കടലും കരയും തമ്മില്‍ പ്രണയിക്കുന്ന ഇടം. മനംകുളിര്‍ക്കുന്ന തണുത്ത കടല്‍ക്കാറ്റ്…കടല്‍ പാലത്തിലെ പാളത്തിലൂടെ തീവണ്ടി കയറുമ്പോള്‍ കാതിലേക്കടിച്ചു കയറുന്ന ഹൂങ്കാര ശബ്ദം…പേടിപ്പെടുത്തുന്ന ആഴങ്ങള്‍ക്കു മുകളില്‍ 2 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം. പാമ്പന്‍ ഗ്രാമത്തില്‍ നിന്നും തുടങ്ങി മണ്ഡപം വരെയുള്ള പാമ്പന്‍ പാലം. ഓളം വെട്ടുന്ന ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സ്വപ്‌ന സമാനമായ യാത്ര. അമൃത എക്‌സപ്രസിന്റെ ഇനിയുള്ള യാത്രകള്‍ അങ്ങനെയാണ്. തിരുവനന്തപുരത്തു നിന്നും മധുരവരെ യാത്ര അഴസാനിപ്പിക്കുന്ന മധുര എക്‌സ്പ്രസ് ഇനി രാമേശ്വരം വരെ നീളും. ഈ യാത്ര, കേരളത്തിന്റെ യാത്രാചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം കടന്നുള്ള ട്രെയിന്‍ യാത്ര യാഥാര്‍ഥ്യമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍, കേരളത്തെ പുണ്യനഗരമായ രാമേശ്വരവുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് തിരുവനന്തപുരം – രാമേശ്വരം അമൃത എക്‌സ്പ്രസ് (16343/16344) സര്‍വീസ് 2025 ഒക്ടോബര്‍ 16-ന് ആരംഭിച്ചിരിക്കുകയാണ്. രാമേശ്വരത്തെ ശ്രീ രാമനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ചാര്‍ ധാം കേന്ദ്രത്തിലേക്ക്, പാമ്പന്‍ പാലത്തിലൂടെ നേരിട്ട് ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചത് കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വലിയ ഒരു ആശ്വാസമാണ്.
- പാമ്പന്‍ പാലം, ഒരു നൂറ്റാണ്ടിന്റെ എഞ്ചിനീയറിംഗ് വിസ്മയം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്ഡപത്തെ രാമേശ്വരം ദ്വീപുമായി ബന്ധിപ്പിക്കുന്ന ‘പാമ്പന്‍ പാലം’ ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും എഞ്ചിനീയറിംഗ് വൈദഗ്ധ്യവും പേറുന്ന ഒരു വിസ്മയമാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, ഇന്ത്യയും സിലോണും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ല്‍ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങി, പിന്നീട് 1914 ഫെബ്രുവരി 24-ന് ഇവിടം ഗതാഗതത്തിനായി തുറന്നു. ഏകദേശം 2.065 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന ഇത്, കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗം രണ്ടായി തുറക്കാന്‍ കഴിയുന്ന രീതിയിലുള്ള (Scherzer rolling lift span) സാങ്കേതികവിദ്യയുടെ മികവായിരുന്നു. ഈ പാലത്തിന്റെ പ്രേതന വെല്ലുവിളികള്‍ എന്തായിരുന്നെന്നാല്‍ 1964 ഡിസംബര്‍ 22-ലെ അതിശക്തമായ ചുഴലിക്കാറ്റില്‍ പാലം ഗുരുതരമായി തകര്‍ന്നു. എങ്കിലും, അന്നത്തെ റെയില്‍വേ എഞ്ചിനീയറായിരുന്ന ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ വെറും 46 ദിവസം കൊണ്ട് പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയത് ഒരു ചരിത്ര നേട്ടമായിരുന്നു. ഒരു നൂറ്റാണ്ടിലേറെ സേവനം നല്‍കിയ പഴയ പാലം, കാലപ്പഴക്കവും സുരക്ഷാ പ്രശ്‌നങ്ങളും കാരണം 2022 ഡിസംബറില്‍ റെയില്‍വേ സ്ഥിരമായി നിര്‍ത്തിവെയ്ക്കുകയും ഡീകമ്മീഷന്‍ ചെയ്യുകയും ചെയ്തു.
- പുതിയ പാലം: ഇന്ത്യയുടെ അഭിമാനം
പഴയ പാലത്തിന്റെ പരിമിതികള്‍ മറികടക്കുന്നതിനായി, 2020 ഫെബ്രുവരിയില്‍ പഴയ പാലത്തിന് സമാന്തരമായി പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. 2.07 കിലോമീറ്റര്‍ നീളമുള്ള ഈ പാലം, ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം എന്ന പ്രത്യേകതയോടെയാണ് രൂപകല്‍പ്പന ചെയ്തത്. കപ്പലുകള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകുന്നതിനായി പാലത്തിന്റെ 72.5 മീറ്റര്‍ നീളമുള്ള മധ്യഭാഗം ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനം ഉപയോഗിച്ച് കുത്തനെ മുകളിലേക്ക് ഉയര്‍ത്താന്‍ ഇതിന് സാധിക്കും. 535 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പാലം, 2025 ഏപ്രില്‍ 6-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
- അമൃത എക്‌സ്പ്രസ് വഴി രാമേശ്വരത്തേക്ക്
പുതിയ പാലം തുറന്നതോടെ, നേരത്തെ മധുര ജംഗ്ഷന്‍ വരെ മാത്രം സര്‍വീസ് നടത്തിയിരുന്ന തിരുവനന്തപുരം – മധുര (16343/16344) അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടി. പുതിയ പാലത്തിലൂടെ മണിക്കൂറില്‍ 75 കി.മീ. വരെ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.
രാമേശ്വരത്തേക്ക് യാത്ര (ട്രെയിന്‍ നമ്പര്‍ 16343): തിരുവനന്തപുരം സെന്‍ട്രല്‍ – രാമേശ്വരം അമൃത എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് എല്ലാ ദിവസവും രാത്രി 8:30-ന് പുറപ്പെടും. ട്രെയിന്‍ കോട്ടയം, തൃശൂര്‍, പാലക്കാട്, പഴനി, ദിണ്ടിഗല്‍ വഴിയാണ് സഞ്ചരിക്കുന്നത്. അടുത്ത ദിവസം ഉച്ചയ്ക്ക് 12:45-ന് രാമേശ്വരത്ത് എത്തിച്ചേരും. ഈ സര്‍വീസ് 2025 ഒക്ടോബര്‍ 16 മുതലാണ് ആരംഭിച്ചത്.
മടക്കയാത്ര (ട്രെയിന്‍ നമ്പര്‍ 16344): രാമേശ്വരം – തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് രാമേശ്വരത്തു നിന്ന് ഉച്ചയ്ക്ക് 1:30-ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 4:55-ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. മടക്ക സര്‍വീസ് 2025 ഒക്ടോബര്‍ 17 മുതലാണ് തുടങ്ങിയത്.
ഈ സര്‍വീസ് എല്ലാ ദിവസവും ഉണ്ടാകും. കോട്ടയം, തൃശൂര്‍, പാലക്കാട്, പഴനി, ദിണ്ടിഗല്‍ വഴിയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് യാത്ര ചെയ്യുന്നത്. കടലിന് മുകളിലൂടെയുള്ള ഈ അവിസ്മരണീയമായ യാത്രയ്ക്ക് അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് കേരളത്തിലെ ട്രെയിന്‍ യാത്രികര്‍.
















