ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസി മാരുടെ നിയമനത്തിന് സുപ്രീംകോടതി നിയമിച്ച സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ വിരമിച്ച ജസ്റ്റിസ് സുധാoശു ധൂലിയയെ സ്വാധീനിക്കാനും സര്‍ക്കാരിന് അനഭിമതരായ ചില അപേക്ഷകരെ ബോധ്യപ്പെടുത്താനും സംസ്ഥാന സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ജസ്റ്റിസിനോടൊപ്പം അതേ വിമാനത്തില്‍ യാത്ര ചെയ്തതില്‍ ദുരൂഹതയെന്ന് ആക്ഷേപം. കോടതി ഉത്തരവ് പ്രകാരം സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ റിട്ട:ജസ്റ്റിസിന് ഡല്‍ഹിയില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് വിമാനയാത്ര ടിക്കറ്റ് സംസ്ഥാന സര്‍ക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നത്. അതേ വിമാനത്തില്‍ തന്നെ സര്‍ക്കാരിന് വേണ്ടപ്പെട്ട ഉന്നതനും ടിക്കറ്റ് റിസര്‍വ് ചെയ്തത് ബോധപൂര്‍വ്വമാണെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാപെയിന്‍ കമ്മിറ്റിയ ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍ ആരോപിത്തുന്നത്.
വിസിമാരുടെ സ്ഥിരം നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സര്‍ക്കാരിന് അനഭിമതരായ ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക, വിസിമാര്‍ ഒരു കാരണവശാലും അവസാനവട്ട പാനലില്‍ ഉള്‍പ്പെടരുതെന്ന സന്ദേശം കൈമാറുകയായിരുന്നു അതേ വിമാനത്തിലെ യാത്രയുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ബുധനാഴ്ച മുതല്‍ നാല് ദിവസമാണ് അപേക്ഷകരുമായുള്ള കൂടിക്കാഴ്ച. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സാങ്കേതിക സര്‍വ്വകലാശാലയുടെയും വെള്ളി, ശനി ദിവസങ്ങളില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വിസി അപേക്ഷകരുമായാണ് കൂടിക്കാഴ്ച. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ യാണ് കോര്‍ഡിനേഷന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിട്ടുള്ളത്. രണ്ടുദിവസമായി അറുപതോളം അപേക്ഷകര്‍ക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്.
മുന്‍കാലങ്ങളില്‍ അപേക്ഷകള്‍ പരിശോധിച്ച് സേര്‍ച്ച് കമ്മിറ്റി ഹ്രസ്വപട്ടിക തയ്യാറാക്കി പത്തിന് താഴെപേരെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാറുള്ളത്. ഇവിടെ പി.എസ്.സി വിവിധ ഉദ്യോഗങ്ങള്‍ക്കുള്ള അപേക്ഷകരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്ന ലാഘവത്തോടെയാണ് വിസിമാരുടെ ഇന്റര്‍വ്യൂ നടത്തുന്നത്. ബുധനാഴ്ച രാവിലെ വെരിഫിക്കേഷന് വേണ്ടി അപേക്ഷകര്‍ എത്തിച്ചേരണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഉച്ചകഴിഞ്ഞാണ് ഇന്റര്‍വ്യൂ ആരംഭിച്ചത്. സര്‍വകലാശാല വിസിമാരായി നിയമിക്കപ്പെടാനുള്ളവര്‍ എന്ന ഒരു കാഴ്ചപ്പാട് അക്കാദമിഷ്യനല്ലാത്ത കമ്മിറ്റി ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
മിക്ക അപേക്ഷകരും രണ്ടു വിസി തസ്തികകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം പേരെ വിസി തസ്തിക്കുള്ള അവസാനവട്ട ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നത്. നിലവിലെ താല്‍ക്കാലിക വിസി മാര്‍, പിവിസി/ രജിസ്ട്രാര്‍മാര്‍,സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ അപേക്ഷകരായുണ്ട്.
ഇന്റര്‍വ്യൂ കമ്മിറ്റിയിലെ അംഗങ്ങള്‍ ഗവര്‍ണരും സര്‍ക്കാരും നിര്‍ദ്ദേശിച്ച വിവിധ യൂണിവേഴ്‌സിറ്റി/IIT കളിലെ സീനിയര്‍ പ്രൊഫസ്സര്‍മാരാണ്. സേര്‍ച്ച് കമ്മിറ്റി ശനിയാഴ്ച രണ്ട് സര്‍വകലാശാലകളിലും വിസിമാരായി നിയമിക്കുവാനുള്ളവരുടെ പാനല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം സര്‍ക്കാരിന് സമര്‍പ്പിക്കും. എങ്കിലും, യുജിസി പ്രതിനിധിയെ ഒഴിവാക്കി വിസി നിയമനം നടത്തുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറും യുജിസിയും സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റിവ്യൂ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായ ശേഷം മാത്രമേ വിസി നിയമന കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ.
CONTENT HIGH LIGHTS; Digital technology VC appointment: Mystery in the high-ranking official’s flight?
















