തമ്മില്‍ തല്ലാനുള്ള സ്ഥലമാണ് നിയമസഭ. തമ്മില്‍ കണ്ടാല്‍ കടിച്ചു കീറാനുള്ള ഇടമാണ് നിയമസഭ. സഭ ചേരാത്തപ്പോഴൊക്കെയും പ്രതിപക്ഷം പുറത്തും, സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു മുമ്പിലും പരസ്പരം പഴി ചാരുകയും ചെയ്യും. എന്നാല്‍, നിയമസഭയില്‍ കഴിഞ്ഞ നലു ദിവസമായി നടക്കുന്ന പ്രശ്‌നം മലകയറിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയെ കുറിച്ചു മാത്രമേ പ്രതിപക്ഷത്തിന് ചോദിക്കാനും പറയാനും ഉള്ളൂ. ചോദിക്കുമ്പോഴൊക്കെയും സഭ പ്രക്ഷുബ്ദമാകും. പറയുമ്പോഴൊക്കെയും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്യുന്നു. എന്തൊക്കെ പറഞ്ഞാലും ഒരുകാര്യം സത്യമാണ് ശബരിമല ശാസ്താവിന്റെ സ്വര്‍ണ്ണം അടിച്ചു മാറ്റിയിട്ടുണ്ട്. അത്, സര്‍ക്കാരും പ്രതിപക്ഷവും സമ്മതിക്കുന്നുമുണ്ട്. ആരാണ് അടിച്ചുമാറ്റിയതെന്നു മാത്രമേ അറിയാനുള്ളൂ.
മറുപടി ആരാണ് പറയേണ്ടത്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമായി കാണുമ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തും. സര്‍ക്കാരാകട്ടെ, തങ്ങള്‍ ചെയ്തിട്ടില്ലെന്ന ന്യായം പറഞ്ഞു കൊണ്ടിരിക്കും. ഇങ്ങനെയാണ് ഇന്നത്തെ സഭയിലും പ്രശ്‌നം ഉണ്ടായത്. നജീബ് കാന്തപുരത്തെ ആക്ഷേപിച്ച മുഖ്യമന്ത്രി ഇന്ന് ഡെല്‍ഹിയില്‍ പോയതു കൊണ്ട് പ്രതിപക്ഷത്തിന്റെ ആവശ്യമായ ക്ഷമ പറച്ചില്‍ നടന്നില്ല. ക്ഷമ പറയാന്‍ മടിയായതു കൊണ്ടും, പറഞ്ഞത് പറഞ്ഞതു തന്നെ എന്ന നിലപാടുള്ളതു കൊണ്ടുമായിരിക്കും മുഖ്യമന്ത്രി കാലേക്കൂട്ടി ഡെല്‍ഹിക്കു പോയത്.
എന്നാല്‍, അതൊന്നും നിയമസഭയിലെ പ്രതിപക്ഷത്തിന്റെ വീര്യം കെടുത്തിയില്ല. ആകെപ്പാടെ കോലാഹലവും പ്ലക്കാര്‍ഡും കറുത്ത ബാനറുമൊക്കെ പിടിച്ച് അലങ്കോലമായി. സ്പീക്കര്‍ക്ക് ഇടത്തോട്ടും വലത്തോട്ടും നോക്കാന്‍ പറ്റാത്ത സ്ഥിയായി. അങ്ങനെ ബഹളം വെച്ചതില്‍ ഏറ്റവും പ്രശ്‌നക്കാരെ നോക്കി സ്പീക്കര്‍ അങ്ങ് സസ്‌പെന്റ് ചെയ്തു. നിയമസഭാ സംഘര്‍ഷത്തില്‍ കര്‍ശന നടപടിയുമായി സ്പീക്കര്‍. പ്രതിപക്ഷവുമായുള്ള സംഘര്‍ഷത്തില്‍ ചീഫ് മാര്‍ഷലിന് പരുക്കേറ്റെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കിയതിന് പിന്നാലെ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്റ് ചെയ്തു. റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
ഈ എംഎല്‍എമാര്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. സസ്പെന്റ് ചെയ്യുന്ന പ്രമേയം മന്ത്രി എം.ബി രാജേഷാണ് അവതരിപ്പിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരേ തുടര്‍ച്ചയായി പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു. സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും പതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു. തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്ന് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചത്. നേരത്തെ ചീഫ് മാര്‍ഷല്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ചീഫ് മാര്‍ഷലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം. നോട്ടീസ് നല്‍കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന പ്രതിപക്ഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ സഭയില്‍ നടത്തിയത് അഴിഞ്ഞാട്ടമാണെന്നാണ് ഭരണ പക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയിമിങ് പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉടലെടിത്തിരുന്നു. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ബോഡി ഷെയിമിങ് പരാമര്‍ശവും ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. പൊളിറ്റിക്കലി ഇന്‍കറക്ടായ പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്.
മന്ത്രിമാര്‍ വായില്‍തോന്നിയത് പറഞ്ഞപ്പോള്‍ സ്പീക്കര്‍ക്ക് കുഴപ്പമുണ്ടായിരുന്നില്ല. സ്പീക്കര്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചെന്ന് വി.ഡി. സതീശന്‍ ആരോപണം ഉയര്‍ത്തി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹം വന്‍ വിലക്ക് വിറ്റിരിക്കുകയാണ്. അതിന് കൂട്ടുനിന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. സമരവുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും സതീശന്‍ വ്യക്തമാക്കി. വി.ഡി. സതീശന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യ വിളികളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ‘അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍.ഡി.എഫ് രാസവിദ്യ’ എന്ന് എഴുതിയ ബാനര്‍ അംഗങ്ങള്‍ ഉയര്‍ത്തി.
പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയ ബാനറുകള്‍ പിടിച്ചുവാങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, സാധിച്ചില്ല. പ്രതിപക്ഷ നേതാവ് സഭയില്‍ ഗൂണ്ടായിസം കാണിക്കുകയാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ സഭാ ചോദ്യോത്തരവേളയിലേക്ക് കടന്നു. പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം നടന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് സഭാ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ എം.എല്‍.എയുടെ ഉയരക്കുറവിനെയാണ് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചത്.
നിയമസഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭാ കവാടത്തില്‍ സത്യഗ്രഹമിരുന്നു. അതില്‍ വിളിച്ച മുദ്രാവാക്യമെല്ലാം കടകംപള്ളി സുരേന്ദ്രനെതിരേ ആയിരുന്നു.
CONTENT HIGH LIGHTS;’Who is who on the top of the mountain, I am Kadakampally’: Suspension, opposition slogan and satyagraha?; This is how the fourth day in the House was?; Watch the video
















