ഒരായുസ്സ് മുഴുവന്‍ ഒരു വകുപ്പിനു വേണ്ടി ജീവിച്ചു തീര്‍ത്ത് ഒടുവില്‍, ആ ജോലികൊണ്ട് ഉണ്ടായ ഹൃദ്ദ് രോഗത്താല്‍ മരിച്ചു വീഴുന്ന സഹപ്രവര്‍ത്തകന്റെ മുഖം അവസാനമായി കാണാന്‍ പോകുന്നവര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കാത്ത നെറികെട്ട വകുപ്പായി മറിയിരിക്കുകയാണ് KSRTC. കടത്തില്‍ നിന്നു പിടിച്ചുയര്‍ത്തുന്ന വീരകഥകള്‍ മാത്രം പ്രചരിപ്പിക്കുകയും ശമ്പളവും പെന്‍ഷനും നേരത്തെ നല്‍കുന്നുവെന്ന മേനി പറയുകയും ചെയ്യുന്നതല്ലാതെ ജീവനക്കാര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വിഷമങ്ങളും സമ്മര്‍ദ്ദങ്ങളും പുറംലോകം അറിയുന്നില്ല. നോക്കൂ, കഴിഞ്ഞ ദിവസം മരണപ്പെട്ട ഒരു സഹപ്രവര്‍ത്തകന്റെ വീട്ടില്‍ മരണ ശുശ്രൂഷയ്ക്കു പോകാന്‍ ഡിപ്പോയിലെ ജീവനക്കാരെല്ലാം ഒരു KSRTC ബസ് എടുത്തു.
എന്നാല്‍, ആ ബസിന്റെ വാടക അടയ്‌ക്കേണ്ടി വന്നതിന്റെ മനോവിഷമത്തിലാണ് ഓരോ ജീവനക്കാരും. ബസ് വിട്ടു തരാന്‍ ബസിന്റെ വാടകയിനത്തില്‍ ജീവനക്കാര്‍ പണം നല്‍കേണ്ട അവസ്ഥ, എത്ര പരിതാപകരമാണെന്ന് ചിന്തിച്ചു നോക്കൂ. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഇറങ്ങിയ കോട്ടയം കഞ്ഞിക്കുഴി ഡിപ്പോയിലെ ഡ്രൈവര്‍ സിബി മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഹൃദയാഘാതം മൂലമായിരുന്നു മരണം. എന്നാല്‍, മരണാനന്തരം സഹപ്രവര്‍ത്തകനെ ഒരു നോക്കു കാണാന്‍ ഡിപ്പോയിലെ ജീവനക്കാരെല്ലാം പോകാന്‍ തീരുമാനിച്ചു. പക്ഷെ, ജീവനക്കാര്‍ക്ക് പോകാന്‍ KSRTC ബസ് വിട്ടു കൊടുത്തെങ്കിലും അതിന് വാടക ഈടാക്കിയത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്.
കോട്ടയത്തു നിന്നും കഞ്ഞിക്കുഴി വരെ കുറഞ്ഞത് പത്തു കിലോമീറ്ററേ വരൂ. ഈ ദൂരം പോയതിനാണ് ജീവനക്കാരില്‍ നിന്നും വാടക ഈടാക്കിയരിക്കുന്നത്. കേരളത്തിലെ പ്രമുഖര്‍ മരിക്കുമ്പോള്‍ സ്വന്തം ചിലവില്‍ KSRTC ബസ് ഡെക്കറേഷന്‍ നടത്തി ഫ്രീ ആയിട്ട് വിട്ടുകൊടുക്കുന്നവരാണ് ഇതു ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് ഓറോ ജീവനക്കാരനും മനോവേദന ഇരട്ടിക്കുന്നത്. കേരളത്തിലെ മുന്‍ മുഖ്യമാരായിരുന്നവരുടെ മരണാനന്തരം തിരുവനന്തപുരത്തെ പൊതു ദര്‍ശം കഴിഞ്ഞ് അവരുടെ നാട്ടിലേക്ക് വിലാപയാത്രയ്ക്കായി വിട്ടു നല്‍കുന്നത് KSRTC എ.സി ബസുകളാണ്. അതും ഒന്നില്‍ കൂടുതല്‍. വിലാപയാത്രയ്ക്കു പിന്നാലെ മറ്റുള്ളവര്‍ക്കു പോകാനാണ് ഒന്നില്‍ കൂടുതല്‍ ബസ് വിട്ടു കൊടുക്കുന്നത്.
ഇതിന് സര്‍ക്കാരോ ഗതാഗത വകുപ്പോ KSRTCക്ക് പണം അടയ്ക്കുന്നില്ല എന്നത് സത്യമാണ്. അത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് KSRTC വാടക വാങ്ങുന്നത് ശരിയല്ല എന്നുതന്നെയാണ് വിശ്വാസവും. എന്നാല്‍, അത്തരം യാത്രകള്‍ ഫ്രീ ആക്കുന്ന സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും എന്തു കൊണ്ടാണ് KSRTCയിലെ ജീവനക്കാര്‍ മരിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് പോകാന്‍ വാഹനം ഫ്രീ ആയി വിട്ടുകൊടുക്കാത്ത്. ഇത് സര്‍ക്കാരിന്റെയും KSRTCയുടെയും കൃത്യമായ അജണ്ടയല്ലേ. KSRTC ജീവനക്കാരന്‍ മരിച്ചാല്‍ പട്ടിയുടെ വിലപോമില്ല. പക്ഷെ, ഏതെങ്കിലും രാഷ്ട്രീയത്തില്‍ വിശ്വിക്കുന്ന നേതാക്കള്‍ മരിച്ചാല്‍ വണ്ടി ഫ്രീ. ഇത് രണ്ടു നീതിയാണ്. വളയം പിടിച്ച് ക്ഷയരോഗിയും, ഹൃദ്ദ്രോഗിയുമൊക്കെ ആകുന്ന KSRTC ജീവനക്കാരെ കാണാതെ പോകുന്ന വകുപ്പിനോട് പുച്ഛവും സഹതാപവും മാത്രമാണുള്ളതെന്ന് ജീവനക്കാര്‍ പറഞ്ഞു തുടങ്ങി.
KSRTC നേട്ടമുണ്ടാക്കുന്നത്, KSRTCയിലെ ജീവനക്കാരെ പട്ടിക്കു സമമാക്കിയും, മാനസിക സമ്മര്‍ദ്ദം നല്‍കിയും ശാരീരിമായി രോഗികളാക്കിയുമാണെന്നും വിമര്‍ശനമുണ്ട്. കഴിഞ്ഞ ദിവസം മരണപ്പെട്ട സഹപ്രവര്‍ത്തകന്‍ സിബിയുടെ ശവസംസ്‌കാരത്തിന് ശേഷം ഒരു ജീവനക്കാരന്‍ എഴുതിയ ഹൃയ ഭേദകമായ കുറിപ്പ് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്.
ആ കുറിപ്പ് ഇങ്ങനെ
പ്രിയ സിബി
നിന്നെ കാണാന്‍ ഒരു നോക്ക് വന്നതാണ് ഞാന്‍. വന്നപ്പോള്‍ കോര്‍പറേഷന്റെ വക ഒരു ബസ്സ് നിന്റെ വീട്ടിലേക്ക് പുറപ്പെടുന്നു എന്നറിഞ്ഞു.ഈ സ്ഥാപനം നിനക്ക് തരുന്ന അവസാനത്തെ ആദരവ്. ഞാനും വന്നു. എന്നാല്‍ യാത്രാ മദ്ധ്യേ ബസ്സ് കൂലി നല്‍കാന്‍ പണം പിരിക്കുന്നത് കണ്ടപ്പോള്‍ ഉള്ള ആകാംക്ഷ. എനിക്കും അതില്‍ പങ്ക് ചേരണം. എന്നാല്‍ അത് നിന്നെ കാണാന്‍ വരുന്ന നീ ജോലി ചെയ്ത സ്ഥാപനത്തിന്റെ ഔദ്യോഗിക ബസ്സിന്റെ കൂലി നിര്‍ണ്ണയം ആണെന്ന് പിന്നീട് ആണ് ഞാന്‍ അറിഞ്ഞത്. ഏതൊരു സ്ഥാപനവും അവന്‍ സ്ഥിരം ആയിക്കോട്ടെ അസ്ഥിരം ആയിക്കോട്ടെ,അവന്റെ വിട പറയും വേളയില്‍ ഒരു സൗജന്യം നല്‍കാറുണ്ട്.
അത് ഹോട്ടലില്‍ നില്‍ക്കുന്ന ഒരാളുടെ ആണെങ്കില്‍ പോലും അവന്റെ മരണ ചടങ്ങുകള്‍ക്ക് അന്നത്തെ അവിടുത്തെ പലഹാരങ്ങള്‍ എങ്കിലും കൂടുതല്‍ ആയി അവിടെ എത്തിച്ചു ആ തൊഴിലാളിയോട് ഉള്ള ആദരവ് അതിന്റെ മുതലാളി പ്രകടിപ്പിക്കും. എന്നാല്‍ പത്ത് കിലോമീറ്റര്‍ ദൂരം വരെ നിന്റെ ചേതന അറ്റ ശരീരം കാണുന്നതിന് എത്താന്‍ കോട്ടയം ഡിപ്പോയില്‍ നിന്നും വന്ന വണ്ടിക്ക് 3600/-(മൂവായിരത്തി അറുനൂറു)രൂപ ഈടാക്കിയത് എത്ര നെറികെട്ട പരിപാടിയാണ്. മുണ്ടക്കയത്ത് കുറച്ചു നാള്‍ മുന്‍പ് ഒരു AO മരിച്ചപ്പോള്‍ സൗജന്യമായി പോയ കിലോമീറ്റര്‍ എത്രയായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു പോകുന്നു. നീ പണിയെടുത്തു കൊണ്ട് വന്ന വരുമാനത്തില്‍ നിന്നും ഒരു വീതം എങ്കിലും ശമ്പളം വാങ്ങിയവര്‍ നിന്നോട് കാട്ടിയ അനാദരവ് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്ക് ആവുന്നില്ല.
ഒരു യൂണിറ്റ് അധികാരി വിചാരിച്ചാല്‍ എം സി റോഡില്‍ കാലി ഓടുന്ന ഒരു വണ്ടി ഡയറക്ട് ചെയ്ത് തന്നിരുന്നു എങ്കില്‍ ഈ പെയ്ഡ് സംവിധാനം നിന്നെ കാണാന്‍ ഉപയോഗിക്കേണ്ടി വരില്ലായിരുന്നു. ഇനി ഉപയോഗിച്ചാല്‍ തന്നെ പത്ത് കിലോമീറ്റര്‍ 50 epkm ല്‍ ഓടിയാല്‍ പോലും അഞ്ഞൂറ് രൂപ നിരക്കില്‍ അപ്പ് ആന്‍ഡ് ഡൗണ്‍ ആയിരം രൂപ മതിയാകുമായിരുന്നു. നീ തൊഴിലാളി ആയതു കൊണ്ടാവും നിന്റെ മൃത ദേഹത്തോട് പോലും അനാദരവു കാട്ടിയത്.
ഞാനും ഒരു തൊഴിലാളി ആണ്. നാളെ എന്റെ മൃത ദേഹം കാണാന്‍ വരുന്നവരും ഈ സ്ഥാപനത്തിലെ വണ്ടിയില്‍ പണം മുടക്കി വേണം വരുവാന്‍.
ഇത് വാങ്ങി നിനക്ക് ആദരവ് നിഷേധിച്ച ഉദ്യോഗസ്ഥന്‍ ഇവിടുത്തെ കാക്കി ഇട്ട ഒരു തൊഴിലാളി ആയിരുന്നു എന്നത് നീയും ഞാനും ഓര്‍മ്മിക്കാന്‍ ആവും ഇയാളില്‍ നിന്ന് തന്നെ ഈ തിക്ത ഫലം അനുഭവിച്ചത്.ഇത് കോര്‍പറേഷന്റെ ആദരവ് അല്ലായിരുന്നു എങ്കില്‍ ഇത്രയും തുക ഈടാക്കുമായിരുന്നു എന്ന് അറിഞ്ഞിരുന്നു എങ്കില്‍ ഞങ്ങള്‍ നിശ്ചിത തുകയ്ക്ക് ഒരു പ്രൈവറ്റ് ബസ്സ് ക്രമീകരിക്കുമായിരുന്നു. ചിലപ്പോള്‍ നീ കെ എസ് ആര്‍ ടി സി യിലെ ജീവനക്കാരന്‍ ആണെന്ന് അറിഞ്ഞിരുന്നു എങ്കില്‍ ആ ബസ്സ് മുതലാളി സൗജന്യമായി ഒരു ബസ്സ് വിട്ട് തരുമായിരുന്നു എന്നും അനുമാനിക്കുന്നു. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതില്‍ ഞാന്‍ നാണിക്കുന്നു.
എന്റെ അച്ഛന്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ഒരു ബസ്സ് പോലും സൗജന്യമായി നല്‍കിയില്ല എന്ന് പിന്നീട് നിന്റെ മക്കള്‍ അറിയുമ്പോള്‍????
വഴിയില്‍ പൊലിഞ്ഞ ആ ജീവന്‍, ആ മനുഷ്യനും കഷ്ടപ്പെട്ടിട്ടാണ് ഓണത്തിന് നിങ്ങള്‍ ട്രോഫി നേടിയതെന്ന് മന്ത്രിയും മാനേജ്‌മെന്റും ഓര്‍ക്കണം. പെരുവഴിയില്‍ മരിച്ചു വീണ ഞങ്ങളുടെ പ്രിയപ്പെട്ട സിബിച്ചനോട് കാണിച്ച ഈ അനാദരവ് പൊറുക്കാവുന്നതിലും അപ്പുറമാണ്. അവസാനം കോരി ചൊരിയുന്ന മഴയത്ത് പോകാന്‍ മാര്‍ഗ്ഗമില്ലാതെ ഞങ്ങളെല്ലാം ചേര്‍ന്ന് ഒരു ബസ് 3600/- രൂപയ്ക്ക് വാടകയ്ക്ക് എടുത്താണ് സിബിച്ചന്റെ ഭവനത്തില്‍ പോയത്. നിയമത്തിന്റെ നൂലാമാലകള്‍ കെട്ടി പൊതിഞ്ഞ് കോട്ടയത്തെ ഉന്നതന്‍മാര്‍ രചിച്ച നെറികെട്ട പാഠപുസ്തകം ഞങ്ങളൊരിക്കലും മറക്കില്ല. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ ഒരു കൂടെപിറപ്പ് തന്നെയാണ്.
കോട്ടയത്തെ ഒരു കണ്ടക്ടറുടെ മക്കള്‍ അവര്‍ കരുതി വെച്ചിരുന്ന 5001/- രൂപ സിബി സേവ്യറിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് തന്നു. ഈ കുഞ്ഞുങ്ങള്‍ക്ക് തോന്നിയ മനസാക്ഷി പോലും നാം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേല്‍ അധികാരികള്‍ക്ക് ഇല്ല എന്നുള്ളത് നമുക്ക് ബോധ്യപ്പെട്ടതാണ്. മാസം 31 ദിവസവും സ്വന്തം ആവശ്യത്തിന് ആയാല്‍ പോലും കോട്ടയം ഡിപ്പോയില്‍ വന്ന് ജോലി ചെയ്ത ഒരു മനുഷ്യന്‍. വഴിയില്‍ വീണു പട്ടു പോയപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ വീട്ടിലേക്കൊന്നു പോകുന്നതിന്, ഒരു ബസ് വിട്ടുകൊടുക്കാന്‍ പോലും നിയമത്തിന്റെ നൂലാമാലകള്‍ കീറി പരിശോധിച്ച ഒരു സാഹചര്യം. ഓര്‍ക്കുമ്പോള്‍ ഏറെ വേദനാജനകമാണ് എന്നാണ് കുറിപ്പിന് മറുപടിയായി ജീവനക്കാര്‍ എഴുതിയിരിക്കുന്നത്.
ജോലി ചെയ്യാന്‍ ജീവനക്കാര്‍ വേണം. എന്നാല്‍ അവന്‍ മരണപ്പെട്ടു കഴിയുമ്പോള്‍ ഒരു റീത്ത് വെച്ചാല്‍ എല്ലാം തീര്‍ന്നു എന്ന് വിശ്വസിക്കുന്ന അധികാര വര്‍ഗ്ഗത്തിന്റെ മേല്‍ കോട്ടയം ഡിപ്പോയിലെ ജീവനക്കാര്‍ ജയിക്കും. മര്യാദകെട്ട മനസ്സാക്ഷിയില്ലാത്ത പ്രവര്‍ത്തനം നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ
ഏതറ്റം വരെയും ഞങ്ങള്‍ കോട്ടയം ഡിപ്പോയിലെ ജീവനക്കാര്‍ പോകും. എന്നാണ് മറ്റൊരു ജീവനക്കാരന്‍ പ്രതികരിച്ചിരിക്കുന്നത്.
വല്ല്യവന്‍മാര്‍ മരിക്കുമ്പോള്‍ KSRTC ബസ്സ് ചുമ്മാ വിട്ടുകൊടുക്കും. അത്രയും നാള്‍ അതില്‍ പണിയെടുത്ത തൊഴിലാളി മരിച്ചാല്‍ KSRTC ബസ്സില്‍ പോയി ബോഡി കാണാന്‍ പോയാല്‍ പിരിവെടുത്തു പോകണം. അവന്റെ ചോരയും നീരും ഊറ്റി കൂടിച്ചിട്ട് അവന് നല്‍കുന്ന നാണം കെട്ട നെറികെട്ട ‘ഭരണം .! ഫൂ’ എന്നാണ് ഒരു ജീവനക്കാരന്റെ ആത്മ രോദനം. KSRTCയെപ്പറ്റി അറിയുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് അറിയപ്പെടാത്ത സത്യങ്ങള്‍ വിപ്‌ളവ തൊഴിലാളി യൂണിയനുകളുടെ ആധിക്യമുള്ള സ്ഥാപനമാണ് KSRTC എന്നതാണേറ്റവും ആത്ഭുതപ്പെടുത്തുന്ന കാര്യം. 900 രൂപാ ദിവസ കൂലി നല്‍കുന്ന സ്വകാര്യ ബസുകാരന്റെ ബസില്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ട് കൊടികുത്തി ഉടമയെ മര്‍ദ്ദിക്കുന്ന അതേ CITU, KSRTC യില്‍ 715 രൂപയ്ക്ക് 12 മണിക്കുര്‍ പണിയെടുപ്പിക്കുന്ന KSRTC മുതലാളിയ്‌ക്കൊപ്പമാണെന്നു മറക്കരുത്. എന്ന് ഒരു ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
content high lights;Is a KSRTC employee worthless even if he dies?: KSRTC buses are free if former chief ministers die, car rental if an employee dies?; The ‘disgrace’ of employees who went to attend a colleague’s funeral? (Exclusive)
















