മധ്യ കേരളത്തിലെ പ്രധാന ആനവണ്ടി ആപ്പീസിനു കീഴിലുള്ള ഡിപ്പോയുമായി ബന്ധപ്പെട്ട ഒരു ചാത്തന്‍ കഥയാണിത്. KSRTC ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ ഹാന്റിലുകളിലും ഓടിനടക്കുന്നുണ്ട്. ചാത്തനും മാടനും മറുതയും യക്ഷിയുമൊക്കെ KSRTC ബസ് സ്‌റ്റേഷനുകളില്‍ പാതിരാത്രിയും പട്ടാപ്പകലുമെല്ലാം നിര്‍ബാധം കറങ്ങി നടക്കുന്നുണ്ട്. ബസിടിച്ചു മരിച്ചവരും, ശമ്പളം കിട്ടാതെ ആത്മഹത്യ ചെയ്തവരും, ജോലിചെയ്ത് രോഗം ബാധിച്ച് ഹൃദയാഘാതം വന്ന് മരിച്ചവരുടെയുമൊക്കെ ആത്മാക്കള്‍ ഗതികിട്ടാതെ ഓരോ ബസ് സ്‌റ്റേഷനുകളിലും അലഞ്ഞു നടക്കുന്നുണ്ടാകും എന്നുറപ്പാണ്.
രണ്ടാഴ്ച മുമ്പ് ഏറ്റുമാനൂര്‍ ബസ് ഡിപ്പോയില്‍ നടന്നൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. ശരിക്കും നടന്ന കഥ ആയതുകൊണ്ട് അതിന് നല്ല ഡിമാന്റുമുണ്ട്. എന്നുമെന്നും മന്ത്രിയുടെ അപസര്‍പ്പ കഥകള്‍ പറയുമ്പോള്‍ സ്വാഭാവികമായും ഒരു മുഷിച്ചിലുണ്ടാകും. അതുകൊണ്ടാണ് വ്യത്യസ്തമായൊരു പ്രമേയം കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയത്. അപ്പോഴാണ് “ഏറ്റുമാനൂരപ്പന്റെ കടാക്ഷം” കൊണ്ട് ഏറ്റുമാനൂര്‍ KSRTC ഡിപ്പോയില്‍ നിന്നുതന്നെ ഒരു നടന്ന സംഭവം കിട്ടി. സ്റ്റേഷന്‍ മാസ്റ്റര്‍ ഇല്ലാത്ത നേരം നോക്കി ആരോ അദ്ദേഹത്തിന്റെ ഓഫീസ് റൂം താഴിട്ടു പൂട്ടിക്കളഞ്ഞു. പൂട്ടിയത് ആരെന്നോ, എന്തിനു പൂട്ടിയെന്നോ ഒന്നും ആര്‍ക്കും അറിയില്ല. തെളിവില്ല, ദൃക്‌സാക്ഷികളില്ല. 14 ദിവസം കഴിഞ്ഞിട്ടും സംഭവത്തിന് തുമ്പുമില്ല മൂടുമില്ല.
പോലീസിന് പരാതി നല്‍കി. KSRTCയിലെ മേലുദ്യോഗസ്ഥരെ അറിയിച്ചു. എന്നിട്ടും നടപടികള്‍ മാത്രമില്ല. സി.സി.ടി.വി പരിശോധിക്കാമെന്നുവെച്ചാല്‍ KSRTC ഡിപ്പോയില്‍ പോലീസിന്റെ സി.സി.ടി.വി മാത്രമേയുള്ളൂ. അതില്‍ പരിശോധിക്കാനുള്ള പരിമിതിയുണ്ട്. കാരണം, സ്റ്റേഷന്‍ മാസ്റ്ററുടെ റൂമിനടുത്തുവരെ പോലീസിന്റെ സി.സി.ടി.വി റേഞ്ച് എത്തില്ല. പൂട്ടിയത് ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിലാണ് ചാത്തന്‍ മാടന്‍ മറുതയുടെ ഇടപെടലുകള്‍ പ്രചരിച്ചത്. ഇനിയും ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കില്ല എന്നും ഉറപ്പിച്ചു പറയാന്‍ ആര്‍ക്കുമാകുന്നില്ല. ഈ സംഭവത്തെ KSRTCയിലെ തന്നെ കലാകാരന്‍മാര്‍ രസകരമായ കഥയാക്കി പ്രചരിപ്പിക്കുന്നുണ്ട്. കഥ വായിച്ച ജീവനക്കാര്‍ക്കെല്ലാം കാര്യം പിടികിട്ടുന്നുണ്ടെന്നാണ് സൂചന. ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കഥ വൈറലായിരിക്കുകയാണ്.
ആ കഥ ഇങ്ങനെ വായിക്കാം,
ജീവനക്കാരെ,
മരിച്ചു കഴിഞ്ഞതിനു ശേഷം ചെയ്യുന്ന ക്രിയ ആണ് ശേഷ ക്രിയ.ഇല്ലെങ്കില്‍ പിന്നീട് ഈ മരണപ്പെട്ടവരുടെ പ്രേതങ്ങള്‍ പണ്ട് അവര്‍ വിരാചിച്ചിരുന്ന സ്ഥലത്ത് കറങ്ങി നടക്കുകയും പിന്നീട് ഉപദ്രവങ്ങള്‍ ചെയ്യുകയും ചെയ്യും എന്നാണ് പഴമൊഴി.
എന്നാല്‍ അത് സത്യമാണ് എന്ന് ചില സംഭവങ്ങള്‍ തെളിയിക്കുന്നു.
ഏറ്റുമാനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡില്‍ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസില്‍ നിന്നും സ്റ്റേഷന്‍ മാസ്റ്റര്‍, ബസ്സ് അപകടം നടന്നത് അറിഞ്ഞു ഒന്നു നോക്കാന്‍ റോഡിലേക്ക് ഇറങ്ങിയതാണ്.
തിരിച്ചു വന്നപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പുതിയ ഒരു താഴ് ഇട്ട് ആരോ പൂട്ടിയിരിക്കുന്നു. പോലീസില്‍ വിവരം അറിയിച്ചു.പോലീസിന്റെ സാന്നിധ്യത്തില്‍ പൂട്ട് തല്ലി പൊളിച്ചു.
എന്നാലും ആരാടാ അത്. അത്ര ധൈര്യം ഉള്ളവന്‍?
പതിവ് ഡിറ്റക്റ്റീവ് കള്‍ ഒന്നും അനങ്ങിയില്ല. ഉഗ്ര രൂപി ആയ ആരോ ആവാം.
നമ്മുടെ ജീവനക്കാര്‍ അന്വേഷണം തുടങ്ങി.
ഒടുവില്‍ അവര്‍ ഒരു കണ്ടെത്തലില്‍ എത്തി.മാസങ്ങള്‍ക്കു മുന്‍പ് കോട്ടയത്തു കോട്ടയം ജില്ല മുഴുവന്‍ അടക്കി ഭരിച്ച എല്ലാ ഡിപ്പോയിലെയും ജീവനക്കാരെ ദുര്‍മന്ത്രവാദത്തില്‍ കുടുക്കിയ ഒരു ദുര്‍മന്ത്രവാദിയെ ശല്യം സഹിക്കാതെ ബലി ഇട്ട് സ്ഥാനമാറ്റം നല്‍കി പടിയടച്ചു പിണ്ഡം വച്ചിരുന്നു.
അടുത്ത ജില്ലയിലേക്ക് ആണെന്ന് പറഞ്ഞാലും താന്‍ അടക്കി വാണിരുന്ന മാടമ്പള്ളിയിലെ ജീവിത സുഖം കാരണവരെ വീണ്ടും വീണ്ടും അലട്ടിയിരുന്നു. തന്റെ അധികാര പരിധിയില്‍ ഉണ്ടായിരുന്ന ഒരു സ്ഥാപനം മലര്‍ക്കേ തുറന്നിട്ടിട്ടു പോയിരിക്കുന്നു.
ഇപ്പോള്‍ തന്റെ അധികാര പരിധിയില്‍ അല്ല എങ്കിലും ഏമാന്‍ ഒരു പണി അങ്ങോട്ട് കൊടുത്തു.
കള്ള് കുടിക്കാന്‍ പോലും കൈ നീട്ടി കാശ് വാങ്ങുന്ന ഇദ്ദേഹം സ്വന്തം കാശ് മുടക്കി ഒരു താഴു വാങ്ങി ആ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അങ്ങട്ട് ബന്ധിച്ചു.രണ്ടെണ്ണം വിട്ടാല്‍ പിന്നെ അങ്ങനെ ആണല്ലോ? വെറും താഴ് അല്ല അത്. മണിച്ചിത്ര താഴ് ഇട്ട് പൂട്ടി.എന്നിട്ട് രണ്ട് വാക്കും. ഈ മൈര് ഒന്നു തുറക്കുന്ന കാണണമല്ലോ?
നവീന കാലഘട്ടം ആണ്. പ്രേതങ്ങളുടെ ഇമേജ് പോലും ക്യാമറയില്‍ പതിയുന്ന കാലമാണ്.ജീവനക്കാര്‍ ഒരുപാട് ഒന്നും അന്വേഷിച്ചു ബുദ്ധിമുട്ടണ്ട.
പരിസരത്തെ CCTV കള്‍ ഒന്ന് ചെക്ക് ചെയ്യാന്‍ സംഘടനകളുടെ ഒരു ഒരു പരാതി പോലീസില്‍ നല്‍കിയാല്‍ മതി.പൊതു മുതല്‍ ആണ് പൂട്ടിയത്.
കെ എസ് ആര്‍ ടി സി യില്‍ നല്‍കിയാല്‍ വാദി പ്രതി ആകും. വിജിലന്‍സ് ഏമാന്റെ ചക്കരക്കുട്ടന്‍ ആണ് ഇദ്ദേഹം.അങ്ങനെ കണ്ടെത്തുന്നു എങ്കില്‍ പിടിച്ചു കെട്ടി ആലുവ മണപ്പുറത്ത് കൊണ്ട് വന്നു പിടിച്ചിരുത്തി അങ്ങ് തെക്കോട്ടു ഉള്ള ജില്ലയിലേക്ക് പറപ്പിക്കാന്‍ ഒരു ഇരിക്ക പിണ്ഡവും കൂടി വയ്ക്കണം.
ശ്രദ്ധിക്കണം. മൂര്‍ത്തിയാണ് അത്.
കിങ്കരന്മാര്‍ ആയ ചാത്തന്മാര്‍ ഇപ്പോളും
അക്ഷര നഗരിയില്‍ തന്നെ ഉണ്ട്.
ഈ ചാത്തന്‍കഥയിലെ ചാത്തന്‍ ആരാണെന്നാണ് ഇപ്പോഴത്തെ സംശയം. കഥ വായിച്ച് ചാത്തനെ അന്വേഷിച്ചിറങ്ങിയ KSRTC ജീവനക്കാര്‍ക്കു മുമ്പില്‍ തെളിയുന്ന ചിത്രങ്ങള്‍ ആരുടേതൊക്കെ ആണന്നാണ് അറിയേണ്ടത്. മുന്‍ വൈരാഗ്യവും പിന്‍ വൈരാഗ്യവും കൊണ്ട് ചെയ്ത കുത്സിക പ്രവൃത്തിയായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പക്ഷെ, അതിനുള്ള തെളിവോ ദൃക്‌സാക്ഷിയോ ഇല്ലാത്തതു കൊണ്ട് സത്യമാണെന്ന് ഉറപ്പിച്ചു പറയാനാകില്ല. അതാണ് ചാത്തന്റെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധ നേടുന്നത്. എന്തായാലും ഇനിയും പൂട്ടുകള്‍ വീഴാനുള്ള സാധ്യത തള്ളിക്കയാതെയാണ് ഏറ്റുമാനൂര്‍ ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. താനേ താഴുകള്‍ വീഴുന്നതും പേടിച്ചുള്ള ജോലി ചെയ്യല്‍, അതൊരു സംഭവം തന്നെ. വകുപ്പുമന്ത്രി തമ്പ്രാനെങ്കിലും ചാത്തനെ പിടിച്ചു കെട്ടാന്‍ ഇതിലൊന്ന് ഇടപെടുമെന്നാണ് പണിയാളരുടെ വിശ്വാസം. എങ്കിലും ഏറ്റുമാനനൂരില്‍ നടന്ന കഥയുടെ സത്യം അറിയാനൊരു അന്വേഷണം നടത്തി. അന്വേഷണത്തില്‍ തെളിഞ്ഞത് ഈ കഥയാണ്.
ആ സത്യമായ കഥ ഇങ്ങനെ,
കഴിഞ്ഞ 9നായിരുന്നു സംഭവം. ഏറ്റുമാനൂര്‍ KSRTC ഡിപ്പോയിലേക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നൊരു കോള്‍ വരുന്നു. തൃശൂര്‍ ഡിപ്പോയിലെ KSRTC ബസ് ഏറ്റുമാനൂരപ്പന്റെ നടയില്‍വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഈ അപകടത്തെ കുറിച്ച് സംസാരിക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ വരണമെന്നായിരുന്നു കോള്‍. പതിനൊന്നരയ്ക്ക് ഓഫീസ് വലിച്ചു ചാരിയിട്ട (പൂട്ടിയില്ല) ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ പോലീസ് സ്‌റ്റേഷനിലേക്കു പോയി. മൊഴിയെടുപ്പും, ചോദിച്ചറിയലുമൊക്കെയായി നേരം ഉച്ച കഴിഞ്ഞു. തിരിച്ച് ഓഫീസിലെത്തുമ്പോള്‍ കാണുന്നത്, പൂട്ടിയിട്ടിരിക്കുന്ന റൂമാണ്. അതും താഴിട്ടു പൂട്ടിയ നിലയില്‍. ഓറീസ് റൂമില്‍ കയറാന്‍ കഴിയാതെ മാസ്റ്റര്‍, സ്‌റ്റേഷന്റെ ചുറ്റും നടന്നു. ആരാണ് ഇതു ചെയ്തതെന്ന് ചോദിച്ചോണ്ടുള്ള നടപ്പ് അവസാനിച്ചത്, സി.സി.ടി.വിയുടെ മുമ്പില്‍. പക്ഷെ, KSRTCക്ക് ബസ് സ്റ്റേഷനുള്ളില്‍ സി.സി.ടി.വി ഇല്ലെന്ന സത്യം ആരോടും പറയാനൊക്കാത്തതു കൊണ്ട് മിണ്ടിയില്ല.
ആകെയുള്ളത് പോലീസിന്റെ സി.സി.ടി.വിയാണ്. അതിലാണെങ്കില്‍ SMന്റെ റൂമൊന്നും കിട്ടുകയുമില്ല. അപ്പോള്‍ ആരാണ് പൂട്ടിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയായി. പൂട്ടിയതാരാണെന്നോ, എപ്പോഴാണെന്നോ, എന്തിനാണെന്നോ അറിയാതെ സ്‌റ്റേഷന്‍ മാസ്റ്ററും ഡിപ്പോയും ആകെ കുഴഞ്ഞു. പോലീസില്‍ പരാതിയും നല്‍കി, മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പൂട്ടിയവനെ കിട്ടിയില്ലെങ്കില്‍ വരാനിരിക്കുന്നത് ഭീകര അവസ്ഥയാണെന്ന ആശങ്കയിലാണ് എല്ലാവരും. ഇനിയും പൂട്ടിയിട്ടാല്‍ എന്തുചെയ്യുമെന്ന് ആര്‍ക്കുമറിയില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്.
CONTENT HIGH LIGHTS; ettumanoor-ksrtc-depo-issue-the-station-masters-office-locked-itself-but-who-is-so-brave-even-the-police-cant-find-it
















