ഈ മാസം 31ന് റിലീസ് ചെയ്യുന്ന സിനിമയാണ് ‘ദി താജ് സ്റ്റോറി’. ഇതൊരു സിനിമ മാത്രമല്ല, ചരിത്രത്തെക്കൂടി പുറത്തെത്തിക്കുന്നു എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ചരിത്രം എന്നാല്‍, താജ്മഹലിന്റെ ഇതുവരെ കേട്ട ചരിത്രമല്ല, കേള്‍ക്കാത്ത ചരിത്രമാണ് പറയുന്നത്. സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും ഇറങ്ങിയിരിക്കുന്നു. താജ്മഹല്‍ പ്രണയത്തിന്റെ പ്രതീകമല്ലെന്നും, ക്രൂരതയുടെയും വംശഹത്യയുടെയും പ്രതീകമാണെന്നും ട്രെയ്ലറില്‍ പറയുന്നുണ്ട്. ഒരു സിനിമയുടെ ചുരുക്കം എന്താണെന്ന് ട്രെയിലറിലൂടെ പറഞ്ഞുവെയ്ക്കുമ്പോഴാണ്, സിനിമ മുഴുവന്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ആകാംഷയുണ്ടാകുന്നത്.
അപ്പോള്‍ ട്രെയിലറില്‍ പറയുന്നത് ഇത്രയെങ്കില്‍ സിനിമ മുഴുനീളെ ചര്‍ച്ച ചെയ്യുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാം. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. താജ്മഹലിന്റെ ഇതുവരെ പറയാത്ത ചരിത്രവും താജ്മഹലിനെതിരെയുള്ള കേസും താജ്മഹലില്‍ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട സത്യങ്ങളെക്കുറിച്ചുമാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്ലറിലൂടെ മനസിലാകുന്നത്. പരേഷ് റാവല്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ദി താജ് സ്റ്റോറി’യുടെ പോസ്റ്റര്‍ വിവാദമായതോടെ മറുപടിയുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ചിത്രം ഒരു മതവിഷയത്തെയും താജ് മഹലിനുള്ളില്‍ ക്ഷേത്രമുണ്ടെന്ന വാദത്തെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പൂര്‍ണ്ണമായും ചരിത്ര വസ്തുതകള്‍ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നതാണെന്നും നിര്‍മ്മാതാക്കളായ സ്വര്‍ണിം ഗ്ലോബല്‍ സര്‍വീസസ് പറയുന്നു. താജ് മഹലിന്റെ മിനാരത്തിനുള്ളില്‍ നിന്ന് ശിവന്റെ വിഗ്രഹം ഉയര്‍ന്നു വരുന്ന രീതിയിലുള്ള പോസ്റ്ററാണ് കഴിഞ്ഞ ദിവസം പരേഷ് റാവലിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും തുടര്‍ന്ന് അദ്ദേഹം പോസ്റ്റര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഔദ്യോഗിക ടീസറില്‍, കോടതിമുറിക്കുള്ളില്‍ റാവല്‍ ശക്തമായ വാദം നയിക്കുന്നതായി കാണിക്കുന്നുണ്ട്. താജ്മഹലിന്റെ ഗൈഡ് തന്നെ നിയമപോരാട്ടത്തിന് ഇറങ്ങുന്നതാണ് ട്രെയ്ലറില്‍ കാണുന്നത്. താജ്മഹല്‍ ഒരു ക്ഷേത്രമാണോ അതോ ശവകുടീരമാണോ എന്നും ഒരു കഥാപാത്രം ട്രെയ്ലറില്‍ ചോദിക്കുന്നുണ്ട്. ‘സ്വാതന്ത്ര്യം ലഭിച്ച് 79 വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മള്‍ ഇപ്പോഴും ബൗദ്ധിക ഭീകരതയുടെ അടിമയാണോ?. ഇന്ത്യയുടെ ചരിത്ര പശ്ചാത്തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു സാമൂഹിക നാടകമായ ചിത്രത്തിന്റെ ആഖ്യാനം പതിറ്റാണ്ടുകളായി രാജ്യത്തെ വേട്ടയാടുന്ന ഒരു വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. ‘താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് നിര്‍മ്മിച്ചത്?. അത് ഷാജഹാന്‍ ആയിരുന്നോ, അതോ ചരിത്രം മറ്റൊരു സത്യം മറച്ചുവെക്കുകയാണോ?.
‘ദി താജ് സ്റ്റോറി’ ഒരു മതപരമായ വിഷയത്തെയും താജ് മഹലിനുള്ളില്‍ ക്ഷേത്രമുണ്ടെന്ന വാദത്തെയും അടിസ്ഥാനമാക്കിയുള്ളതല്ല. ഇത് പൂര്‍ണ്ണമായും ചരിത്രപരമായ വസ്തുതകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദയവായി സിനിമ കണ്ടശേഷം അഭിപ്രായം പറയുക,’ നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ചരിത്രപരമായ വസ്തുതകളുടെ പുനഃപരിശോധനയുമായി സാമൂഹിക വ്യാഖ്യാനം സംയോജിപ്പിച്ച്, അത് ചിന്തോദ്ദീപകവും നാടകീയവുമാകുമെന്ന് ഉറപ്പാക്കുന്നു. എന്നാണ് നിര്‍മ്മാതാവിന്റെ ഭാഷ്യം. എന്നാല്‍, മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ നിര്‍മിച്ച താജ് മഹല്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് പണിത് ഉയര്‍ത്തിയത് എന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ പ്രചാരണം ശക്തമാക്കാന്‍ ഇത്തരം ചിത്രീകരണങ്ങള്‍ കാരണമാകും എന്നാണ് ആരോപണം.
‘ദി കേരള സ്റ്റോറി’, ‘കശ്മീര്‍ ഫയല്‍സ്’ തുടങ്ങിയ ചിത്രങ്ങളേ പോലെ പ്രൊപ്പഗണ്ട മൂവിയാണ് ‘ദി താജ് സ്റ്റോറി’ എന്നും വിമര്‍ശിക്കുന്നവരുണ്ട്. സി.എ. സുരേഷ് ഝായാണ് സ്വര്‍ണിം ഗ്ലോബല്‍ സര്‍വീസസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. തുഷാര്‍ അമ്രീഷ് ഗോയല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പരേഷ് റാവല്‍, സാക്കിര്‍ ഹുസൈന്‍, അമൃത ഖാന്‍വില്‍ക്കര്‍, സ്‌നേഹ വാഗ്, നമിത് ദാസ് തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ ഒരു കൂട്ടം അഭിനയിക്കുന്നു. ഒക്ടോബര്‍ 31ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു സിനിമ എന്നതിനപ്പുറം മതവികാരം വ്രണപ്പെടുന്നതാണോ എന്ന് സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ത്തന്നെ മനസ്സിലായതാണ്. അപ്പോള്‍ ടീസറിലൂടെ എന്തായിരിക്കും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
നോക്കൂ, താജ്മഹല്‍ മുംതാസിനു വേണ്ടി ഷാജഹാന്‍ പണിത വെണ്ണക്കല്‍ കൊട്ടാരമാണെന്ന ഇ്ത്യന്‍ ജനതയുടെ ചിന്തയെത്തന്നെ മരവിപ്പിക്കുന്നതാകുമോ ഈ സിനിമ. മറിച്ച് അങ്ങനെ ആയിരിക്കില്ല, ചരിത്രപരമായ സത്യമാണ് പറയാന്‍ പോകുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ അത് ഏകപക്ഷീയ അഭിപ്രായം മാത്രമായി ചുരുങ്ങുന്നുണ്ട്. ഓര്‍മ്മകള്‍ മായാത്ത ഒരു ദിനമുണ്ട്. ബാബറി മസ്ദ്ജിദ് തകര്‍ന്ന ദിവസം. അത് രാമജന്‍മ ഭൂമിയാണെന്നു പറഞ്ഞാണ് അന്നത്തെ നശിപ്പിക്കല്‍ സംഭവിച്ചത്. അതിനും എത്രയോകാലം മുമ്പുതന്നെ മസ്ദ്ജിദ് പൊളിച്ചിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി അതിന്റെ അണിയറ നീക്കങ്ങള്‍ നടന്നിരുന്നു.
ഒടുവിലാണ് പൊളിച്ചത്. താജ്മഹലിലേക്കും അതേ ലോജിക്കിലാണ് സിനിമാ നിര്‍മ്മാണം നടന്നതെന്നു പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാകില്ല. കാരണം, പോസ്റ്ററില്‍ തന്നെ താജ്മഹലിന്റെ മിനാരം ഉയര്‍ത്തുമ്പോള്‍ പൊങ്ങി വരുന്നത് ശിവന്റെ രൂപമാണ്. അനധി വിദൂര ഭാവിയില്‍ താജ്മഹലോ, താജ്മഹല്‍ ഇരിക്കുന്ന ഇടമോ ഒരു ശിവക്ഷേത്രമായി മാറാനുള്ള തുടക്കമായിരിക്കും ഈ സിനിമ. ചരിത്രത്തെ അങ്ങനെയാണല്ലോ പുതുതായി നിര്‍മ്മിക്കുന്നതും നടപ്പാക്കുന്നതും. നിങ്ങള്‍ക്കെന്തു തോന്നുന്നു. ട്രെയിലര്‍ കണ്ടുനോക്കൂ.
content high lights; What about the condition of the Babri Masjid or the Taj Mahal?: After the poster controversy of ‘The Taj Story’, the trailer is also controversial?; The film is not a symbol of love, but a sacrificial altar of genocide?; Watch the video
















