അര്‍ജന്റീനയും ഓസ്‌ട്രേലിയന്‍ ടീമും കൊച്ചിയില്‍ സൗഹൃദ പുട്‌ബോള്‍ മത്സരം കളിക്കുമോ ?. എങ്കില്‍ ആരെങ്കിലും സത്യം പറയൂ. ഒന്നുകില്‍ സര്‍ക്കാര്‍ പറയണം. അല്ലെങ്കില്‍ കായിക വകുപ്പുമന്ത്രി വി. അബുദുറഹിമാന്‍ പറയണം. പക്ഷെ, ഇവര്‍ക്ക് വരുമെന്നു പറയാനും വയ്യ. വരില്ലെന്നു പറയാനും വയ്യാത്ത അവസ്ഥയിലാണ്. കാരണം, സ്‌പോണ്‍സര്‍ പറഞ്ഞാല്‍ വരും. സ്‌പോണ്‍സര്‍ പറഞ്ഞില്ലെങ്കില്‍ വരില്ല. ഇതാണ് അവസ്ഥ. കേരളത്തിലെ ജനങ്ങളെ സ്‌പോണ്‍സറുടെ വാക്കില്‍ കെട്ടിയിട്ട് ആട്ടിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍, സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പറയുന്നത്, അര്‍ജന്റീനയും മെസ്സിയും വരും എന്നു തന്നെയാണ്. അതിനുള്ള നടപടികളും ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ടെന്നും.
ഇതൊക്കെ നടക്കുന്നു എന്നുപറയുമ്പോഴും മെസ്സിയും അര്‍ജന്റീനയും വരില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മലയാളത്തിലെ മറ്റു ചാനലുകള്‍ പറയുന്നത് തെറ്റാണെന്നു പറയാനാകുമോ. കാരണം, അര്‍ജന്റീനയിലെ മാധ്യമവും അവിടുത്തെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും നല്‍കിയ വാര്‍ത്തകരള്‍ പ്രകാരം കേരളത്തില്‍ അര്‍ജന്‍രീന കളിക്കില്ല എന്നാണ്. ഇത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചെയര്‍മാനോടു തന്നെ നേരിട്ട് ചോദിക്കുകയും ചെയ്തു. അപ്പോഴും അദ്ദേഹം പയുന്നത്, ഇങ്ങനെയൊരു വിവരം തങ്ങള്‍ക്കു കിട്ടിയിട്ടില്ല എന്നും, അര്‍ജന്റീനയും ഓസ്‌ട്രേലിയന്‍ ടീമുമായുള്ള ഫ്രണ്ട്‌ലി മത്സരം നടക്കുമെന്നുമണ്.
ടാനലുകളുടെ ടാം റേറ്റിങ്ങും ബാര്‍ക്ക് റേറ്റിംങ്ങും ഒക്കെ കൂട്ടാനുള്ള നിരവധി വിഭ്രമജനകമായ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. എങ്കിലും നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ സത്യം അറിയാന്‍ വേണ്ടിയാണ് ജനം ടി.വി കണുന്നതുപോലും. നാട്ടിലെ എല്ലാ സത്യങ്ങളും വിളിച്ചു പറയുന്നത്, ഞങ്ങളാണെന്ന അവകാശവാദവും പരസ്യവും പറഞ്ഞാണ് മിക്ക ചാനലുകളും ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടുന്നത്. മെസ്സിയുടെ വരവും പോക്കും വാര്‍ത്തയാകുന്നതും ഈ ഒരു തലത്തിലാണ്. ഇവിടെ, മെസ്സിയും പടയും കേരളത്തില്‍ വരുമെന്നു പറയുന്നത് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി മാത്രമാണ്. അത് പറയുന്നത്, അവരാണ് സര്‍ക്കാരിനു വേണ്ടി മെസ്സിയെ എത്തിക്കുന്ന സ്‌പോണ്‍സര്‍ എന്നതു കൊണ്ടാണ്.
എന്നാല്‍, അപ്പോഴും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുമ്പില്‍ മെസ്സിയെ കുറിച്ചും, കളിയെ കുറിച്ചും, സ്റ്റേഡിയും നവീകരണത്തെ കുറിച്ചും ഒരക്ഷറം മിണ്ടാത്തത്. അതാണ് ചോദ്യമായി ഉയരുന്നത്. ഈ ചോദ്യത്തിനാണ് സര്‍ക്കാര്‍ ഉത്തരം പറയേണ്ടത്. അല്ലാതെ, ഏതോ ഒരു സ്‌പോണ്‍സര്‍ ആരോതൊക്കെയോ സംസാരിച്ച് മെസ്സിയെ കൊണ്ടുവന്നാല്‍, അത് കേരള സര്‍ക്കാരിന്റെ പരിപാടിയായി കാണണം എന്നു പറയുന്നത് ശരിയല്ല. അത് ജനങ്ങള്‍ക്കു മുമ്പില്‍ പറയാനും പറ്റില്ല. ഇവിടെ സര്‍ക്കാരിന്റെ റോളെന്ത്. കായികമന്ത്രി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയോ. മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ കൊണ്ടുവരാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ. സര്‍ക്കാരിന്റെ ഫണ്ട് ചെലവായിട്ടുണ്ടോ. എങ്കില്‍ എത്ര രൂപയാണ് ചെലവ്.
ഇങ്ങനെ വ്യക്തമാകേണ്ടതും, സര്‍ക്കാര്‍ പറയേണ്ടതുമായ കാര്യങ്ങള്‍ നിരവധിയാണ്. ഏതെങ്കിലും വിധത്തില്‍ മെസ്സി വരുമെന്നുറപ്പാണെന്നു വരുമ്പോള്‍, അതിന്റെ ക്രെഡിറ്റെടുക്കാന്‍ കസേരയിട്ട് മുമ്പില്‍ ഇരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് സര്‍ക്കാരിലെ മന്ത്രിമാര്‍ അടക്കം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, മെസ്സിയെയോ, മെസ്സിയുടെ ടീമിനെയോ, അര്‍ജന്റീന ഫുട്‌ബോള്‍ അധികൃതരെയോ കേരള സര്‍ക്കരിന്റെ പ്രതിനിധികള്‍ കണ്ടിട്ടുണ്ടോ. അവരുമായി സംസാരിച്ച് ഔദ്യോഗികമായ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ആരും പറയുന്നില്ല എന്നതാണ് വസ്തുത. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസ്സിയെ കൊണ്ടു വരുന്നതെങ്കില്‍ അത് സ്വകാര്യ പരിപാടിയാണ്. അതില്‍ സര്‍ക്കാരിന് പങ്കില്ല.
ഇനി സര്‍ക്കാരാണ് പരിപാടി നടത്തുന്നതെങ്കില്‍ അതിന്റെ സ്‌പോണ്‍സറായി വരുന്ന റിപ്പോര്‍ട്ടര്‍ക്ക് സ്‌പോണ്‍സര്‍ എന്നിതിലുപരി മറ്റൊരു കാര്യത്തിലും പങ്കില്ല എന്നതാണ്. എന്നാല്‍, കേരളത്തില്‍ മെസ്സിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ മെസ്സി ആരുടെ ഗസ്റ്റാണെന്നോ, ആരാണ് കൊണ്ടു വരുന്നതെന്നോ സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല എന്നത് വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. ഇതില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്. കളി നടക്കുമോ ?. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വിഷയം ട്രോളര്‍മാര്‍ക്ക് ചാകരയാണ് സംഭാവന ചെയ്തിരിക്കുന്നത്. ട്രോളര്‍മാര്‍ ആന്റോ അഗസ്റ്റിയനെയും, റിപ്പോര്‍ട്ടര്‍ ചാനലിനെയും മറ്റു ചാനലുകളെയും സ്‌പോര്‍ട്‌സ് മന്ത്രിയെയും കണക്കിന് ട്രോളുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചാനലുകളെയെല്ലാം ട്രോളിക്കൊണ്ട് വന്നൊരു പോസ്റ്റ് ഇങ്ങനെയാണ്.
രാവിലെ ചാനലുകള്‍ തുറന്നാല്‍:
‘മെസ്സി കേരളത്തിലേക്കില്ല”
”അര്‍ജന്റീനിയന്‍ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു””മെസ്സി വരുമെന്ന വാര്‍ത്തകള്‍ തെറ്റ്..’
‘മെസ്സി കേരളത്തിലേക്ക് വരില്ലെന്ന് മെസിയുടെ കുഞ്ഞമ്മയുടെ മകന്‍ മനോരമയോട് പറഞ്ഞു’
(ഏഷ്യാനെറ്റ്,മനോരമ,മാതൃഭൂമി,24ന്യൂസ്,
മീഡിയ വണ്‍)
ലെ റിപ്പോര്‍ട്ടര്‍ :
പന്തല് വലിച്ചു കെട്ടിക്കോ,രണ്ടു പെട്രോമാക്‌സ് എടുത്തോ,മെസ്സി വരും,മാര്‍ട്ടിനെസ് വരും,
എയ്ഞ്ചല്‍ മരിയ വരും,
അവരുടെ അപ്പന്മാരും വരും.

നവംബര്‍ 14ന് കോഴിക്കോട്ട് റോഡ് ഷോയും 17ന് കൊച്ചിയില്‍ അര്‍ജന്റീന – ഓസ്‌ട്രേലിയ അന്താരാഷ്ട്ര സൗഹൃദ മത്സരവും പ്രഖ്യാപിച്ചു. ടീമുകള്‍ പോകാനുള്ള ബസും ഇറക്കി. അയ്യായിരം രൂപ മുതല്‍ കോമ്പോ ടിക്കറ്റിന് ഒരു കോടി വരെ ടിക്കറ്റ് നിരക്കും വാര്‍ത്തകളായി. എങ്ങനെയാണ് മെസ്സിയെ കൊണ്ടു വരുന്നതെന്നും, എങ്ങനെയാണ് അതിന്റെ വികസനങ്ങള്‍ നടക്കുന്നതെന്നുമൊക്കെയുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഫിഫ വിന്‍ഡോയില്‍ വരുന്ന മത്സരങ്ങളുടെ ക്രമം അനുസരിച്ച്, നവംബര്‍ മധ്യത്തില്‍ ദേശീയ ടീം കളിക്കുന്ന മത്സരങ്ങള്‍ കേരളത്തിലോ ഇന്ത്യയിലോ ഏഷ്യയിലോ പോലുമല്ല. അര്‍ജന്റൈന്‍ മാധ്യമമായ ലാ നാസിയോണ്‍ (La Nación) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, നവംബര്‍ 11 മുതല്‍ 19 വരെയുള്ള ഫിഫ വിന്‍ഡോയില്‍ അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത് അംഗോളയിലാണ്. ഇതിനു പുറമേ, അര്‍ജന്റീനയുടെ ഷെഡ്യൂളില്‍ ചിലി, ഉറുഗ്വേ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉള്‍പ്പെടുന്നു. അതേസമയം, ഇന്ത്യ സന്ദര്‍ശനമോ ഓസ്‌ട്രേലിയയുമായുള്ള മത്സരമോ എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല.
നേരത്തെ അര്‍ജന്റൈന്‍ പ്രതിനിധികള്‍ സ്റ്റേഡിയം പരിശോധിക്കാന്‍ കൊച്ചിയിലെത്തുന്നിടത്തോളം കാര്യങ്ങള്‍ പുരോഗമിച്ചിരുന്നെങ്കിലും, എതിരേ കളിക്കാനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് പരസ്യമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്. ലയണല്‍ മെസി ഉള്‍പ്പെടുന്ന, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന വാര്‍ത്തകള്‍ സംസ്ഥാനത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് വലിയ ആവേശമായിരുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വലിയ പരിശ്രമവും നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നവംബറില്‍ ഇന്ത്യയില്‍ പര്യടനം നടത്താനുള്ള ആലോചനകള്‍ പരാജയപ്പെട്ടെന്നാണ് അര്‍ജന്റീനയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് സന്ദര്‍ശനം റദ്ദാക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
‘ആവര്‍ത്തിച്ചുള്ള കരാര്‍ ലംഘനങ്ങളാണ്’ (repeated breaches) മത്സരം നടത്താന്‍ വിഘാതമാകുന്നതെന്നാണ് AFA ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രമുഖ അര്‍ജന്റീന ഫുട്ബോള്‍ പത്രപ്രവര്‍ത്തകനായ ഗാസ്തോണ്‍ എഡ്യൂളും (Gastón Edul) അര്‍ജന്റീനയുടെ ഇന്ത്യ സന്ദര്‍ശന പരിപാടി പരാജയപ്പെട്ടെന്നാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. നവംബറിലെ ഒരു സൗഹൃദമത്സരം അംഗോളയില്‍ ഉറപ്പിച്ച അര്‍ജന്റീന, രണ്ടാമത്തെ മത്സരം ഇന്ത്യയ്ക്ക് പകരം മറ്റൊരു രാജ്യത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘദൂര യാത്ര ഒഴിവാക്കാനും കളിക്കാരുടെ ജോലിഭാരം കുറയ്ക്കാനുമാണ് ഈ നീക്കമെന്നാണ് വിവരം. അതേസമയം, മെസിയെയും ടീമിനെയും വരവേല്‍ക്കാന്‍ 70 കോടി രൂപ ചെലവഴിച്ച് കൊച്ചി സ്റ്റേഡിയം നവീകരിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്. 50,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നവീകരണം. മെസിയും അര്‍ജന്റീന ടീമും നവംബര്‍ 15-ന് കൊച്ചിയിലെത്തുമെന്നും, മത്സരത്തിന് മുന്നോടിയായി എ.ആര്‍. റഹ്മാന്റെ സംഗീത പരിപാടിയും ഡ്രോണ്‍ ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു.
ഈ വാര്‍ത്ത വായിച്ചു കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നതെന്നുള്ളതിന്റെ ഒരു വിവരം മാത്രമേ ലഭിക്കൂ. എന്നാല്‍, സത്യം എന്താണെന്ന് അറിയാന്‍ നവംബര്‍ 17 വരെ കാത്തിരിക്കേണ്ടി വരും. പക്ഷെ, ജനങ്ങളോട് സര്‍ക്കാര്‍ സത്യം പറയണം. മെസ്സിയുമായോ, മെസ്സി ഉള്‍പ്പെടുന്ന ടീമുമായോ, അവരുടെ അധികൃതരുമായോ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ആരെങ്കിലും ആശയവിനിമയം നടത്തിയിട്ടുണ്ടോ. അതിന്റെ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ എന്നതിനെ കുറിച്ച്.
CONTENT HIGH LIGHTS; Messi’s arrival and departure, truth or lie?: Trollers are raving on social media; Is the media’s clashing for ratings?; What is the truth?
















