സിനിമാക്കാര്‍ രാഷ്ട്രീയക്കാരാകുന്നത് നിത്യ സംഭവമാണ്. എന്നാല്‍, രാഷ്ട്രീയത്തില്‍ സിനിമാഭിനയം നടത്താന്‍ അവര്‍ തയ്യാറാകില്ല. കാരണം, സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടുതലങ്ങളായതു കൊണ്ടുതന്നെ. എന്നാല്‍, മലയാള സിനിമയില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ സുരേഷ്‌ഗോപി രാഷ്ട്രീയക്കാരനും അതേ സമയം സിനിമാക്കാരനും ആയി തുടരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ വലിയൊരു ആശങ്കയുണ്ട്. ജനങ്ങളുമായും മാധ്യമങ്ങളുമായും ഇടപെടുമ്പോള്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടോ എന്നതാണ് ആശങ്ക. ഇത്, സിനിമാ ലോകത്തുള്ളവര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ തോന്നിയിട്ടുമുണ്ട്. തൃശൂര്‍ എടുത്തുകൊണ്ട് കേന്ദ്ര ഉപമന്ത്രി പദത്തിലേക്ക് എത്തിയിട്ടും സുരേഷ്‌ഗോപിയെന്ന നടനില്‍ നിന്നും ജനപ്രതിനിധിയിലേക്കുള്ള ഒരു മാറ്റവും കാണുന്നില്ലെന്നാണ് പരാതി.
അത് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സഭയിലും നിഴലിച്ചു. ജനങ്ങള്‍ക്കു നല്ലതു ചെയ്യണമെന്ന അതിയായ ആഗ്രഹമുള്ളതു കൊണ്ടാണോ എന്നറിയില്ല, സുരേഷ്‌ഗോപി നല്ലതെന്നു കരുതി ചെയ്യുന്നതും പറയുന്നതുമെല്ലാം ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. തിക#്‌ഞൊരു ബി.ജെ.പിക്കാരനല്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളില്‍ സിനിമാ ലൊക്കേഷന്‍ കടന്നു വരുന്നുണ്ട്. സംവിധായകന്റെ ആക്ഷന്‍…കട്ട് എന്നിവയ്ക്കിടയില്‍ പറഞ്ഞു തീര്‍ക്കുന്ന പഞ്ച് ഡയലോഗുകളും മാനറിസങ്ങളുമാണ് പൊതു ഇടങ്ങളില്‍ ജനങ്ങളുമായി സംവദിക്കുമ്പോഴും ഉണ്ടാകുന്നത്. തനിക്കു തെറ്റെന്നു തോന്നുന്നതെല്ലാം തെറ്റെന്നും, ശരിയെന്നു തോന്നുന്നതെല്ലാം ശരി എന്നുമുള്ള മനോഭാവത്തിലാണ് അദ്ദേഹം.
ജന പ്രതിനിധി എന്ന തരത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുകയോ, സഹായിക്കുകയോ, സമാധാനപ്പെടുത്തുകയോ ചെയ്യേണ്ടിടത്ത് അദ്ദേഹം രാഷ്ട്രീയം ഉള്ളില്‍വെച്ച് സംസാരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കലുങ്ക് സൗഹൃദ ചര്‍ച്ചയ്ക്കിടയില്‍ നടന്ന വിവാദത്തില്‍ വിഷമമുണ്ടെന്ന് പൊറത്തിശേരി സ്വദേശി ആനന്ദവല്ലി പറഞ്ഞത്. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്നും അവര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. കരുവന്നൂര്‍ സഹകരണബാങ്കിലെ പണം തിരിച്ചുകിട്ടുമോ എന്നായിരുന്നു ആനന്ദവല്ലിയുടെ സംശയം. എന്നാല്‍, അതിന് സുരേഷ്‌ഗോപിയുടെ മറുപടി ആനന്ദവല്ലിയെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്. നല്ലൊരു വാക്ക് പറയാമായിരുന്നുവെന്നാണ് ആനന്ദവല്ലി പറയുന്നത്. സംഭവത്തില്‍ വിഷമമുണ്ടെന്നും അവര്‍ പ്രതികരിച്ചു.
ആനന്ദവല്ലിയുടെ വാക്കുകള്‍
തിരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോള്‍ കരുവന്നൂരില്‍ നിന്ന് പണം തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അത് പ്രതീക്ഷിച്ചാണ് താന്‍ അവിടെ പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം എന്നെ വളരെയധികം വേദനിപ്പിച്ചു. എനിക്ക് 1.75 ലക്ഷം രൂപ ലഭിക്കണം. ബാങ്ക് ഞങ്ങളെ വഞ്ചിച്ചു. ഇപ്പോള്‍, എന്റെ ചികിത്സാ ചെലവുകള്‍ പോലും വഹിക്കാന്‍ എന്റെ കൈവശം പണമില്ല. ബാങ്കും സുരേഷ് ഗോപിയും സഹായിച്ചില്ല. മരുന്നുകള്‍ വാങ്ങാന്‍ പ്രതിമാസം 10,000 രൂപയെങ്കിലും നല്‍കിയാല്‍ എന്റെ ജീവിതം മുന്നോട്ട് പോകും. ചെറുപ്പം മുതല്‍ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ആ പ്രതീക്ഷയോടെയാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.
എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്. സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്. സഹകരണ ബാങ്കിലെ പണം എന്നുകിട്ടുമെന്ന് ചോദിച്ചു. മന്ത്രിയെ കാണാനാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപി നല്ലൊരു വാക്ക് പറഞ്ഞില്ല. പണം കിട്ടുമോ എന്നോ കിട്ടില്ല എന്നോ പറഞ്ഞില്ല. അതില്‍ ഒരു വിഷമമുണ്ട്. നല്ല വാക്ക് പറയാമായിരുന്നു. ഞാന്‍ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. വല്ലവരുടെയും വീട്ടില്‍ കലം കഴുകിയും തുണി അലക്കിയും ഒക്കെ ഇട്ട കാശാണ്. കൂട്ടിവെച്ച് ഇട്ടിട്ട് ഇത്രയും കാശായതാണ്. സഹകരണ ബാങ്കില്‍ ചോദിക്കുമ്പോള്‍ അവര് പറയും ഇവിടെ കാശൊന്നുമില്ലെന്ന്.
ഒരു സിനിമാക്കാരന്‍ എങ്ങനെ ആയിരിക്കണമെന്ന നിഷ്‌ക്കര്‍ഷയൊന്നുമില്ല. എന്നാല്‍, ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്ന് ജനങ്ങള്‍ക്കറിയാം. അത്തരം ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ രാഷ്ട്രീയം പറയാം. എന്നാല്‍, ജയിച്ചു കഴിഞ്ഞാല്‍ അവര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാവുകയാണ്. അല്ലാതെ ജയിക്കുമ്പോഴും രാഷ്ട്രീയക്കാരനായി തുടര്‍ന്നാല്‍, അവിടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. സുരേഷ് ഗോപിയില്‍ നിന്നും അനുഭവപ്പെടുന്ന സിനിമാത്തരം ഇപ്പോള്‍ നിരവധിയായി. എന്നാല്‍, ഇതൊന്നും അദ്ദേഹം ബോധപൂര്‍വ്വം ചെയ്യുകയാണെന്ന് വിചാരിക്കുന്നില്ല. പക്ഷെ, അങ്ങനെ ബോധപൂര്‍വ്വമോ അല്ലാതെയോ ചെയ്യാന്‍ പാടില്ല എന്നതാണ് വസ്തുത.
കലുങ്ക് സൗഹൃദ സഭയില്‍ നടന്ന തര്‍ക്കം
- ആനന്ദവല്ലി; ”കരുവന്നൂര്‍ ബാങ്കിലിട്ട കാശ് തിരിച്ചുകിട്ടാന്‍ വല്ല വഴിയുമുണ്ടോ സാറെ? വീട്ടുപണിക്ക് പോയി ചട്ടീം കലോം കഴുകിയുണ്ടാക്കിയ കാശാ”
- സുരേഷ്‌ഗോപി; ഇഡി പിടിച്ചെടുത്ത പണം സ്വീകരിച്ച് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയണം
- ആനന്ദവല്ലി; ”മുഖ്യമന്ത്രിയുടെ അടുത്തുപോകാന്‍ പറ്റില്ല സാറെ”
- സുരേഷ്‌ഗോപി; എന്നാല്‍, അത് പത്രക്കാരോട് പറഞ്ഞാല്‍ മതി. ”അധികം സംസാരിക്കല്ലേ ചേച്ചീ”. ”ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാന്‍ പറ നിങ്ങളുടെ മുഖ്യമന്ത്രിയോട്, പരസ്യമായിട്ടാണ് പറയുന്നത്.
- ആനന്ദവല്ലി; അതിനു മുഖ്യമന്ത്രിയെ എങ്ങനെയാണ് കാണാന്‍ പോകാ സാറെ, എനിക്ക് അതിനുള്ള വഴിയറിയില്ല”
- സുരേഷ്‌ഗോപി; എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറ്. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ, താമസിക്കുന്നത്
- ആനന്ദവല്ലി; നിങ്ങള്‍ മന്ത്രിയല്ലേ”.
- സുരേഷ് ഗോപി; ഞാന്‍ ഇവിടത്തെ മന്ത്രിയല്ല, രാജ്യത്തിന്റെ മന്ത്രി. ഞാന്‍ ഇതിനകം നിങ്ങള്‍ക്ക് എന്റെ ഉത്തരം നല്‍കിയിട്ടുണ്ട്. നിങ്ങളുടെ മുഖ്യമന്ത്രിയെ കണ്ട് ആ പണം ഇ.ഡിയില്‍ നിന്ന് വാങ്ങി നിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെടുക. ഇഡിയില്‍ നിന്ന് പണം സ്വീകരിക്കേണ്ടെന്നാണ് സഹകരണവകുപ്പ് പറഞ്ഞിരിക്കുന്നതെന്നാണ് ആറുമാസംമുമ്പ് അറിഞ്ഞത്. കേസ് ഇപ്പോള്‍ എവിടെയെത്തിയെന്നതില്‍ ഇഡിയെക്കൊണ്ട് മറുപടി പറയിപ്പിക്കാം
കലുങ്ക് സഭയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുരേഷ് ഗോപിക്കെതിരായ വിമര്‍ശനം ശക്തമാവുകയായിരുന്നു. ഇതിനു തൊട്ടുമുമ്പ് നടന്ന കലുങ്ക് ചര്‍ച്ചയില്‍ ഒരു വൃദ്ധന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ മന്ത്രി നേരത്തെ വിസമ്മതിച്ചിരുന്നു. ഇതും വിവാദമായി. പിന്നീട് സുരേഷ്‌ഗോപി അതിന് ഖേദം പ്രകടിപ്പിച്ചെങ്കിലും, അതും പറഞ്ഞ് തന്നെ അവഹേളിക്കാന്‍ നോക്കരുതെന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്. നോക്കൂ ഇവിടെ സുരേഷ്‌ഗോപി ശരിക്കും ജനപ്രതിനിധിയാണോ അതോ സിനിമാ നടനോ. ഈ സംശയത്തിനാധാരം ആനന്ദവല്ലിക്കു കൊടുത്ത മറുപടികളാണ്. അതില്‍ ചേര്‍ന്നിട്ടുള്ള രാഷ്ട്രീയവും സിനിമാ ഡയലോഗുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ അദ്ദേഹം ജനപ്രതിനിധിയുടെ റോലില്‍ അല്ലെന്നു തോന്നും.
CONTENT HIGH LIGHTS;Action..cut…?: Is Suresh Gopi a Union Minister or a filmmaker?; Why did he tell Ananda Valli, ‘But listen to my chest’?
















