നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിൽ ട്രെയിനി ഡോക്ടർ 21-ാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഥുര സ്വദേശിയായ ശിവയാണ്(29) മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാൾ ഗൗർ സിറ്റി 14-ാം അവന്യൂവിലുള്ള ഒരു റസിഡൻഷ്യൽ ടവറിന്‍റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാതാപിതാക്കൾക്കൊപ്പം ഗൗർ സിറ്റിയിലുള്ള സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു ശിവ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിയ യുവാവ് 21–ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഡൽഹിയിലെ സ്വകാര്യ കോളജിലെ 2015 ബാച്ച് എംബിബിഎസ് വിദ്യാർഥിയായിരുന്നു യുവാവ്. കോവിഡിന് ശേഷം യുവാവിന് മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് പഠനം താൽകാലികമായി നിർത്തിവച്ചിരുന്നു. ഇത് ശിവയെ കൂടുതൽ വിഷാദത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















