കഴിഞ്ഞ ദിവസം കോട്ടയം കഞ്ഞിക്കുഴി ഡിപ്പോയിലെ ഒരു ഡ്രൈവര്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകും വഴി ഹൃദയാഘാതം സംഭവിച്ചു മരിച്ചു. സിബിയുടെ മരണത്തില്‍ ആരെയും പഴി പറയുന്നില്ല. അത് വിധിയാണെന്ന് കരുതകയേ നിവൃത്തിയുള്ളൂ. പക്ഷെ, സിബി ഒരു KSRTC ജീവനക്കാരനായിരുന്നു എന്നതും, അയാള്‍ അടക്കമുള്ള KSRTC ഡ്രൈവര്‍മാരില്‍ ഭൂരിഭാഗം പേരും മരണപ്പെട്ടത് ഹൃദയസ്തംഭനം മൂലമാണെന്നതും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അത്രയും മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു ജോലി തന്നെയാണ് KSRTC ഡ്രൈവര്‍ പണി. സിബിക്ക് മൂന്നു പെണ്‍മക്കളാണ്. പതിമൂന്നും പത്തും രണ്ടും വയസ്സുള്ള കുട്ടികള്‍.
അതില്‍ രണ്ടാമത്തെ കുട്ടിയുടെ ഒരു കത്ത് KSRTCയിലെ എല്ലാ ജീവനക്കാരുടെയും കണ്ണു നിറയ്ക്കും. ഹൃദയം സ്തംഭിച്ചു മരിച്ച അച്ഛനു വേണ്ടി ആ മകള്‍ എഴുതിയ ഹൃദയ ഭേദകമായ കത്ത്, സിബിയെ അടക്കിയ കുഴിമാടത്തില്‍ നിന്നുമാണ് കിട്ടിയത് എന്നുകൂടി മനസ്സിലാക്കണം. ആളനക്കമെല്ലാം നിലയ്ക്കുമ്പോള്‍ അച്ഛന്‍ വന്ന് സ്വസ്ഥമായി വായിക്കട്ടേ എന്നു കരുതിയാകും സെമിത്തേരിയിലെ അച്ഛന്റെ കല്ലറയില്‍ മകള്‍ ആ കത്തെഴുതി വെച്ചത്. എത്ര വലിയ കല്ലുമനസ്സുള്ളവരും കരഞ്ഞു പോകുന്ന സീന്‍. ആ കത്തിലെ വരികള്‍ ഒരു കുഞ്ഞിന്റെ കരുതലിലും സ്‌നേഹത്തിലും, അച്ഛന്റെ വിയോഗത്തിലെ ആശങ്കയും
പങ്കുവെയ്ക്കുന്നുണ്ട്. കരള്‍ പിടയുന്ന ആ കത്ത് ഇവിടെ വീണ്ടുമെഴുതുകയാണ്. മാറ്റങ്ങളേതുമില്ലാതെ. ഇഠയ്ക്ക് വെട്ടിക്കളഞ്ഞ ഭാഗം എന്തായിരിക്കുമെന്ന് ഊഹിച്ചെഴുതിയിട്ടുണ്ട്. ഇനി അങ്ങനെയല്ല, ആ മകള്‍ മനസ്സില്‍ ഉദ്ദേശിച്ചതെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു. മകളോടും വായനക്കാരോടും.

ആ കത്തിലെ വരികള്‍ ഇങ്ങനെ
എന്റെ പ്രിയപ്പെട്ട അപ്പായ്ക്ക് ഒരു കത്ത്
29-9-2025 സെപ്റ്റംബര്‍ 29ന് തിങ്കളാഴ്ച ഞാന്‍ അപ്പായ്ക്ക് ഈ കത്ത് എഴുതുന്നു. അപ്പാ എന്നെ വിട്ടുപോയിട്ട് ഇപ്പോള്‍ ഈ തീയതിയും കൂടെ കൂട്ടിയാല്‍ അഞ്ചാംദിവസം 30-09-2025 ആം തീയതിയാണ് ഞാന്‍ കത്ത് കൊണ്ടു വരുന്നത്. ഇന്ന് ഞാന്‍ എഴുതുന്നു. അപ്പാ പോയിട്ട് അമ്മ പയങ്കര കരച്ചിലാണ്. അപ്പാ, കുഞ്ഞാറ്റ ചേച്ചിയുടെ സ്വപ്‌നത്തില്‍ വന്നു. എന്റെ സ്വപ്‌നത്തില്‍ വന്നില്ല. എന്റെ സ്വപ്‌നത്തില്‍ വരണം. പിന്നെ, അപ്പായ്ക്ക് സങ്കടം ഉണ്ടാകും. ഞങ്ങളെ വിട്ടു പോയില്ലേ. ഞാന്‍ 29 മുതല്‍ വെള്ളി 3 ഈ ആഴ്ച ഞാനും ചേച്ചിയും (ബാക്കി വെട്ടിക്കളഞ്ഞിട്ടുണ്ട്….അത് പൂരിപ്പിക്കുകയാണെങ്കില്‍ ഇങ്ങനെ വായിക്കാം ; സ്‌കൂളില്‍ പോയിട്ടില്ല.) പോകുന്നില്ലെന്നു തോന്നുന്നു. എന്തായാലും ഞാനും ചേച്ചിയും പോകുന്നില്ല. അപ്പായ്ക്ക് സുഖമാണല്ലോ എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് കൂട്ടി രണ്ടാമത്തെ ദിവസമാണ് ഞങ്ങള്‍ അപ്പായുടെ അടുത്ത് സെമിത്തേരിയില്‍ വരുന്നത്. അപ്പാ സ്വര്‍ഗത്തില്‍ പോകണമെന്ന് എല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ട്. അപ്പാനെ എനിക്ക് ഒരു വട്ടംകൂടെ കാണണം. ഇനി കാണാന്‍ പറ്റൂല. അപ്പാ എന്റെ സ്വപ്‌നത്തില്‍ വരണം എന്ന് ഞാന്‍ കരുതുന്നു. നാളത്തെ വിശേഷം നാളെ കത്തിലെഴുതാം. പിന്നെ, ആല്‍ബിച്ചന്‍ ഇന്നു പോയി. അപ്പോള്‍ ഞാന്‍ നിര്‍ത്തുന്നു.
എന്ന്,
അപ്പായുടെ അപ്പൂട്ടി
ഒപ്പ്
വാഴത്തറ
സിബിയുടെ മരണത്തിനു ശേഷം കഞ്ഞിക്കുഴിയി ഡിപ്പോയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ അവസാനമായി കാണാന്‍ പോയിരുന്നു. ഡിപ്പോയിലെ ഒരു ബസ് അതിനായി വിട്ടു നല്‍കിയതിന് വാടക വാങ്ങിയ KSRTCയുടെ കരുതല്‍ എടുത്തു പറയേണ്ടതാണ്. അതേക്കുറിച്ചെല്ലാം നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍ വന്നിരുന്നു. എന്നാല്‍, KSRTCയിലെ മരണ നിരക്കും അതിനുണ്ടാകുന്ന കാരണങ്ങളു പ്രത്യേകം പഠിക്കേണ്ടതുണ്ട് എന്ന് സര്‍ക്കാരിനും വകുപ്പിനും മനസ്സിലാക്കാന്‍ എന്നാണ് ബുദ്ധി ഉദിക്കുക. മറ്റു വകുപ്പുകളും KSRTCയും തമ്മിലൊരു താരതമ്യ പഠനം നടത്തിയാല്‍ മതിയാകും. അതുമല്ലെങ്കില്‍ തൊഴിലാളികളെയെല്ലാം നിരന്തരം
ഉപദേശിച്ചും, സമരം ചെയ്യിച്ചും, സര്‍ക്കാരിനെതിരേയും സര്‍ക്കാരിന് അനുകൂലമായുമൊക്കെ തരാതരം സര്‍ക്കസ്സുകാരുടെ മെയ് വഴക്കത്തോടെ നില്‍ക്കുന്ന യൂണിയന്‍കാര്‍ വിചാരിച്ചാലും ഒരു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ മരണങ്ങള്‍ കൂടുന്നു. മറണപ്പെടുന്നവരുടെ പ്രായം, അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, അതിനു എന്തു ചെയ്യണം. എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളും വെയ്ക്കാവുന്നതുമാണ്. ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയും മാനസികാരോഗ്യ മേഖലയിലെ വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി ഒരു പഠനം അത്യാവശ്യമാണ്. അതില്‍ KSRTC ഡ്രൈവര്‍മാരുടെ ഭാഗവും, മറ്റു
ജീവനക്കാരുടെ അഭിപ്രായങ്ങളും കേള്‍ക്കണം. ഇല്ലെങ്കില്‍ KSRTCയില്‍ ജോലി ചെയ്തതു കണ്ടു മാത്രം ജീവിതത്തിന്റെ പാതി വഴിയില്‍ ആയുസ്സറ്റ് പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. അവരെ ആസ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങള്‍ അനാഥമാകും. അവരുടെ മക്കള്‍ ജീവിതത്തില്‍ ത്യാഗം സഹിച്ച് നരകിക്കേണ്ടി വരും. അതുണ്ടാകാതിരിക്കാന്‍ KSRTC ജീവനക്കാര്‍ ഹൃദയാഘാതം സംഭവിച്ച് മരിക്കുമ്പോള്‍ അനാഥമാക്കപ്പെടുന്ന കുട്ടികളെ കുറിച്ചുള്ള ചിന്തയാണ് ഇതിനുണ്ടാകേണ്ടത്. സിബിയുടെ മകളുടെ കത്ത് ഇതിനൊരു തുടക്കമാകുമെങ്കില്‍ അതുതന്നെ വലിയൊരു കാര്യമാണ്.
CONTENT HIGH LIGHTS;”A letter to my beloved father”?: A letter from a little daughter waiting for her father at the grave?; Is this the daughter of KSRTC employee Sibi? (Exclusive)
















