കിരൺ ദേശായി എന്ന എഴുത്തുകാരി വീണ്ടും ചരിത്രത്തിലേക്ക് നടന്നടുക്കുകയാണ്.ഭാഗ്യം കൈവിട്ടില്ലെങ്കിൽ ഒരു ബുക്കർ പുരസ്‌കാരം കൂടി അവരുടെ പേരിനൊപ്പം എഴുതിചേർക്കപ്പെടും. ‘ദി ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി’ എന്ന നോവലാണ് ഇത്തവണ ബുക്കർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിലുള്ളത്. അമേരിക്കയിലെ യുവ ഇന്ത്യക്കാരെക്കുറിച്ചുള്ള “ബൃഹത്തും ആഴത്തിലുള്ളതുമായ” കഥ എന്നാണ് നോവലിനെ വിശേഷിപ്പിക്കുന്നത്.
2006ൽ ‘ദി ഇൻഹെറിറ്റൻസ് ഓഫ് ലോസ്’ എന്ന കൃതിക്ക് കിരൺ ബുക്കർ പ്രൈസ് നേടിയിട്ടുണ്ട്. 19 വർഷങ്ങൾക്കുശേഷം എഴുതിയ പുതിയ നോവൽ ‘ദി ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി’ ആണ് 2025ലെ ബുക്കർ പ്രൈസിനായി ഷോർട്ട് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഹാമിഷ് ഹാമിൽട്ടണിൽ പ്രസിദ്ധീകരിച്ച 667 പേജുകളുള്ള പുസ്‌തകം കിരണ്‍ ദേശായിയുടെ ഏറ്റവും ദൈർഘ്യമേറിയ നോവലാണ്.
‘രണ്ടുപേർ പരസ്‌പരം സ്നേഹിക്കുകയും മുന്നോട്ടുള്ള വഴി കണ്ടെത്തുന്നതിനെയും കുറിച്ചുള്ള ഇതിഹാസ നോവൽ. വർഗം, വംശം, ദേശീയത എന്നിവയാൽ സമ്പന്നമാണ് ഈ നോവൽ. അമേരിക്കയിലെ ഇന്ത്യക്കാരെക്കുറിച്ചുള്ള ഈ നോവൽ പാശ്ചാത്യവത്‌കരിക്കപ്പെട്ട ഇന്ത്യക്കാർ അവരുടെ രാജ്യത്തെ വീണ്ടും കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഒന്നാണ്. വിശാലവും ആഴത്തിലുള്ളതുമായ ഈ പുസ്‌തകം ഒരു പ്രണയകഥയ്ക്കുള്ളിലെ മാന്ത്രിക റിയലിസ്റ്റ് കഥയാണ്. ലോകത്ത് ഇന്ത്യൻ നോവലിൻ്റെ സ്ഥാനത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നു. വലുതും ചെറുതുമായ വിവരണങ്ങള്‍ ദേശായിയുടെ ശ്രദ്ധയിൽ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് തോന്നുന്ന രീതി ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. ഓരോ കഥാപാത്രവും പൂർണമായി മനസിലാക്കപ്പെടുന്നു. തത്ത്വചിന്ത, ഹാസ്യം, ആത്മാർഥത, വൈകാരികം, അദൃശ്യം എന്നിങ്ങനെ വിവിധ രീതികളിൽ എഴുത്ത് തികഞ്ഞ് നിൽക്കുന്നു.’- പാനൽ നിരൂപകർ വിലയിരുത്തുന്നു.
ഏകദേശം 20 വർഷത്തോളം ചെലവഴിച്ചാണ് ദി ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി എഴുതിയിട്ടുള്ളത്. ബുക്കർ പുരസ്‌കാരം ലഭിച്ചാൽ 56 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കും. അഞ്ചാമത്തെ ഇരട്ട ജേതാവായും കിരണ്‍ ദേശായി മാറും. ഇന്ത്യയ്‌ക്ക് ഇത് വലിയ നേട്ടമായിരിക്കും എന്നതിൽ സംശയമില്ല. ഇതിന് മുൻപ് എഴുത്തുകാരി ബാനു മുഷ്‌താക്കും വിവർത്തക ദീപ ഭാസ്‌തിയുമാണ് ‘ഹാർട്ട് ലാമ്പ്’ ഇൻ്റർനാഷണൽ ബുക്കർ സമ്മാനം നേടിയത്.
അതേസമയം പഴയകാല സൗന്ദര്യത്തോടുകൂടിയ ഒരു വർത്തമാനകാല പ്രണയം എന്നാണ് കിരണ്‍ ദേശായി നോവലിനെ കുറിച്ച് പ്രതികരിച്ചത്. “ആധുനിക ലോകത്തിലെ പ്രണയത്തെയും ഏകാന്തതയേയും കുറിച്ചുള്ള ഒരു കഥ എഴുതാൻ ഞാൻ ആഗ്രഹിച്ചു. പഴയകാല സൗന്ദര്യത്തോടുകൂടിയ ഒരു വർത്തമാനകാല പ്രണയം, ഭൂമിശാസ്ത്രപരമായും തലമുറകളിലൂടെയും ഞാൻ സഞ്ചരിച്ചു, എൻ്റെ നോവലിൻ്റെ വ്യാപ്‌തി വിപുലീകരിക്കാനും ഏകാന്തതയെക്കുറിച്ച് കൂടുതൽ വിശാലമായ അർഥത്തിൽ എഴുതാനും കഴിയുമെന്ന് ഞാൻ മനസിലാക്കി. പ്രണയത്തിൻ്റെ ഏകാന്തത മാത്രമല്ല, വർഗത്തിൻ്റെയും വംശത്തിൻ്റെയും വലിയ വേർതിരിവുകൾ, രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം, ഒരു പഴയ ലോകത്തിൻ്റെ വേഗത്തിലുള്ള തിരോധാനം – ഇതെല്ലാം ഏകാന്തതയുടെ രൂപങ്ങളായി കാണാൻ കഴിയും” – കിരണ്‍ ദേശായി പറഞ്ഞു.
ന്യൂഡൽഹിയിൽ ജനിച്ച് വളർന്ന കിരണ്‍ ദേശായി പതിനഞ്ചാം വയസിലാണ് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് താമസം മാറിയത്. അതിനുശേഷം അമേരിക്കയിലേക്കും താമസം മാറി. അമ്മ അനിത ദേശായി മൂന്ന് തവണ ബുക്കർ പുരസ്‌കാരത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2025ലെ വിജയിയെ നവംബർ 10ന് പ്രഖ്യാപിക്കും.
















