ഉണ്ണികൃഷ്ണൻ പോറ്റി വാ തുറന്നാൽ ഇപ്പോൾ കേരളത്തിന്റെ രാഷ്ടീയ-ഭരണ തലപ്പത്തുള്ള എത്ര പേര് കുടുങ്ങുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. പോറ്റിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്, പുറത്തുവന്ന പേരുകൾക്ക് അപ്പുറം, ഒരുപാട് ‘മാന്യന്മാർ’ ഇനിയും ഇരുട്ടിൽ ഒളിച്ചിരിക്കുന്നു എന്നാണ്. കേവലം ഒരു മോഷണമല്ല, ഉന്നതതല ഗൂഢാലോചനയാണ് ശബരിമലയിൽ നടന്നതെന്ന് തെളിയിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവരുമ്പോൾ, ഇനിയും എത്ര കൊമ്പന്മാരുടെ മുഖമൂടിയാണ് അഴിഞ്ഞുവീഴുക എന്ന് കാത്തിരുന്ന് കാണാം.’
സ്പോൺസറുടെ വേഷത്തിലെത്തിയ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് മൂന്ന് തരം തട്ടിപ്പുകളാണ്. ആദ്യം, സ്മാർട് ക്രീയേഷൻസിലെത്തിച്ച് രണ്ട് കിലോയോളം സ്വർണ്ണം വേർതിരിച്ചെടുത്ത്, 394 ഗ്രാം മാത്രം പാളികളിൽ പൂശി ബാക്കി കവർന്നു. രണ്ടാമതായി, ഈ സ്വർണ്ണപ്പാളി തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലെ വീടുകളിലുമെത്തിച്ച് പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തി. കൂടാതെ, പാളികളിൽ സ്വർണ്ണം പൂശാനെന്ന പേരിൽ പലരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വേറെയും തട്ടിപ്പുകൾ നടത്തി. കവർച്ച സമ്മതിച്ചെങ്കിലും സ്വർണ്ണം കൈക്കലാക്കിയ ചെന്നൈക്കാരൻ കൽപേഷിനെക്കുറിച്ചോ സ്വർണ്ണം പിന്നീട് എന്തുചെയ്തെന്നോ പോറ്റി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ, ഒളിവിൽ പോയ കൽപേഷിനെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം. റിമാൻഡ് റിപ്പോർട്ട് പ്രകാരം ഏകദേശം രണ്ട് കിലോ സ്വർണ്ണമാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് കവർന്നത്. എന്നാൽ, ഈ കവർച്ച താൻ ഒറ്റയ്ക്ക് നടത്തിയതല്ല, മറിച്ച് “ഉദ്യോഗസ്ഥരും താനും ഒരു ടീമാണ്” എന്ന പോറ്റിയുടെ മൊഴി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. സ്വർണ്ണപ്പാളി കടത്തിയതും, കവർന്നെടുത്ത സ്വർണ്ണം ചെന്നൈക്കാരൻ കൽപേഷിന് കൈമാറിയതുമെല്ലാം ദേവസ്വം ഉദ്യോഗസ്ഥരുടെ പൂർണ്ണ അറിവോടെയാണെന്ന് പോറ്റി സമ്മതിച്ചിട്ടുണ്ട്. സ്വർണ്ണം പൂശാനുള്ള ആശയം ആദ്യം ഉണ്ടായിരുന്നില്ലെന്നും, കട്ടിളപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തി നഷ്ടം വന്നപ്പോൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിൽ നിന്നാണ് ദ്വാരപാലകശിൽപപാളി സ്വർണ്ണം പൂശാനുള്ള ഗൂഢാലോചന ഉടലെടുത്തതെന്നും പോറ്റി വെളിപ്പെടുത്തുന്നു.
ഈ ഗൂഢാലോചന ഉദ്യോഗസ്ഥ തലത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുന്നു. ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസ് അന്വേഷിച്ചാൽ മുൻ ദേവസ്വം മന്ത്രിയും പ്രതിയാകുമെന്നാണ് അദ്ദേഹം വെല്ലുവിളിച്ചത്. പോറ്റിയുടെ അറസ്റ്റ് വന്ന ഉടൻ തന്നെ കേസ് ഒതുക്കിത്തീർക്കാൻ ദേവസ്വം ശ്രമിച്ചു എന്നും, എന്നാൽ അതിനെ മറികടന്നാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത് എന്നും സതീശൻ പറഞ്ഞു. പോറ്റിയെ കൊണ്ടു വന്നത് താനാണെന്ന് ഇപ്പോൾ ദേവസ്വം നിഷേധിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ അദ്ദേഹത്തെ കൊണ്ടുവന്നത് അന്നത്തെ ദേവസ്വം മന്ത്രിയാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
പോറ്റിയുടെ മൊഴി ശരിവെക്കുന്ന തരത്തിൽ, 2019-ലെ ദേവസ്വം ബോർഡിനും, ഒമ്പത് ഉദ്യോഗസ്ഥർക്കും കവർച്ചയിൽ പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവുകളും ചട്ടങ്ങളും ലംഘിച്ച് സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ സഹായിച്ചതാണ് എ. പത്മകുമാർ പ്രസിഡന്റായ ബോർഡിന്റെ പ്രധാന കുറ്റം. സ്വർണ്ണപ്പാളികളെ ‘ചെമ്പെന്ന്’ രേഖപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാർ, മിനിട്സ് അട്ടിമറിച്ച ദേവസ്വം സെക്രട്ടറി ജയശ്രീ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. മഹസറിൽ കള്ള ഒപ്പിട്ടും, ഭാരം നോക്കാതെയും ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത ഈ സംഭവം, എസ്.ഐ.ടി.യുടെ ഭാഷയിൽ ‘കൂട്ടുത്തരവാദിത്തമുള്ള വൻ കവർച്ചയാണ്’.ഹൈക്കോടതി നിർദ്ദേശപ്രകാരം നടന്ന ഈ അന്വേഷണത്തിൽ കൂടുതൽ ഉന്നതർ കുടുങ്ങുമോ എന്ന ആകാംക്ഷയിലാണ് കേരളീയ സമൂഹം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുണ്യസ്ഥലത്ത് നടന്ന ഈ തട്ടിപ്പ്, വിശ്വാസികളുടെ മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കുകയാണ്.
















