തെരഞ്ഞെടുപ്പുകളെല്ലാം പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ബീഹാറിലും കേരളത്തിലും തെലങ്കാനയിലും അനൗദ്യാേഗിക പ്രചരണവുമായി പാർട്ടികളും നേതാക്കളും കളത്തിൽ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ തെലങ്കാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നിരിക്കുകയാണ്.
ജനസംഖ്യാപരമായ വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വോട്ടർ ഡാറ്റ തെലങ്കാന സർക്കാർ പദ്ധതികൾക്കായി നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെസംസ്ഥാന തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനായ സിഇഒ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസിഐ ആസ്ഥാനത്തേക്ക് അയച്ച കത്തിലൂടെയാണ് വിവരം പങ്കുവെച്ചത്. തെലങ്കാന, ആന്ധ്ര സംസ്ഥാന സർക്കാരുകൾക്ക് വോട്ടർ ഡാറ്റയിലേക്ക് ആക്‌സസ് നൽകിയിട്ടുണ്ടെന്ന് സിഇഒ സി സുദർശൻ റെഡ്ഡി പറയുന്നു. ആധാറുമായി പൗരന്മാരുടെ വോട്ടർ ഐഡികൾ ബന്ധിപ്പിക്കുന്നതിനായിരുന്നു അനുമതിയെന്നും എന്നാൽ ഇത്തരം വിവരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നുള്ളത് അറിയില്ലെന്നുമാണ് റിപ്പോർട്ട്.
പൗരന്മാരുടെ രണ്ട് ഐഡികളും ബന്ധിപ്പിക്കുന്ന ജോലി നടത്തിയത് ഇസിഐ സെർവറുകളിലല്ല. സംസ്ഥാന സർക്കാരിന്റെ ഡാറ്റാ മാനേജ്‌മെന്റ് സിസ്റ്റങ്ങളിലാണ്. ഇങ്ങനെയാണ് വിവരങ്ങൾ മുഴുവൻ കൈക്കലാക്കിയതെന്നാണ് വിവരം. ഇതിനെ തുടർന്ന് ഐഡികൾ ബന്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കമ്മീഷൻ നടപടി വേഗത്തിലാക്കുകയും താത്കാലികമായി നിർത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സിഇഒയുടെ പുറത്ത് വന്ന കത്തനുസരിച്ച് ഡാറ്റ സംസ്ഥാന സർക്കാരിന്റെ കൈവശം തന്നെയാണെന്നാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ വോട്ടർ ഡാറ്റ എങ്ങനെയാണ് സംസ്ഥാന സർക്കാരിന്റെ കൈകളിലെത്തിയതെന്ന് ഇസിഐ വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ കമ്മീഷന്റെ മൗനം ദുരൂഹമാണെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഓഗസ്റ്റ് 17 ന്, പ്രതിപക്ഷ പാർട്ടിയുടെ ആവശ്യങ്ങൾ നിരസിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വനിതാ വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വോട്ടെടുപ്പിന്റെ വീഡിയോ റെക്കോർഡിംഗുകൾ പൗരന്മാരുമായി പങ്കിടില്ലെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഓഗസ്റ്റ് 28 ന് പൊതുപ്രവർത്തകനായ ശ്രീനിവാസ് കോഡാലി തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സിഇഒ) പരാതി നൽകി. തിരിച്ചറിയൽ രേഖകൾ തെലങ്കാന സർക്കാർ നിയമവിരുദ്ധമായി വോട്ടർ പട്ടിക ഫോട്ടോഗ്രാഫുകളും പേരുകളും കൈകലാക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
പരതിയുടെ പകർപ്പ് പുറത്ത് വന്നതനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ വോട്ടർ ഡാറ്റാബേസ് അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെ കുറിച്ച് തെളിവുകൾ സഹിതമുള്ള പരാമർശമുണ്ടായിരുന്നു. തെലങ്കാന ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പിൽ പൊതുപ്രവർത്തകനായ എസ്.ക്യു. മസൂദ് സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയും പരാതിയിൽ ഉൾപ്പെടുന്നു. 2019 ൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ പോസിഡെക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പെൻഷനർ ലൈവ് വെരിഫിക്കേഷൻ സിസ്റ്റത്തിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇതിൽ പരാമർശമുണ്ട്. ഈ മൊഡ്യൂളിന് കീഴിൽ നാല് വെബ് സേവനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അവയെ ടി-ആപ്പ്, തിരഞ്ഞെടുപ്പ് വകുപ്പ് (ഇപിഐസി ഡാറ്റ), പെൻഷൻ വകുപ്പ് ഡാറ്റ എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് ഡാറ്റയെയോ ഇസിഐ പരിപാലിക്കുന്ന വോട്ടർ പട്ടികയെയോ ആണ് ഇപിഐസി ഡാറ്റ സൂചിപ്പിക്കുന്നത്. പെൻഷൻകാരുടെ ഐഡന്റിറ്റികൾ തത്സമയം പരിശോധിക്കാൻ തെലങ്കാന സർക്കാർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടി-ആപ്പ്. ഇതിലും വോട്ടർ ഡാറ്റാ അവൈലബിളായിരുന്നെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
നിരവധി പരാതികൾ ലഭിച്ചിട്ടും ഇസിഐ നിരന്തരം മൗനം പാലിക്കുകയാണ് ചെയ്തത്. തുടർന്ന് പൊതു പ്രവർത്തകനായ കോഡാലിയുടെ പരാതിയിൽ നടപടി സ്വീകരിച്ചു. അദ്ദേഹം തെലങ്കാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ ഓഫീസ് രേഖകളും തെലങ്കാന സർക്കാരിന്റെ മറുപടികളും അടിസ്ഥാനമാക്കി ഒരു റിപ്പോർട്ട് സമാഹരിച്ച് സെപ്റ്റംബർ 23 ന് ഇവ ഇസിഐ ആസ്ഥാനത്തേക്ക് അയച്ചു. വിഷയത്തിൽ തുടർ നടപടികളും കമ്മീഷന്റെ ഇടപെടലും ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
content highlight: Telegana government
















