വാര്‍ത്തകളില്‍ വേഗത്തില്‍ ഇടംപിടിച്ച ഒരു റെയ്ഡ് രാജ്യ വ്യാപകമായി നടന്നിരുന്നു ഇന്ന്. രാവിലെ മുതല്‍ നടക്കുന്ന റെയിഡ് കേരളത്തിലെ സ്‌പോട്ട് ചെയ്യപ്പെട്ട ഇടങ്ങളിലും നടന്നിരുന്നു. ഇതില്‍ രണ്ടു സിനിമാ നടന്‍മാരുടെ വീടുകളും ഉള്‍പ്പെടുന്നുണ്ട്. ഒന്ന് പൃഥ്വിരാജും മറ്റൊന്ന് ദല്‍ഖറും. ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടത്തിരുന്നു. ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. രാജ്യവ്യാപകമായി നടക്കുന്ന കസ്റ്റംസ് റെയ്ഡില്‍ കേരളത്തില്‍ 30 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇതോടെ എന്താണ് ഓപ്പറേഷന്‍ നുംകൂര്‍ എന്നാണ് ഉയരുന്ന ചോദ്യം.
ഓപ്പറേഷന്‍ നുംകൂര്‍ എന്താണ് ?
പൊതുവെ ആരും കേള്‍ക്കാന്‍ ഇടയില്ലാത്ത വാക്കാണ് നുംകൂര്‍. വാഹനം എന്ന് അര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് നുംഖോര്‍. ഭൂട്ടാന്‍ പട്ടാളങ്ങള്‍ മറ്റും ഉപേക്ഷിച്ച വാഹനങ്ങള്‍ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന അന്വേഷണമാണ് ഓപ്പറേഷന്‍ നുംകൂര്‍. ഭൂട്ടാന്‍ സൈന്യം ലേലം ചെയ്യുന്ന എസ്യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ പിന്നീട് ഹിമാചല്‍പ്രദേശില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്യുന്നു. ഇത് പിന്നീട് ഉയര്‍ന്ന വിലയ്ക്ക് ആവശ്യക്കാരിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നു. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ കണ്ടെടുക്കുന്ന വാഹനങ്ങള്‍ എല്ലാം എല്ലാം കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സൂചന. ഭൂട്ടാനില്‍ നിന്ന് എത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ച് രജിസ്ട്രേഷന്‍ മാറ്റിയോ എന്നതും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. പഴയ മോഡല്‍ ഡിഫന്‍ഡര്‍ അടക്കമുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ രാജ്യാതിര്‍ത്തി കടന്ന് എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തിലുള്ള വാഹനങ്ങള്‍ വാങ്ങുന്നത് കേരളത്തിലെ നടന്മാരും വ്യവസായ പ്രമുഖരുമാണെന്നാണ് വിവരം. ഇന്ത്യയില്‍ വില്‍ക്കാന്‍ എത്തിക്കുന്ന വാഹനങ്ങള്‍ നാലിരട്ടി വിലയിലാണ് വില്‍ക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ്, കസ്റ്റംസ് എന്നീ വിഭാഗങ്ങളാണ് കേസ് അന്വേഷണം നടത്തുന്നത്. ഇങ്ങനെ എത്തുന്ന വാഹനങ്ങള്‍ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യമാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.
ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, വിവിധ എസ്യുവികള്‍, ട്രക്കുകള്‍, എന്നിവയും കടത്തികൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ എച്ച്പി 52 രജിസ്ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും നമ്പര്‍ എടുത്തിട്ടുള്ളത്. അവിടെയുള്ള ആര്‍ടി ഓഫീസില്‍ നിന്നുള്ള എന്‍ഒസി ഉള്‍പ്പെടെയാണ് കേരളത്തില്‍ വാഹനങ്ങള്‍ എത്തിയിരിക്കുന്നത്. ഇത് പിന്നീട് കേരളത്തിലെത്തി അനായാസം സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്യാന്‍ സാധിക്കും.
CONTENT HIGH LIGHTS; What is Operation Numkoor?: What happened to Durkar, Prithviraj and their cars?
















