അസാധാരണ ധൈര്യവും കഴിവുമായിരുന്നു ഇന്നലെ നടന്ന ഓപ്പറേഷന്‍ നുംഖോറിനു പിന്നിലെന്ന് പറയാതെ വയ്യ. നട്ടെല്ലുള്ള ഓഫീസര്‍ക്കു മാത്രമേ ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് ഇത്തരമൊരു ഹൈ ക്ലാസ് ഓപ്പറേഷന്‍ നടത്താനാകൂ. എന്തായാലും റേഷന്‍ വാങ്ങി ജീവിക്കുന്ന ഒരാള്‍ക്കും ഈ ഓപ്പറേഷന്‍ കൊണ്ട് ഒരു ഉപദ്രവവും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ എലൈറ്റ് വിഭാഗത്തിന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നോ വാങ്ങിയ, എന്നാല്‍ ഇതുവരെ ആരോടും അതേക്കുറിച്ച് ഒന്നും പറേയേ
ണ്ടി വന്നിട്ടില്ലാത്ത കാറുകളുടെ പിന്നാലെ ഇങ്ങനെയൊരു അന്വേഷണം വരുമെന്ന് ആരും കതിയിരുന്നില്ല. അങ്ങനെയൊരു റെയാഡായിരുന്നു ഓപ്പറേഷന്‍ നുംഖോര്‍.
അതിന് ഉത്തരവിട്ടത് കസ്റ്റംസ് കമ്മിഷണര്‍ ടിജോ തോമസ് എന്ന ടി. ടിജുവും. രാവിലെ തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞത്, ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ചു കേരളത്തില്‍ എത്തിച്ച കാറുകള്‍ കണ്ടെത്താന്‍ കസ്റ്റംസ് ഓപ്പറേഷന്‍ നടക്കുന്നു എന്നാണ്. അത് വൈകുവോളം നീണ്ടു. മലയാള സിനിമയില്‍ പ്രമുഖരായ യുവനടന്‍മാരുടെ വീട്ടിലും പരിശോധനകള്‍ നടന്നു. മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ടു ചെയ്തപ്പോള്‍, പിടിച്ചെടുത്ത മറ്റു വാഹനങ്ങള്‍ വാങ്ങിയവരെല്ലാം മുങ്ങിപ്പോയി. അതൊക്കെ ആരാണെന്നും അവര് എങ്ങനെയാണ് നികുതി വെട്ടിച്ചതെന്നുമൊക്കെ അപ്രസക്തമായി എന്നത് വസ്തുതയാണ്. കാരണം, മലയാള സിനിമയില്‍ ഉയര്‍ന്നു നില്‍ക്കുന്ന താരങ്ങള്‍ സര്‍ക്കാരിനെയോ മറ്റു സംവിധാനങ്ങളെയോ കബളിപ്പിക്കും എന്നു വിശ്വസിക്കാനാവില്ല.
വാഹനം നല്‍കിയ ഏജന്റുകള്‍ നികുതി വെട്ടിപ്പ് നടത്തി നല്‍കിയതാകാനേ വഴിയുള്ളൂ. എന്നാല്‍, തരങ്ങളല്ലാത്ത, മറ്റുള്ളവര്‍ വാങ്ങിയ വാഹനങ്ങള്‍, അതില്‍ സ്വര്‍ണ്ണക്കടയോ, മറ്റു ബിസിനസ്സുകളോ നടത്തുന്നവര് ആരാണെന്ന് നോക്കേണ്ടതുണ്ട്. അത്തരം ആള്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങിയത് എന്തിനാണെന്ന് അന്വേഷിക്കേണ്ടതാണ്. രാജ്യ വിരുദ്ധവും, രാജ്യ ദ്രോഹവുമായ നടപടി ചെയ്തവരുടെ ലക്ഷ്യം കണ്ടെത്തുകയ തന്നെ വേണം. എന്നാല്‍, നിരപരാധികളെ ക്രൂശിക്കുകയും ചെയ്യരുത്. ഇന്നലത്തെ റെയ്ഡ് അവസാനിച്ചതിനു പിന്നാലെ കസ്റ്റംസ് കമ്മിഷണര്‍ ടി.ടിജു പരിശോധന വിശദീകരിക്കുന്നതിനിടെ ഫോണ്‍ വന്നതിന് പിന്നാലെ വാര്‍ത്തസമ്മേളനം നിര്‍ത്തുകയായിരുന്നു.
അസാധരണ ധൈര്യവുമായാണ് ഈ ഉദ്യോഗസ്ഥന്‍ അതി രഹസ്യ റെയ്ഡുകള്‍ നടത്തിയത്. ഇതില്‍ മലയാള സിനിമാ ലോകം അടക്കം അമ്പരന്നു എന്നതും വസ്തുതയാണ്. ചില വ്യവസായികളും മൂക്കത്ത് കൈവച്ചു. ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടന്നിരുന്നു. വമ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിഞ്ഞിട്ടും എല്ലാം പൊതു ജനങ്ങളെ അറിയിച്ചു. എന്നാല്‍, അസാധാരണമായ ഫോണ്‍കോളും അതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളം നിര്‍ത്തിയതും ദുരൂഹമായി തുടരുന്നുണ്ട്. അപ്പോഴും ധൈര്യശാലിയായ ടി.ടിജുവിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ തിരഞ്ഞത്.
- ആരാണ് ടി. ടിജു ?
അഴിമതിയ്ക്കെതിരെ എന്നും യുദ്ധ പ്രഖ്യാപിച്ച ഐ.ആര്‍.എസുകാരനാണ് ഈ മലയാളി. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറാണ് നിലവില്‍ ടിജോ തോമസ് എന്ന ടി ടിജു. ഐ.ആര്‍.എസ് 1999 ബാച്ച് ഉദ്യോഗസ്ഥനാണ് ടിജു. 2017 മുതല്‍ കേരളത്തിന്റെ കസ്റ്റംസ്, ജിഎസ്ടി അഡിഷനല്‍ കമ്മിഷണര്‍ ആയിരുന്നു. കേരളം, ആന്ധ്ര , മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഡിആര്‍ഐ, കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് വകുപ്പുകളില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ ദുബായ് കോണ്‍സല്‍ ആയും പ്രവര്‍ത്തിച്ചു. 2019ല്‍ രാഷ്ട്രപതിയുടെ അതി വിശിഷ്ടസേവാ മെഡല്‍ നേടി.
കേരള ലക്ഷദ്വീപ് മേഖലയുടെ ജിഎസ്ടി ഓഡിറ്റ് കമ്മിഷണറായും ഡോ ടി.ടിജു പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഠനത്തില്‍ മിടുക്കനായിരുന്ന ടിജു എംബിബിഎസ് നേടിയ ശേഷമാണ് സിവില്‍ സര്‍വ്വീസില്‍ ചേരുന്നത്. ദുബായ് കോണ്‍സുല്‍ ആയിരിക്കെ ഗള്‍ഫ് മേഖലയില്‍ രക്തദാനത്തിന്റെ പ്രാധാന്യം ചര്‍ച്ചയാക്കിയ വ്യക്തി കൂടിയാണ് ടിജു. ഓണ്‍ലൈനിലൂടെ രക്ത ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക തയ്യാറാക്കേണ്ടതിന്റെ ആവശ്യകത അടക്കം യുഎഇയെ ബോധ്യപ്പെടുത്തുകയും ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗവുമാണ്. എം.ജി.ഒ.സി.എസ്.എം. ഗ്ലോബല്‍ സ്റ്റുഡന്റ് മുന്‍ വൈസ് പ്രസിഡന്റായിരുന്നു.
മുന്‍ ആലുവ യു.സി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. തോമസിന്റെയും വിരമിച്ച ഹെഡ്മിസ്ട്രസ് ലീലമ്മ മാത്യുവിന്റെയും മകനാണ്. നിരണം രൂപതയിലെ പാലക്കാട് തകിടി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സഭയിലെ അംഗമാണ്. ഭാര്യ ഡോ. സോണു മേരി വര്‍ഗീസ് ഒരു ഡെന്റല്‍ സര്‍ജന്‍ ആണ്. മൂന്ന് മക്കളുണ്ട് സോണാ, സോജിത്, സാന്‍ഷിയ. രാഷ്ട്രപതിയുടെ മെഡല്‍ അടക്കം നേടിയ ടിജുവിന് ദുബായിലെ കോണ്‍സുല്‍ ആയി പ്രവര്‍ത്തിച്ച പരിചയം അടക്കമുണ്ട്. ഡോക്ടറായ ശേഷം പൊതു സമൂഹത്തെ സേവിക്കാന്‍ ഐ.ആ.എസ് എടുത്ത ആലുവക്കാരന്‍.
- ഓപ്പറേഷന്‍ നുംഖോറില്‍ കണ്ടെത്തയതെന്ത് ?
ഓപ്പറേഷന്‍ നുംഖോറില്‍ വലിയ ഇടപെടലാണ് ടിജു നടത്തിയത്. 150 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്നും ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വന്‍ ജിഎസ്ടി തട്ടിപ്പും കണ്ടെത്തി. നടന്‍മാരുടെ മൊഴിയെടുക്കുമെന്നും വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടര്‍ നടപടി. ഭൂട്ടാനിലെ നിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി.
ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ സ്വര്‍ണവും മയക്കുമരുന്നും എത്തിക്കുന്നതായി സംശയം.പരിവാഹന്‍ വെബ് സൈറ്റില്‍ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നീ നടന്‍മാരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
പൃഥിരാജിന്റെ വാഹനങ്ങള്‍ ഒന്നും നിലവില്‍ പിടികൂടിയിട്ടില്ല. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. 2014ല്‍ നിര്‍മിച്ച വാഹനം 2005ല്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ ഒന്നാമത്തെ യൂസറായി കാണിച്ചിട്ടുണ്ട്. ഇന്‍ഡോ-ഭൂട്ടാന്‍ അതിര്‍ത്തി വഴി കാറുകളില്‍ സ്വര്‍ണവും മയക്കുമരുന്നുകളും കൊണ്ട് വരുന്നുണ്ടെന്ന് വിവരങ്ങളും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം വാങ്ങിയതും വിറ്റിട്ടുള്ളതും പൂര്‍ണ്ണമായും നിയമവിരുദ്ധമായ ഇടപാടുകളിലൂടെയാണ്.
- കൂടുതല്‍പേര്‍ കുടുങ്ങുമോ ?
കേരളത്തില്‍ 150ല്‍ അധികം വാഹനങ്ങള്‍ എത്തിച്ചെന്നാണ് കണ്ടെത്തല്‍. ഇത് ആരൊക്കെയാണ് വാങ്ങിയതെന്ന പട്ടിക കസ്റ്റംസ് തയ്യാറാക്കിയിരുന്നു. വിപണി വിലയുടെ പകുതി മാത്രം നല്‍കി വാഹനങ്ങള്‍ സ്വന്തമാക്കിയവരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഓപ്പറേഷന്‍ നുംഖോറില്‍ കൂടുതല്‍ പേര്‍ കുരുങ്ങുമെന്നുറപ്പായി. 30 ഇടങ്ങളിലാണ് പരിശോധന നടന്നതെന്നാണ് വിവരം. കേരള ആന്‍ഡ് ലക്ഷദ്വീപ് കസ്റ്റംസ് കമ്മീഷണറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ പരിശോധന നടന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 15 കാറുകള്‍ പിടിച്ചെടുത്തു. മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമില്‍ നിന്ന് മാത്രം 15 കാറുകളാണ് പിടിച്ചെടുത്തത്. കുറ്റിപ്പുറം, തൊണ്ടയാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ കാറുകള്‍ വീതവും പിടിച്ചെടുത്തു.
- പിഴയില്‍ തീരില്ല ?
നടപടികള്‍ പിഴയില്‍ ഒതുങ്ങില്ലെന്ന സൂചനയാണ് കസ്റ്റംസ് നല്‍കുന്നത്. അറസ്റ്റ് വരെ ഉണ്ടായേക്കാമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പിഴയടച്ചാല്‍ മതി. പൃഥിരാജിന്റെ വീട്ടില്‍ നിന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നില്ല. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്റെയും, അമിത് ചക്കാലക്കലിന്റെയും വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇരുവര്‍ക്കും നോട്ടീസ് നല്‍കും. അനധികൃത വാഹന ഇടപാടില്‍ താരങ്ങളുടെ പങ്ക് അന്വേഷണം കഴിഞ്ഞ് മാത്രമേ പറയാനാകൂവെന്നും കസ്റ്റംസ് വിശദീകരിച്ചു.
CONTENT HIGH LIGHTS; Who is Customs Commissioner T. Tiju?: Ordered a raid in the morning, returned the raid with a phone call in the evening?; Who is the mastermind of Operation Numkhor?
















