ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും അമൂല്യവുമായ സുഗന്ധവ്യജ്ഞനമാണ് കുരുമുളക്. കറുത്ത പൊന്ന് എന്ന വിശേഷിപ്പിക്കുന്ന കുരുമുളക് സുഗന്ധ വ്യജ്ഞനങ്ങളുടെ രാജാവെന്നാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ ഒരു സസ്യം എന്ന നിലയിൽ ഇന്ത്യയിലെ അനേകം ഔഷധക്കൂട്ടുകളിൽ ഒരു ഘടകമാണ് കുരുമുളക്. പിപ്പർ നൈഗ്രാം എന്ന ശാസ്ത്രീയ നാമമുള്ള കുരുമുളക് പിപ്പറേസിയേ സസ്യ കുടുംബത്തിലെ ഒരംഗമാണ്. പടർന്നു കയറുന്ന ഒരു വള്ളിച്ചെടിയാണിത്.
കുരുമുളക് പരിപാലനം എങ്ങനെ?
1. ചകിരിച്ചോറും ചാണകപ്പൊടിയും ചേർന്ന മണ്ണ് നടീലിന് അനുയോജ്യമാണ്. മണ്ണ് നല്ല വായുസഞ്ചാരമുള്ളതും ഇളക്കമുള്ളതുമാകണം. കുഴിയെടുത്ത് അതിൽ തൈ നടണം. തൈയുടെ ചുവട്ടിൽ സ്യൂഡോമോണസ് വിതറുന്നത് വേരുകൾക്ക് നല്ലതാണ്.
2. തൈ നട്ട് ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ വളങ്ങൾ ഒന്നും നൽകേണ്ടതില്ല, കാരണം ഈ സമയത്തിനുള്ളിൽ വേരുകൾ ശക്തമായി വളരും. ഈ കാലയളവിനു ശേഷം ചാണകപ്പൊടിയും കമ്പോസ്റ്റും ഇടയ്ക്കിടെ നൽകണം. രാസവളങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
3. മണ്ണിൽ വായുസഞ്ചാരം ഉറപ്പാക്കാനും മണ്ണ് ഇളക്കത്തോടെ നിലനിർത്താനും കരിയിലയും ചകിരിത്തൊണ്ടും വിതറുന്നത് നല്ലതാണ്. ആവശ്യാനുസരണം വെള്ളം നൽകണം, എന്നാൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം
4. ഇലപ്പേനുകൾ സാധാരണ കീടങ്ങളും, ചീയൽ, പെട്ടെന്നുള്ള വാടിപ്പോകൽ തുടങ്ങിയ രോഗങ്ങളും കുരുമുളക് ചെടികളെ ബാധിക്കും. ജൈവ കീടനാശിനികളോ കുമിൾനാശിനികളോ ഉപയോഗിച്ച് കീടബാധകളെ നിയന്ത്രിക്കേണ്ടതാണ്.
5. കുരുമുളക് മണികൾക്ക് മഞ്ഞനിറം വന്നുതുടങ്ങുമ്പോൾ വിളവെടുക്കാം. വിളവെടുക്കുന്ന കുരുമുളക് സിമന്റ് തറയിൽ നിരത്തി ഉണക്കണം. കാലാവസ്ഥയെ ആശ്രയിച്ച് ഇത് മൂന്ന് മുതൽ അഞ്ച് ദിവസം വരെ എടുക്കാം. പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കുന്നത് കുരുമുളക് ചീഞ്ഞുപോകാൻ ഇടയാക്കും.
6. ഉണങ്ങിയ കുരുമുളകിൽ നിന്ന് പാകമാകാത്ത മണികളും മറ്റ് വേസ്റ്റുകളും നീക്കം ചെയ്യണം. ഇത് ഗുണമേന്മയുള്ള കുരുമുളക് ലഭിക്കാനും നല്ല വില ലഭിക്കാനും സഹായിക്കും.
















