സുരേഖ യാദവ്, ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ്. അവർ തന്റെ 36 വർഷത്തെ സേവനത്തിന് അന്ത്യം കുറിക്കുമ്പോൾ ചരിത്രം എഴുതിചേർക്കപ്പെടുകയാണ്. ധൈര്യത്തിന്‍റെയും പ്രചോദനത്തിന്‍റെയും പാരമ്പര്യം അവശേഷിപ്പിച്ചാണ് സുരേഖയുടെ ട്രെയിന്‍ നിയന്ത്രണ യാത്ര സെപ്റ്റംബര്‍ 30ന് അവസാനിപ്പിച്ചത്.
1989-ലാണ് സുരേഖ യാദവ് ഇന്ത്യന്‍ റെയില്‍വേയില്‍ ചേര്‍ന്നത്. അന്ന് പുരുഷാധിപത്യം ഉണ്ടായിരുന്ന റെയില്‍വേ മേഖലയിലെ എല്ലാ വെല്ലുവിളികളെയും സുരേഖ തകര്‍ത്തെറിഞ്ഞു. 1990-ല്‍ സുരേഖ അസിസ്റ്റന്റ് ഡ്രൈവറായി. അതോടെ ഈ രംഗത്തെ ഏഷ്യയിലെ ആദ്യ വനിതാ ട്രെയിന്‍ ഡ്രൈവര്‍ എന്ന പദവിക്ക് സുരേഖ അര്‍ഹയായി.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ 1965 സെപ്റ്റംബര്‍ 2-നാണ് സുരേഖ യാദവ് ജനിച്ചത്. റെയില്‍വേയില്‍ ചേരുന്നതിന് മുമ്പ് സുരേഖ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരുന്നു.
മുംബൈയിലെ പ്രാദേശിക ട്രെയിനുകള്‍ക്ക് പുറമെ, ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള മലമ്പാത (ഘട്ട്) ഭാഗങ്ങളിലൂടെ ഗുഡ്‌സ് ട്രെയിനുകള്‍ ഓടിക്കുകയും ചെയ്തു. കൂടാതെ, രാജ്യത്തെ ഏറ്റവും അഭിമാനകരമായ ട്രെയിനുകളായ വന്ദേ ഭാരത്, രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണവും സുരേഖ ഏറ്റെടുത്തു.
പല ഘട്ടങ്ങളിലൂടെയാണ് സുരേഖ യാദവ് തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ പടിപടിയായി വളര്‍ന്നത്. 1996-ല്‍ ആദ്യമായി ഒരു ഗുഡ്‌സ് ട്രെയിന്‍ ഓടിച്ചു. 2000-ത്തില്‍ ‘മോട്ടോര്‍ വുമണ്‍’ ആയി സ്ഥാനക്കയറ്റം ലഭിച്ചു. 2010-ല്‍ ‘ഘട്ട് ഡ്രൈവറാ’യി യോഗ്യത നേടി. പിന്നീട് വിവിധ റൂട്ടുകളിലെ ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ കമാന്‍ഡ് അവര്‍ ഏറ്റെടുത്തു.സുരേഖയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു 2023 മാര്‍ച്ച് 13-ന് സോളാപൂരിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കന്നി ഓട്ടം.
വിരമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, തന്റെ അവസാന ഡ്യൂട്ടിയായി ഹസ്രത്ത് നിസാമുദ്ദീന്‍ റൂട്ടില്‍ രാജധാനി എക്‌സ്പ്രസ് പൈലറ്റ് ചെയ്യാനും സുരേഖയ്ക്ക് അവസരം ലഭിച്ചു.വിരമിച്ച ദിവസം സുരേഖ യാദവ് തന്‍റെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അവരുടെ സഹപ്രവര്‍ത്തകര്‍ റെയില്‍വേയുടെ പാരമ്പര്യമനുസരിച്ച് അവര്‍ക്ക് ഗംഭീരമായ യാത്രയയപ്പ് നല്‍കിയിരുന്നു.
മധ്യ റെയില്‍വേയുടെ ഔദ്യോഗിക ‘എക്‌സ്’ പേജില്‍ കുറിപ്പിലൂടെ സുരേഖ യാദവിന് ആശംസകള്‍ അറിയിച്ചു: ‘റെയില്‍വേ പതാകവാഹകയ്ക്ക് വിട. ഏഷ്യയിലെ ആദ്യ വനിതാ ട്രെയിന്‍ ഡ്രൈവറായ സുരേഖ യാദവ്, 36 വര്‍ഷത്തെ മഹത്തായ സേവനത്തിന് ശേഷം ഇന്ന് വിടവാങ്ങുന്നു. അവരുടെ അനുകരണീയമായ യാത്ര റെയില്‍വേയിലെ വരും തലമുറയിലെ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പ്രചോദിപ്പിക്കും.’
ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളില്‍ ഒന്നാണ് സുരേഖ യാദവിന്റേത്. അവരുടെ അര്‍പ്പണബോധവും ധൈര്യവും രാജ്യത്തെ അനേകം സ്ത്രീകള്‍ക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ പ്രചോദനമായി എന്നതില്‍ സംശയമില്ലെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സുരേഖയുടെ ജീവിതം ഇന്ത്യൻ റെയിൽവേയിലെ മറ്റ് വനിതകൾക്കെല്ലാം വഴികാട്ടിയും പ്രചോദനവുമായിരുന്നു. ഇന്ന് ഇന്ത്യൻ റെയിൽവേയിൽ 1500 ലധികം വനിതാ ഡ്രൈവർമാർ ഉണ്ട്. അവർക്കെല്ലാം ഈ വഴി തുറന്നുകാട്ടിയത് സുരേഖയുടെ ആത്മ ധൈര്യമായിരുന്നു. സഹപ്രവർത്തകരിൽ നിന്ന് ലഭിച്ച പ്രോത്സാഹനവും ബഹുമാനവും തന്റെ യാത്രകളെ കൂടുതൽ എളുപ്പമാക്കിയെന്ന് സുരേഖ പറയുന്നു. 2018 ലെ വനിതാ ദിനത്തിൽ, സ്ത്രീകൾ മാത്രമുള്ള ഒരു പ്രത്യേക ട്രെയിൻ ഓടിച്ചുകൊണ്ടും സുരേഖ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
















