സിനിമ ഇന്ന് കീറിമുറിക്കപ്പെടുകയാണ്. പലപ്പോഴും വിചിത്രകാരണങ്ങളാണ് പല സിനിമകളുടെയും സെൻസർറിങ് സയത്ത് സിബിഎഫ്സി ഉന്നയിക്കുന്നത്. യുക്തിക്ക് നിരക്കാത്ത വാദഗതികൾ നിരത്തിയാണ് പല സിനിമകൾക്ക് മുകളിലും ബോർഡ് കത്തി വെക്കുന്നതെന്ന് ചില ചലച്ചിത്ര പ്രവർത്തകർ തന്നെ ആരോപിക്കുന്നു. ഇന്ത്യൻ സിനിമാ രംഗത്ത് സെൻസർ ബോർഡുമായ് ബന്ധപ്പെട്ട വാർത്തകളിൽ സ്ഥിരം കേട്ടുവരുന്ന വാക്കാണ് സെൻസർഷിപ്പ് രാജ്. കലാപരമായ സൃഷ്ടികളിൽ ഏതെങ്കിലും അതോറിറ്റി നടത്തുന്ന അമിതവും ഏകപക്ഷീയവുമായ നിയന്ത്രണങ്ങളെയാണ് സെൻസർഷിപ്പ് രാജ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നിയമപ്രകാരം, സിബിഎഫ്സിയുടെ പ്രധാന ചുമതല സിനിമകൾക്ക് പ്രദർശനാനുമതി നൽകുക എന്നതാണ്. അല്ലാതെ അവയെ സെൻസർ ചെയ്യുകയല്ല. ഒരു സിനിമയിലെ ഉള്ളടക്കം ഏത് പ്രേക്ഷകർക്ക് അനുയോജ്യമാണെന്ന് നിർണ്ണയിച്ച് സർട്ടിഫിക്കേഷൻ നൽകുകയാണ് ബോർഡ് ചെയ്യേണ്ടത്. എന്നാൽ പലപ്പോഴും അതല്ല സംഭവിക്കുന്നത്. ഒരു ചിത്രത്തെ പരമാവധി ചിത്രവധം ചെയ്യുകയാണ് സെൻസർബോർഡ്. സെൻസർ ബോർഡിന് ഏറ്റവും വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ പോലും ഇത്തരത്തിലുള്ള വിചിത്ര വെട്ടിന് ഇരയാകുന്നുണ്ടെന്നതാണ് യാഥാർഥ്യം.
വിവേക് അഗ്നിഹോത്രയുടെ ഏറ്റവും പുതിയ ചിത്രമായ ദി ബംഗാൾ ഫയൽസുമായി ബന്ധപ്പെട്ടുള്ള സെൻസർ ബോർഡിന്റെ ചില കടുംവെട്ടുകൾ തന്നെ ഇതിന് ഉദ്ദാഹരമാണ്. ബോർഡിന്റെ പിടിവാശി മൂലം ചിത്രത്തിന്റെ സെൻസറിങ് നിർത്തിവെച്ചിരിക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പോലീസ് സ്‌റ്റേഷനിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം ഒഴിവാക്കണമെന്നാണ് ബോർഡിലെ ചിലരുടെ ആവശ്യം . ഇതിനുപകരം മദർ തേരസയുടെ ചിത്രം ഉപയോഗിക്കാനാണ് നിർദേശം.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് സീതാ മണ്ഡൽ എന്നാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു എംഎൽഎ പത്രപ്രവർത്തകയായ സീതാ മണ്ഡലിനെ തട്ടികൊണ്ടുപോകുന്നത് സിനിമയിലെ പ്രധാന ഭാഗമാണ്. എന്നാൽ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒടുവിൽ കഥാപാത്രത്തിന്റെ പേര് ഗീത എന്ന് പുനർനാമകരണം ചെയ്തതിന് ശേഷമാണ് ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് നൽകിയത്.
സമാനമായ സംഭവമാണ് മലയാള സിനിമയായ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിനും സംഭവിച്ചത്. ലൈംഗിക പീഡനത്തിനരയാകുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ജാനകി എന്നത് മാറ്റണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. സീതയുടെ മറ്റൊരു പേരായ ജാനകി എന്നത് ഇത്തരമൊരു കഥാപാത്രത്തിന് ഇടുന്നത് ഹൈന്ദവ വിശ്വാസികളിൽ നിന്ന് എതിർപ്പുയരാൻ ഇടയാകുമെന്നാണ് ബോർഡ് ചൂണ്ടിക്കാട്ടിയത്. നീണ്ട കോടതി വ്യവഹാരത്തിനൊടുവിൽ ചിത്രത്തിന്റെ പേര് വി.ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
ഇത്തരത്തിൽ നിരവധി ചിത്രങ്ങൾക്കാണ് ബോർഡിന്റെ വിചിത്ര വെട്ടിന് ഇരയാകേണ്ടി വന്നത്. തന്റെ മാൻ ഓഫ് സ്റ്റീൽ സർദാറിലെ റാൻഡം സീക്വൻസുകൾ സംബന്ധിച്ചുള്ള ബോർഡിന്റെ എതിർപ്പിൽ സിബിഎഫ്സി അംഗം കൂടിയായ മഹേഷ് ഭൂട്ട പരസ്യമായി തന്റെ എതിർപ്പ് അറിയിച്ചിരുന്നു.
ബോർഡിനെ തന്റെ അതൃപ്തി അറിയിച്ചതായി വൃത്തങ്ങൾ പറഞ്ഞു. താമസിയാതെ, ഈ ജൂലൈയിൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിച്ചു. ഭൂട്ടയുമായി ബന്ധപ്പെട്ടപ്പോൾ അഭിപ്രായം പറയാൻ വിസമ്മതിച്ചു. മൂന്ന് വർഷം നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് അക്ഷയ് കുമാർ നായകനായ ജോളി എൽഎൽബി 3 എന്ന ചിത്രം വിലയിരുത്താൻ ഒരു റിവൈസിംഗ് കമ്മിറ്റിയെ സെൻസർ ബോർഡ് നിയോഗിച്ചത്.
ജാതി പരാമർശങ്ങളുടെ പേരിൽ കത്തിവെയ്ക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണവും കുറവല്ല. സാമൂഹിക പരിഷ്‌കർത്താവായ ജ്യോതിറാവു ഗോവിന്ദറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച അനന്ത് മഹാദേവന്റെ ഫൂലെ, ജാതി പരാമർശങ്ങളുടെ പേരിൽ സെൻസർ ചെയ്യപ്പെട്ടു. ഒരു ഡസനോളം മാറ്റങ്ങളോടെയാണ് ചിത്രത്തിന് പ്രദർശാനുമതി നൽകിയത്.
സെൻസർ ബോർഡിന്റെ കത്തിയിൽ കുരുങ്ങുന്ന വാണിജ്യ സിനിമകളുടെ എണ്ണവും കുറവല്ല. വിവിധ ഭാഷകളിൽ ഇറങ്ങിയ മോഹൻലാൽ ചിത്രം എമ്പൂരാനാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഗുജറാത്ത് കലാപം, എൻ.ഐ.എ. പരമാർശങ്ങൾ ഉൾപ്പടെ 24 മാറ്റങ്ങളാണ് ചിത്രത്തിൽ നിർദേശിച്ചത്.
അമീർഖാന്റെ സിതാരെ സമീൻ പർ എന്ന് ചിത്രത്തിനും തുടക്കത്തിൽ നിരവധി വെട്ടലുകളാണ് സെൻസർ ബോർഡ് നിർദേശിച്ചത്. എന്നാൽ ഇതിന് വഴങ്ങാൻ നിർമാതാവുകൂടിയായ അമീർ ഖാൻ തയ്യാറായില്ല. ഇതിനുപിന്നാലെ ചിത്രത്തിന്റെ സെൻസറിങ് റിവൈസിംങ് കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു. ഒടുവിൽ ചിത്രത്തിൽ ചില മാറ്റങ്ങൾക്ക് അമീർ ഖാൻ വഴങ്ങി. അതിനൊപ്പം പ്രധാനമന്ത്രിയുടെ ഒരു ഉദ്ധരണി കൂടി ഉൾപ്പെടുത്തിയാണ് ചിത്രം റിലീസ് ചെയ്തത്.
സിനിമാ വ്യവസായത്തെ അലട്ടുന്ന ഈ വിവാദങ്ങൾ ഇതിൽ ഒതുങ്ങുന്നില്ല. പഞ്ചാബിലെ കലാപങ്ങളെക്കുറിച്ചുള്ള ‘പഞ്ചാബ് ’95’ എന്ന സിനിമ, 100 ലധികം കട്ടുകൾ എന്ന ആവശ്യം നിരസിച്ചതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി റിലീസായിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) എന്ന സ്ഥാപനത്തിന്റെ വിവാദപരമായ തീരുമാനങ്ങൾ ഇന്ത്യൻ സിനിമ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദേശ നിക്ഷേപങ്ങൾ ആകർഷിച്ച് ആഗോള സിനിമ വ്യവസായത്തിന്റെ ഭാഗമാകാൻ ഇന്ത്യ ശ്രമിക്കുമ്പോഴാണ് സെൻസർ ബോർഡ് കത്രികയുമായി എത്തുന്നത്.
സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) നിയമം അനുസരിച്ച് മൂന്ന് മാസത്തിലൊരിക്കൽ സിബിഎഫ്സി യോഗം ചേരണം. എന്നാൽ 12 അംഗങ്ങളുള്ള ബോർഡ് അവസാനമായി യോഗം ചേർന്നത് ആറ് വർഷം മുൻപാണ്. സിബിഎഫ്സിയുടെ വെബ്സൈറ്റിൽ ലഭ്യമായ അവസാന വാർഷിക റിപ്പോർട്ട് 2016-17 കാലഘട്ടത്തിലേതാണ്. എല്ലാ വർഷവും വാർഷിക റിപ്പോർട്ട് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ അതും കൃത്യമായി നടക്കുന്നില്ലായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017 ഓഗസ്റ്റ് 1ന് പുനസംഘടിപ്പിച്ച ബോർഡിന്റെ കാലാവധി മൂന്ന് വർഷം വരെയാണ്. 2020 ൽ കാലാവധി അവസാനിച്ചിട്ടും പുതിയ പുനസംഘടന നടന്നിട്ടില്ല.
1983, 2024 വർഷങ്ങളിലെ നിയമങ്ങൾ അനുസരിച്ചാണ് സിബിഎഫ്സി പ്രവർത്തിക്കുന്നതെന്നും എല്ലാ വർഷവും വാർഷിക റിപ്പോർട്ടുകൾ മന്ത്രാലയത്തിന് സമർപ്പിക്കാറുണ്ടെന്നുമാണ് ബോർഡിൻ്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ വക്താവ് മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 മുതൽ ബോർഡ് യോഗങ്ങൾ ചേരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് സിബിഎഫ്സിയുടെ ഓൺലൈൻ സർട്ടിഫിക്കേഷൻ സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് മാത്രമാണ് മറുപടി നൽകിയത്.
ബോർഡിന്റെ ചെയർമാനായി പ്രസൂൺ ജോഷി ചുമതലയേറ്റ ശേഷം ചുരുക്കം ചില അംഗങ്ങൾ മാത്രമാണ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. പ്രമുഖ സംവിധായകരായ വാമൻ കെന്ദ്രെ, ടി.എസ്. നാഗാഭരണ, രമേശ് പതംഗെ എന്നിവർ മാത്രമാണ് മിക്ക റിവൈസിംഗ് കമ്മിറ്റികളുടെയും തലപ്പത്ത് വരുന്നത്.
ഹോംബൗണ്ട് എന്ന സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സാധാരണയായി മുംബൈയിലെ സിബിഎഫ്സി അംഗങ്ങളെയാണ് റിവൈസിംഗ് കമ്മിറ്റികളിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഹോംബൗണ്ടിന്റെ കാര്യത്തിൽ, ബെംഗളൂരുവിൽ നിന്നുള്ള നാഗാഭരണയെയാണ് വിളിച്ചുവരുത്തിയത്. ഹോംബൗണ്ടിൽ ജാതിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ അതൃപ്തിയറിയിച്ച് സംവിധായകൻ നീരജ് ഘയ്വാൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
















