ഭക്തിനിർഭരമായ ശബരിമല തീർത്ഥാടനത്തിന്റെ പവിത്രതയിൽ, രാജ്യത്തിന്റെ പ്രഥമ പൗരൻ ദ്രൗപദി മുർമുവിന് കരുതലോടെ കൈത്താങ്ങായി ഒപ്പം നടന്ന ആ യുവ സൈനികൻ ആരായിരുന്നു? മലകയറിയും പതിനെട്ടാം പടി ചവിട്ടിയും സന്നിധാനത്ത് ദർശനം നടത്തിയ രാഷ്ട്രപതിയെ ഒരമ്മയെ എന്നപോലെ കൈപിടിച്ച് നടത്തിയ ദൃശ്യം കണ്ടവരുടെയെല്ലാം മനസ്സിൽ ഉയർന്ന ചോദ്യമാണത്. രാജ്യത്തിന്റെ പരമോന്നത പദവിയിലുള്ള വ്യക്തിക്ക് സ്വന്തം നാടിന്റെ ആചാരപ്പെരുമയോടെ വഴികാട്ടിയായത് മറ്റാരുമല്ല, തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും രാഷ്ട്രപതിയുടെ എ ഡി സി (എയ്ഡ്-ഡി-ക്യാമ്പ്) കൂടിയായ സ്ക്വാഡ്രൺ ലീഡർ സൗരഭ് എസ് നായർ ആയിരുന്നു. പ്രോട്ടോക്കോളുകളുടെ കർശന ചിട്ടകൾക്കപ്പുറം, സ്നേഹത്തിന്റെ നിറവിൽ സൗരഭ് നടത്തിയ ആ പരിചരണം കേരളക്കരയുടെ മുഴുവൻ ശ്രദ്ധ നേടി.
ശബരിമലയിലെ പവിത്രമായ പതിനെട്ടാം പടിയിലേക്ക് രാഷ്‌ട്രപതിയുടെ കൈപിടിച്ച് കയറിയ സൗരഭിന്റെ ചിത്രം മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഇരുമുടി കെട്ടുമായി ആദ്യമായി അയ്യനെ കാണാൻ എത്തിയ രാഷ്‌ട്രപതിക്ക്, ഒരു മകന്റെ വാത്സല്യത്തോടെ ഓരോ ചുവടിലും താങ്ങായി സൗരഭ് മുന്നോട്ട് നടന്നു. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷം സന്നിധാനത്തേക്കുള്ള യാത്രയിലുടനീളം ഓരോ സ്ഥലത്തെക്കുറിച്ചും ക്ഷേത്രത്തിലെ ആചാരങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ രാഷ്ട്രപതിക്ക് വിശദീകരിച്ച് നൽകിയത് അദ്ദേഹം തന്നെയായിരുന്നു. തീർത്ഥം സ്വീകരിക്കേണ്ട രീതി പോലും സൗരഭ് രാഷ്ട്രപതിക്ക് പറഞ്ഞുകൊടുത്തു. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം തീരുമാനിച്ച നിമിഷം മുതൽ കേരളത്തിലേക്കുള്ള ഈ യാത്രയിൽ അദ്ദേഹത്തിന് വഴികാട്ടിയാകാനുള്ള നിയോഗം ലഭിച്ചതും സൗരഭിനായിരുന്നു.
- ആരാണ് രാഷ്ട്രപതിയുടെ എ ഡി സി?
തിരുവനന്തപുരം മലയിൻകീഴ് ഈരാറ്റുകോണം വീട്ടിൽ എസ് സുനിൽ കുമാറിന്റെയും എസ് ബിന്ദുവിന്റെയും മൂത്ത മകനാണ് സൗരഭ്. പ്ലസ് ടുവിന് ശേഷം നാഷണൽ ഡിഫെൻസ് അക്കാദമിയിൽ ചേർന്ന് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഇന്ത്യൻ എയർ ഫോഴ്‌സിലെ സ്ക്വാഡ്രൺ ലീഡർ എന്ന പദവിയിൽ എത്തിച്ചേരുകയായിരുന്നു. ഒന്നര വർഷം മുൻപാണ് സൗരഭ് രാഷ്‌ട്രപതിയുടെ എ ഡി സി ആയി ചുമതലയേറ്റത്. സൈനിക സേവനത്തിലിരിക്കുന്ന ഒരു യുവ ഉദ്യോഗസ്ഥന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. സാധാരണയായി കരസേനയിൽ മേജർ, നാവികസേനയിൽ ലെഫ്റ്റനന്റ് കമാൻഡർ, വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡർ എന്നീ റാങ്കുകളിലുള്ള മികച്ച സർവീസ് റെക്കോർഡുള്ള യുവ ഉദ്യോഗസ്ഥരെയാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. പ്രോട്ടോക്കോൾ പാലനം, സുരക്ഷാപരമായ ഏകോപനം, രാഷ്‌ട്രപതിയുടെ ദിനചര്യകൾ, ഔദ്യോഗിക പരിപാടികൾ തുടങ്ങിയ നിർണ്ണായക ചുമതലകൾ എ ഡി സിമാർക്കാണ്.
രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ നേരിൽ കണ്ടപ്പോൾ, “നല്ല മിടുക്കൻ മകനാണ് സൗരഭ്” എന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞതായി പിതാവ് സുനിൽ കുമാറും മാതാവ് ബിന്ദുവും സന്തോഷത്തോടെ പങ്കുവെച്ചു. കോഫീ ഹൗസ് ജീവനക്കാരനായിരുന്ന സുനിൽ കുമാർ ഇപ്പോൾ കോവളത്തെ ഒരു ഹോട്ടലിൽ ഷെഫാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള മകൻ രാജ്യത്തെ പരമോന്നത പദവിയിലുള്ള വ്യക്തിക്ക് താങ്ങും തണലുമായതിലെ അഭിമാനത്തിലും സന്തോഷത്തിലുമാണവർ. രാഷ്ട്രപതിയുടെ കൂടെ ഒരു മകനെപ്പോലെ കൂടെയുണ്ടായിരുന്ന സൗരഭ് എസ് നായർ എന്ന തിരുവനന്തപുരംകാരൻ, സ്വന്തം കുടുംബത്തിനും നാടിനും അഭിമാനത്തിന്റെ വെളിച്ചമായി മാറിക്കഴിഞ്ഞു.
















