പ്രകൃതിയുടെ അദ്ഭുതമാണ് ആമസോൺ മഴക്കാടുകൾ. ഇടതൂർന്ന മരങ്ങളും ഉള്ളിൽ അനേകം ജീവികളുമൊക്കെയുള്ള മഴക്കാടാണിത്. 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന തെക്കേ അമേരിക്കയിലെ വനമേഖലയാണ് ആമസോൺ മഴക്കാടുകൾ. ഒൻപത് രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്ന ആമസോൺ കാടുകളുടെ ഭൂരിഭാഗവും ബ്രസീലിലാണ്.60 ശതമാനം ആമസോൺ മഴക്കാടുകൾ ബ്രസീലിലുള്ളത്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇത് തന്നെ.70 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ വനമേഖലയുടെ വ്യാപ്‌തി. ഇത് ഏകദേശം കേരളത്തിന്‍റെ 138 ഇരട്ടി വലിപ്പമുണ്ട്. ഇതില്‍ 55 ചതുരശ്ര കിലോമീറ്ററിലും കൊടും വനമാണ്. ഭൂമിയെ ഇതുപോലെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ് ഈ ആമസോണ്‍ മഴക്കാട്. ഭൂമിയുടെ ശ്വാസകോശമെന്ന് തന്നെ പറയാം ആമസോൺ മഴക്കാടിനെ…
എന്നാല്‍ അടുത്തിടെ വന്ന നിരവധി പഠനങ്ങളില്‍ ആമസോണ്‍ മഴക്കാടുകള്‍ നശിച്ച് കൊണ്ടിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ മഴക്കാടിന്‍റെ വ്യാപ്‌തി കുറഞ്ഞ് വരികയാണെന്ന് വിദ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഏകദേശം സ്‌പെയിനിനോളം വലുപ്പത്തില്‍ ഇതിന്‍റെ വ്യാപ്‌തി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഇവിടെ മാത്രം കാണപ്പെടുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സസ്യങ്ങള്‍ 20 മുതല്‍ 25 ശതമാനം വരെ നാശത്തിലേക്ക് അടുത്തൂവെന്നും പഠന റിപ്പോര്‍ട്ടുകളില്‍ കാണാം.
ഒരിക്കലുമൊരു തിരിച്ച് വരവില്ലാത്ത വിധത്തിലാണ് വൃക്ഷങ്ങള്‍ നശിക്കുന്നതെന്ന് മാപ്പ്ബയോമാസ് മോണിറ്ററിങ് പ്ലാറ്റ്‌ഫോമിലെ ഗവേഷകനായ ബ്രൂണോ ഫെറേറ പറഞ്ഞു. നിരവധി മരങ്ങള്‍ ഇല്ലാതാകുമ്പോള്‍ അത് മഴയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല തിങ്ങി നിറഞ്ഞ വനങ്ങള്‍ ഇല്ലാതാകുമ്പോള്‍ മേഖലയില്‍ കൊടും വരള്‍ച്ചയ്‌ക്ക് സാധ്യതയുണ്ടെന്നും ബ്രൂണോ ഫെറേറ പറഞ്ഞു.
വരള്‍ച്ചയാകട്ടെ കാട്ടു തീയ്ക്ക് കാരണമാകും. കാട്ടു തീയില്‍പ്പെട്ട് വീണ്ടും നിരവധി മരങ്ങള്‍ ഇല്ലാതാകും. ഇതോടെ ലോകത്തെ കാലാവസ്ഥയും താളം തെറ്റും. 1985നും 2024നും ഇടയിൽ 49.1 ദശലക്ഷം ഹെക്‌ടർ അതായത് 121 ദശലക്ഷം ഏക്കർ ഭൂമിയിലെ മരങ്ങള്‍ നശച്ചിരുന്നുവെന്ന് മാപ്പ്ബയോമാസ് പറയുന്നു. അതായത് ആമസോണിലെ സാധാരണ കാണുന്ന മരങ്ങളുടെ കണക്കെടുത്താല്‍ അത് ഇനിയും കൂടുമെന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല വനമേഖലയില്‍ കന്നുകാലി വളര്‍ത്തല്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ അഞ്ച് തവണ നടത്തിയ പഠനങ്ങളിലും കാണാനാകും. 2023ല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ അധികാരത്തിലേറിയതിന് പിന്നാലെ വനനശീകരണം മന്ദഗതിയിലായിരുന്നു. എന്നാല്‍ അതിന് പിന്നാലെ മേഖലയില്‍ വലിയൊരു കാട്ടു തീയുണ്ടായി. ഇത് വനനശീകരണത്തിന്‍റെ തോത് നാല് ശതമാനം ഉയര്‍ത്തി.
നിരവധി രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍. വനത്തിന്‍റെ വിവിധ മേഖലയിലെ നാശങ്ങള്‍ക്ക് കാരണം മനുഷ്യരുടെ കൈകടത്തലാണ്. കൃഷി, വാണിജ്യ വികസനം, നഗരവത്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍ വനത്തെ ആശ്രയിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ മരങ്ങള്‍ വെട്ടിമുറിക്കപ്പെടുന്നു. ഇത് പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുന്നു.
ആമസോണിലെ വനനശീകരണം ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആമസോണ്‍ മഴക്കാടുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനായി നടപ്പിലാക്കാന്‍ സാധിക്കുന്ന ഏതാനും കാര്യങ്ങളിതാ.
ആമസോണിലെ വനനശീകരണം കുറയ്‌ക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയെന്നത്. മനുഷ്യരുടെ കടന്നുക്കയറ്റം നിയന്ത്രിക്കും വിധമുള്ള നിയമങ്ങള്‍ കൊണ്ടുവരിക. നിയമ വിരുദ്ധര്‍ക്ക് കഠിന ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുക.
വിവിധ കാരണങ്ങളാല്‍ നശിച്ച വനമേഖലയെ വീണ്ടെടുക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. നശിച്ച് പോയ മരങ്ങള്‍ വച്ച് പിടിപ്പിക്കുക. കാലക്രമേണ അവ വളരുകയും വനത്തിന്‍റെ ഭാഗമാകുകയും ചെയ്യും. ഇതിനായുള്ള പ്രത്യേക സംഘത്തെ നിയമിക്കുകയും വേണം. മഴക്കാടുകള്‍ സംരക്ഷിക്കുന്നതിനായി ചില സംഘടനകളെ ചുമതലപ്പെടുത്തുക.
















