ്പമായിരിക്കും. പക്ഷെ, അദ്ദേഹത്തിന്റെ ഹൃദയം എറണാകുളം ലിസി ഹോസ്പിറ്റലില്‍ ഒരു യുവാവിന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങി.
അദ്ദേഹത്തിന്റെ കണ്ണുകള്‍ മറ്റൊരാള്‍ക്ക് കാഴ്ച നല്‍കാന്‍ പോകുന്നു. അദ്ദേഹത്തിന്റെ കരള്‍ മറ്റൊരാളുടെ ജീവന്റെ വിലയായി. കിഡ്‌നി വേറൊരാളുടെ ജീവന്‍ നിലനിര്‍ത്തി. പ്രിയപ്പെട്ട ഐസക് ജോര്‍ജ് മരണത്തിനും മായ്ക്കാനാവാത്ത മനുഷ്യരിലെ ദൈവസാമീപ്യമാണ് നിങ്ങള്‍. സല്യൂട്ട്. ഇന്നലെ എന്ന ദിവസത്തെ ഇന്ന് ഇപ്പോള്‍ ഇങ്ങനെ അടയാളപ്പെടുത്താതെ പോകാനാവാത്തതു കൊണ്ടാണ് ഇതെഴുതിപ്പോയത്. വെറും 33 വയസ്സുകാരനായ ഐസക് ജോര്‍ജിന്റെ ജീവന് ഭീഷണിയായത്, ഓണനാളില്‍ ഇടിച്ചൊരു ബൈക്കാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ ഉണ്ടായൊരു ആക്‌സിഡന്റില്‍ കഴിഞ്ഞ കുറച്ചു ദിവസമായി മരണത്തോട് മല്ലടിക്കുകയായിരുന്നു ഐസക് ജോര്‍ജ്.
പക്ഷെ, ഇന്നലെ ഐസക്കിന്റെ അവസാന ദിവസമായിരുന്നു ഈ ഭൂമിയില്‍. എന്നാല്‍, അതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഐസക് ജോര്‍ജ് തനിക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെ മുന്‍കൂട്ടി കണ്ടിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഒരുപക്ഷെ, തനിക്ക് ജീവഹാനി സംഭവിച്ചു പോയാല്‍, തന്റെ ശരീരത്തില്‍ ഉപയോഗിക്കാനാവുന്ന എല്ലാ അവയവങ്ങളും ഐസക് ജോര്‍ജ് ദാനം ചെയ്യാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിരുന്നു. ഇതിന്‍ പ്രകാരമാണ് മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ച ഇന്നലെ ഉച്ചയോടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ അവയവങ്ങള്‍ ഐസക് ജോര്‍ജിന്റെ ശരീരത്തില്‍ നിന്നും വിടുവിച്ചത്. ഹൃദയം കൊച്ചിയിലേക്കു പറന്നു. കരളും, കണ്ണുകളും, വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും. അങ്ങനെ ഐസക് ജോര്‍ജ് തന്റെ ശരീരം കൊണ്ട് കേരളത്തിന്റെ സ്വന്തം സ്‌റ്റോറി രചിച്ചു.
മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന്‍ ഏലിയാസിനാണ് നല്‍കിയത്. കൊച്ചി ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ അജിനിന്റെ ശരീരത്തില്‍ ഐസകിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങി. 33 കാരനായ ഐസക് ജോര്‍ജിന് കഴിഞ്ഞ ഏഴാം തീയതിയാണ് വാഹന അപകടത്തില്‍ പരിക്കേറ്റത്. പരമാവധി ചികിത്സ നല്‍കിയെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അതോടെയാണ് അവയവദാനം നടത്താന്‍ കുടുംബം തീരുമാനിച്ചത്. 29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയയാണ് എറണാകുളം ലിസി ആശുപത്രിയില്‍ നടന്നത്. ഐസക് ജോര്‍ജിന്റെ ഹൃദയം അജിന്‍ ഏലിയാസില്‍ മിടിച്ച് തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു……
ഇതാണ് കേരളം. ഇതാണ് കേരളത്തിലെ മനുഷ്യരുടെ മനസ്സ്. സ്വന്തം ശരീരം പകുത്തു നല്‍കി മറ്റുള്ളവരെ ജീവിതത്തില്‍ നിലനിര്‍ത്തി, കുലം വിട്ടുപോകും. റിയല്‍ കേരളാ സ്‌റ്റോറി തേടി നടക്കുന്ന മത-ജാതി-വര്‍ഗീയ കോമരങ്ങള്‍ ഈ സ്‌റ്റോറിയെ ചേര്‍ത്തു പിടിക്കാനാണ് ശ്രമിക്കേണ്ടത്. ഐസക് ജോര്‍ജിന്റെ ശരീരത്തില്‍ നിന്നും അവയവങ്ങള്‍ വേര്‍പെടുത്തിയ ഡോക്ടര്‍ ജോ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വളരെ വൈകാരികമാണ്. അത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരിക്കുന്നു. ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു; ഡോ. ജോ ജോസഫിന്റെ വൈകാരിക കുറിപ്പ്..മനുഷ്യന്‍ എന്ന നിലയില്‍ സര്‍ക്കാരില്‍ അഭിമാനം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം..
കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്. ഡോക്ടര്‍ എന്നതിലുപരി മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും സര്‍ക്കാരില്‍ അഭിമാനം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസമായിരുന്നു ഇന്നെന്ന് ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ആര്‍ക്കാണ് ഇത്ര ധൃതി!
എനിക്കിന്ന് നല്ല ധൃതിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഏറ്റവുമധികം വേഗത്തില്‍ ഏറ്റവും അധികം ദൂരം യാത്ര ചെയ്തവരില്‍ ഒരാളായിരിക്കും ഞാന്‍. സമയവുമായുള്ള ഓട്ട മത്സരമായിരുന്നു എന്ന് തന്നെ പറയാം. രാത്രി രണ്ടുമണിക്ക് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാവിലെ ആറരക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തി. ഹൃദയവുമായി ഉച്ചയ്ക്ക് 12 മണിയോടുകൂടി പുറപ്പെട്ട് വെറും ഏഴ് മിനിറ്റിനുള്ളില്‍ കിംസില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തി.
ഹെലികോപ്റ്റര്‍ വഴി മുക്കാല്‍ മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തും ഹയാത് ഹോട്ടലിലെ ഹെലിപാടില്‍ നിന്ന് വെറും 5 മിനിറ്റില്‍ ലിസ്സി ആശുപത്രിയില്‍ എത്തുകയും ചെയ്തു. കാരണം ഇന്നത്തെ ഓരോ മിനിട്ടിനും ഒരു ജീവന്റെ വില ഉണ്ടായിരുന്നു.
ഡോക്ടര്‍ എന്നതിലുപരി മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും, എന്റെ സര്‍ക്കാരില്‍ അഭിമാനം തോന്നുകയും എന്റെ സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം കൂടിയായിരുന്നു ഇന്ന്.
കിംസിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ വച്ച് ഐസക് ജോര്‍ജിനെ കണ്ടപ്പോള്‍ മനസ്സൊന്നു വിറച്ചു. പുറമേ ദൃശ്യമാകുന്ന രീതിയില്‍ കാര്യമായ പരുക്കൊന്നും ഇല്ലായിരുന്നു ഐസക്കിന്. എന്നാല്‍ അപകടത്തില്‍ തലച്ചോറ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരുന്നു. മനോഹര ജീവിത സ്വപ്നങ്ങള്‍ കണ്ടു നടക്കുന്ന പ്രായത്തില്‍ ആ സ്വപ്നങ്ങള്‍ക്ക് പുറകെ പായുമ്പോള്‍ ആകസ്മികമായി വന്നുചേര്‍ന്ന അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു നില്‍ക്കുമ്പോഴും ഐസക്കിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്ന മഹാദാനം ചെയ്യുവാന്‍ ഐസക്കിന്റെ കുടുംബം കാണിച്ച ആ വലിയ പുണ്യത്തിന് നന്ദി പറയാന്‍ വാക്കുകള്‍ മതിയാവില്ല.
ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു. തങ്ങളുടെ
ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്പോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോര്‍ജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം……
മനുഷ്യനെ നല്ല മനുഷ്യനാക്കുക എന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇതിലപ്പുറം നന്മ ചെയ്യാന്‍ സാധിക്കുമോ ?ഇതിലപ്പുറം ഒരു നല്ല മനുഷ്യനാകാന്‍ സാധിക്കുമോ ?ഇതിനപ്പുറം മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമോ?അതുകൊണ്ടുതന്നെ യാത്രയിലൂടെ നീളം ആ ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എന്റെ ശരീരത്തോട് ചേര്‍ത്തു തന്നെ പിടിച്ചു ഞാന്‍………..
ഡോണര്‍ അലര്‍ട്ട് കിട്ടിയതു മുതല്‍ എന്റെ സര്‍ക്കാര്‍ ഈ ഉദ്യമത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ പാതിരാത്രി മുതല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മന്ത്രി പി രാജീവും അദ്ദേഹത്തിന്റെ ഓഫീസും ആരോഗ്യ മന്ത്രിയും ഓഫീസും നിരന്തരം ഇടപെടുകയും സര്‍ക്കാരിന്റെ സഹായത്തോടുകൂടി ഹെലികോപ്റ്റര്‍ സേവനം വിട്ടു നല്‍കുകയും ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും സങ്കീര്‍ണമായ കാര്യങ്ങള്‍ എല്ലാംഏകോപിപ്പിച്ചത് മുതിര്‍ന്ന ഐപിഎസ് – ഐഎഎസ് ഓഫീസര്‍മാരായിരുന്നു.
കിംസ് ആശുപത്രിയില്‍ നിന്ന് വിമാനത്താവളത്തിലേക്കും ഹയാത് ഹെലിപാടില്‍ നിന്നും ആശുപത്രിയിലേക്കും ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയത് ഈ രണ്ട് നഗരങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു. അണുവിട തെറ്റാത്ത ആസൂത്രണം, ഏകോപനം!
എന്റെ സര്‍ക്കാരില്‍ എനിക്ക് അഭിമാനം തോന്നിയ ദിനം കൂടിയായിരുന്നു ഇന്ന്.
പല ആശുപത്രികള്‍, അനേകം ഡോക്ടര്‍മാര്‍, അത്യന്തം ഗൗരവമായ നിയമ നൂലാമാലകള്‍ ഇതെല്ലാം ഏകോപിപ്പിച്ചതും നടപ്പാക്കിയതും എന്റെ സിസ്റ്റത്തിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ ആയിരുന്നു.
ഒരോ നിമിഷവും സങ്കീര്‍ണമായ ഈ ദൗത്യത്തിന് നേതൃത്വം നല്‍കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ ചെയ്തത് കെ സോട്ടോ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള കെ സോട്ടോ ടീമായിരുന്നു.
അതെ – എന്റെ സംസ്ഥാനത്തിന്റെ ‘സിസ്റ്റ’ത്തില്‍ ,എന്റെ സര്‍ക്കാരില്‍,എന്റെ പ്രത്യയ ശാസ്ത്രത്തില്‍ ,ഞാന്‍ വിശ്വസിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രത്തില്‍ എനിക്ക് അഭിമാനം തോന്നിയ ദിവസമായിരുന്നു ഇന്ന്.
CONTENT HIGH LIGHTS; What is the real Kerala story like?: The one who conquered hearts by giving his heart?; And those who defeated time, those who defeated death; Be human, be human… Salute Isaac George
















