മണിക്കൂറുകള്‍ക്കു മുന്‍പ് കേരളാ പോലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ആ വീഡിയോ കണ്ടവര്‍ വീണ്ടും വീണ്ടും കണ്ടു. ഷെയര്‍ ചെയ്തു. കമന്റുകള്‍ കൊണ്ട് സ്‌നേഹവും പോലീസിനോടുള്ള ഇഷ്ടവും നിറച്ചു കൊണ്ടിരിക്കുന്നു. ചിലരാകട്ടെ ആ വീഡിയോ കണ്ട് കരഞ്ഞുവെന്ന് ആത്മാര്‍ത്ഥമായി എഴുതി. ചിലര്‍ പോലീസിനെ വെറുക്കുന്നുവെന്നു പറഞ്ഞ അതേ നാവുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്നു പറയുന്നു. ഒരു വിങ്ങലോടെയല്ലാതെ ആ വീഡിയോ കണ്ടു തീര്‍ക്കാനാവില്ല എന്നുറപ്പാണ്.
കാക്കിയിട്ടവരുടെ ക്രൂരതകളും, കണ്ണില്‍ കാണുന്നവരെയെല്ലാം പ്രതികളുടെ കണ്ണില്‍ നോക്കുകയും, പരുക്കന്‍ നിലപാടുകളുമുള്ള പോലീസാണോ ഇതു ചെയ്തതെന്നു തോന്നിപ്പോകും. അതെ, അതേ കാക്കിയിട്ട കാവല്‍ക്കാര്‍ തന്നെയാണ് ഇതും. പോലീസിന്റെ ഫേസ്ബുക്കിലിട്ടിരിക്കുന്ന വീഡിയോ മണിക്കൂറുകള്‍ കൊണ്ടുതന്നെ കണ്ടവരുടെ എണ്ണവും ഷെയര്‍ ചെയ്തവരുടെ എണ്ണവും നോക്കിയാല്‍ മനസ്സിലാകും ആ വീഡിയോയുടെ ജീവന്‍. കായലിലേക്ക് ചാടാന്‍ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ താഴെയിറക്കാന്‍ സ്‌നേഹബുദ്ധിയാല്‍ ശ്രമിക്കുന്ന പോലീസുകാര്‍. നയത്തിലും സ്നേഹത്തോടെയും വിശ്വാസം കൊടുത്തുമൊക്കെ അയാളെ ജീവിതത്തിലേക്ക് തിരിച്ചിറക്കുന്ന മനോഹരമായ ദൃശ്യം.
എല്ലാ പോലീസുകാരും കരുണയില്ലാത്തതും, കാക്കി, ശരീരത്തില്‍ കയറിയാല്‍ പരുക്കനാകുന്നവരുമല്ല. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരമെത്രയാണെന്ന് കൃത്യമായും വ്യക്തമായും മനസ്സിലാക്കാനും അതേ ഗൗരവത്തോടെ അതിനെ സമീപിക്കാനും കഴിവുള്ള മനുഷ്യത്വമുള്ളവരും അക്കൂട്ടത്തിലുണ്ട്. സല്യൂട്ട് ആറ്റിങ്ങല്‍ പോലീസിന്.
ഇതാണ് ആറ്റിങ്ങല്‍ അയിലം പാലത്തില്‍ സംഭവിച്ചത് ?
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്. ആറ്റിങ്ങല്‍ സി.ഐ അജയനും എസ്.ഐ ജിഷ്ണുവും ഒരു കേസിനെ സംബന്ധിച്ച കാര്യം സംസാരിക്കുമ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍വരുന്നു. അറ്റിങ്ങല്‍ സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന അയിലം പാലത്ത് ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്നുവെന്നാണ് വിവരം. ആറ്റിങ്ങല്‍ ബോര്‍ഡറിലാണ് ഈ സ്ഥലം. വെഞ്ഞാറമൂടിനും ആറ്റിങ്ങലിനും ഇടയില്‍. സ്‌റ്റേഷനില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരമുണ്ട്. വിവരം അറിഞ്ഞയുടന്‍ എസ്.ഐ ജിഷ്ണുവും എ.എസ്.ഐ മുരളീധരനും സ്ഥലത്തേക്ക് പോയി. പത്തു കിലോമീറ്റര്‍ ദൂരം എത്ര പെട്ടെന്നാണ് ഓടിയെത്തിയതെന്ന് ഇപ്പോഴും അവര്‍ക്കറിയില്ല. ഒരു ജീവന്‍ രക്ഷിക്കാന്‍ എടുത്ത സമയവും താണ്ടിയ ദൂരവും എത്രയാണെന്ന് ചിന്തിക്കാനാവില്ലെന്നു തന്നെ പറയേണ്ടി വരും.
അയിലം പാലത്തില്‍ പോലീസ് എത്തുമ്പോള്‍ കാണുന്നത്, പാലത്തിന്റെ കൈവരിയില്‍ നിന്നും പൂര്‍ണ്ണമായി അയാള്‍ വെള്ളമുള്ള ഭാഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞു. കൈവരിയില്‍ നിന്നും പിടുത്തം വിട്ടാല്‍ പുഴയിലേക്കു വീഴും. നീല ടീഷര്‍ട്ടും വെള്ള പാന്‍സുമാണ് വേഷം. സ്ത്രീറ്റ്‌ലൈറ്റിന്റെ വെട്ടമുണ്ട്. ജീപ്പില്‍ നിന്നിറങ്ങിയ എസ്.ഐ ജിഷ്ണു അവനോട് സംസാരിക്കാന്‍ ശ്രമിച്ചു. തിരിച്ചു പറയുന്നതൊന്നും വ്യക്തമോ കൃത്യമോ അല്ലെങ്കിലും, മനസ്സു പതറി നില്‍ക്കുന്നവനാണെന്ന് ജിഷ്ണുവിന് മനസ്സിലായി. അതുകൊണ്ടു തന്നെ അവനെക്കൊണ്ട് സംസാരിപ്പിക്കാന്‍ ശ്രമിക്കാതെ ജിഷ്ണു അവനോട് സംസാരിക്കാന്‍ തുടങ്ങി. പതിയെ അവന്റെ അടുത്തേക്കു നടന്നുകൊണ്ടാണ് സംസാരിച്ചത്. സ്വന്തം അനുജനെ വിളിക്കുന്നതു പോലെയായിരുന്നു ജിഷ്ണു സംസാരിച്ചത്.
‘ഇങ്ങു കേറി വാടാ. എന്തു പ്രശ്‌നമാണെങ്കിലും നമുക്കു പരിഹരിക്കാം. അതിനല്ലേ പോലീസുള്ളത്. നീ കേറിവാ. വാക്കു വാക്കാണ്. ആ താഴെ മൊത്തം കമ്പിയാണ് കോണ്‍ക്രീറ്റിന്റെ. കേറി വാ. പേടിക്കേണ്ടെടാ. കുഴപ്പമില്ലെടാ. നീ ഇരിക്ക്. റെസ്റ്റ് ചെയ്യ്. കരയാതെ, എന്തായാലും പരിഹരിക്കാമെടാ. കരയാതെ. ആണുങ്ങള്‍ കരയരുത്.’
അവന്‍ പതിയെ കയറിവന്നു. ജിഷ്ണുവിനൊപ്പം ഫുട്പാത്തിലിരുന്നു. കുനിഞ്ഞിരുന്നു കരഞ്ഞു. അവനെ സമാധാനിപ്പിച്ച് വിവരങ്ങള്‍ തിരക്കി. പ്രണയ നൈരാശ്യമാണെന്ന് അവന്‍ പറയുമ്പോഴും ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ സമാധാനത്തിലായിരുന്നു പോലീസ് സംഘം. എത്താന്‍ വൈകിയിരുന്നെങ്കിലോ, ആ ഫോണ്‍കോള്‍ വരാതിരുന്നെങ്കിലോ ഒരു ജീവന്‍ ഇന്ന് ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ചിന്തിക്കുമ്പോഴാണ് ജിഷ്ണുവും സംഘവും നടത്തിയ സ്‌നേഹ സ്പര്‍ശമുള്ള ആ പ്രവൃത്തിയുടെ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയുന്നത്.
പ്രണയ നൈരാശ്യം മൂലം 23 വയസ്സുള്ള ശാസ്താം കോട്ടക്കാരനാണ് ആത്മഹത്യ ചെയ്യാനെത്തിയ ചെറുപ്പക്കാരന്‍. തനിക്ക് ഒരു പോലീസുകാരനാകണം എന്നു പറഞ്ഞാണ് അയാള്‍ മടങ്ങിയത്. ആ പയ്യന്റെ വീട്ടില്‍ പോയി മാതാപിതാക്കളെ കണ്ട് അവനോടും സംസാരിക്കുമെന്ന് സി.ഐ അജയന്‍ പറയുന്നു. തന്റെ കീഴിലുള്ള എസ്.ഐയും സംഘവും നടത്തിയ സ്‌നേഹ സ്പര്‍ശമുള്ള, കരുതലോടെയുള്ള ഈ നടപടി അഭിമാനം നല്‍കുന്നുവെന്നും സി.ഐ പറഞ്ഞു. ആറ്റിങ്ങല്‍ സി.ഐ അജയനും എസ്.ഐ ജിഷ്ണുവിനും എസ്.എസ്.ഐ മുരളീധരന്‍ പിള്ളയും, പോലീസ് ടീമിനും ബിഗ് സല്യൂട്ട്.

സമാനമായ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ ഏപ്രില്‍ മാസം കോഴിക്കോട് ഫറൂഖ് പാലത്തിലും സംഭവിച്ചിട്ടുണ്ട്. അതും പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടിരുന്നു. അതും ഒരു 24 വയസ്സുകാരന്‍. ഫയാസ് എന്നാണ് പേര്. ഫറൂഖ് പോലീസിന്റെ സ്‌നേഹ ബുദ്ധിയില്‍ അവനും ഇന്ന് ജീവിച്ചിരിപ്പുണ്ട്. ഒരു നിമിഷത്തില്‍ തോന്നിയ ആത്മഹത്യാ വിചാരത്തെ സ്വന്തം കൂടെപ്പിറപ്പിനെപ്പോലെയാണ് അന്ന് പോലീസുകാര്‍ ജീവിതത്തിലേക്ക് നടത്തിയത്. പോലീസിനെ സംബന്ധിച്ചിടത്തോളം, ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി, വീട്ടിലേക്ക് പറഞ്ഞു വിട്ടാല്‍ തീര്‍ക്കേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു അത്. എന്നാല്‍, അതല്ല അവിടെ സംഭവിച്ചത്. എടുത്തു പറയേണ്ട കാര്യം പോലീസിന്റെ കരുതലാണ്. കേരളാ പോലീസിന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത് വെറും മിനിട്ടുകള്‍ മാത്രമുള്ള വീഡിയോയാണ്. എന്നാല്‍, ആ രാത്രി മുഴുവന്‍ ഒരാള്‍ക്കു വേണ്ടി മാറാട് സിഐയും മറ്റു പോലീസ് സംഘവും എടുത്ത മാനസികവും ശാരീരികവുമായ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എങ്കിലും ആ ഫേസ്ബുക്ക് വീഡിയോ ആയിരക്കണക്കിനു പേരാണ് കണ്ടത്. അവര്‍ക്കെല്ലാം ഒരേ അഭിപ്രായവും.
CONTENT HIGH LIGHTS; “Loving Police”?: The care that gave courage to a young man who was about to commit suicide from the Attingal Aylam bridge; Big salute
















