മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മദ്യക്കുപ്പിയില്‍ തന്നെ എഴുതി വെച്ചിട്ടുണ്ടെങ്കിലും മദ്യ ഉപഭോഗത്തിന് ഒരു കുറവുമില്ലാത്ത നാടാണ് കേരളം. സര്‍ക്കാര്‍ തന്നെ മദ്യ നിര്‍മ്മാണക്കമ്പനി തുടങ്ങാന്‍ പാലക്കാട് അനുമതി നല്‍കിയത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. മാത്രമല്ല, കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള നീക്കവും, ഐ.ടി. മേഖലയില്‍ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള നീക്കവും, വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനുള്ള നീക്കവുമൊക്കെയായി സര്‍ക്കാര്‍ മുന്നില്‍ത്തന്നെയുണ്ട്. ഇതെല്ലാം പോരാഞ്ഞിട്ട്, ബെവ്‌കോ വഴിയുള്ള മദ്യ വില്‍പ്പന വര്‍ഷം തോറും റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുകയുമാണ്. ഇങ്ങനെ സര്‍ക്കാര്‍ തലത്തില്‍ മദ്യ നിര്‍മ്മാണവും വിതരണവും ഊര്‍ജ്ജിതമാക്കി പോകുമ്പോള്‍ ജനങ്ങളോട് ഇതൊന്നും വാങ്ങി കുടിക്കരുതെന്നു പറഞ്ഞാല്‍ എങ്ങനെയാണ് ശരിയാവുക.
മദ്യം ഉത്പാദിപ്പിക്കുന്നതിനു കുഴപ്പമില്ല. വിതരണം ചെയ്യുന്നതിനു കുഴപ്പമില്ല. എന്നാല്‍, കുടിക്കുന്നതിനു വലിയ കുഴപ്പമാണെന്നു പറയുന്നതിന്റെ ലോജിക്കാണ് പിടികിട്ടാത്തത്. സര്‍ക്കാരിന് മദ്യ ഉത്പാദനവും വിതരണവും വ്യാപനവും വ്യാജ മ്ദ്യ നിര്‍മ്മാണം പിടിക്കാനുമൊക്കെ പ്രത്യേക വകുപ്പുതന്നെയുണ്ട്. എന്നാല്‍, ഈ വകുപ്പു വഴി പിടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന ആക്ഷേപം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കീഴിലുള്ള ജീവനക്കാരുടെ മദ്യപാനം ചര്‍ച്ചയാകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ മദ്യപിക്കാന്‍ പാടില്ല എന്നൊന്നും നിയമമില്ല. എന്നാല്‍, ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നത് ശിക്ഷാര്‍ഹമാണ്. ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് മദ്യപിക്കാന്‍ തയ്യാറാകില്ല എന്നത് വസ്തുതയാണ്.
എന്നാല്‍, ജനങ്ങളുമായി നേരിട്ട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മദ്യപാന ശീലം പൊതുവില്‍ ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ പിടിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ പിടിക്കപ്പെട്ടിട്ടുള്ള വകുപ്പുകളില്‍ പ്രധാനപ്പെട്ടതാണ് KSRTC. പോലീസിലും ചില പുഴുക്കുത്തുകളുണ്ടെങ്കിലും വ്യാപകമായ ആക്ഷേപമില്ല. ഇപ്പോള്‍ KSEBയിലും മദ്യപാന ശീലമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അതായത്, KSRTCയും KSEBയുടെ ഇക്കാര്യത്തില്‍ ഒരമ്മ പെറ്റ മക്കളെപ്പോലെയാണെന്നു സാരം. രണ്ടു വകുപ്പുകളിലും മദ്യപാന ശീലക്കാര്‍ കൂടിയ സാഹചര്യത്തിലാണ് ബ്രീത്ത് അനലൈസറിന്റെ സഹായം തേടേണ്ടിവന്നത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് എത്തിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വലിയ ദുരന്തത്തെ മുന്‍ കൂട്ടി കാണുകയാണ് അധികൃതര്‍. കഴിഞ്ഞ ദിവസം KSEBയില്‍ നിന്നും ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അത് ഇങ്ങനെയാണ്.
- മദ്യപിച്ച് ജോലിക്കെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി
ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കെ എസ് ഇ ബി വിജിലന്‍സ് വിഭാഗം ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നടത്തിയ രാത്രികാല പരിശോധനകളില്‍ എട്ട് ജീവനക്കാരെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം പരിശോധനകള്‍ സംസ്ഥാന വ്യാപകമായി തുടരുമെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ പ്രശാന്തന്‍ കാണി ബി.കെ IPS അറിയിച്ചു.
അടിച്ചു പൂസായി അലക്ഷ്യമായി പോസ്റ്റില്‍ കയറുകയോ, ഫ്യൂസ് കെട്ടുകയോ, ട്രാന്‍സ്‌ഫോര്‍മറില്‍ തൊടുകയോ ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്നത് ജീവഹാനി ആയിരിക്കും. സമാനമായാണ് KSRTC യിലെ ജീവനക്കാരും മദ്യപിച്ചെത്തിയാല്‍ ഉണ്ടാകുന്നത്. ഇവിടെ സ്വന്തം ജീവന്‍ മാത്രമല്ല, യാത്രക്കാരുടെ ജീവനും അപകടത്തിലാകും. KSRTCയില്‍ വളരെ നേരത്തെ തന്നെ ബ്രീത്ത് അനലൈസര്‍ പരിശോധന ശക്തമാക്കിയിരുന്നു. അതിനാല്‍ ലക്ഷങ്ങള്‍ മുടക്കി ബ്രീത്ത് അലൈസര്‍ വാങ്ങുകയും ചെയ്തിരുന്നു. ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്ക് കയറുന്നതിനു മുമ്പ് പരിശോധനയുണ്ടാകും. KSEBയിലും ഇനി മുതല്‍ ഇങ്ങനെ
ബ്രീത്ത് അനലൈസര്‍ വെച്ചുള്ള പരിശോധന ഉണ്ടാകുമെന്നുറപ്പാവുകയാണ്.
CONTENT HIGH LIGHTS;Are the workers here drunk?: When two departments seek the help of breathalyzers?; Will the work be lost if they come in drunk?
















