ആര്‍.എസ്. എഫിന്റെ ആഗോള പത്രസ്വാതന്ത്ര്യ അവാര്‍ഡിന് പേര് നിര്‍ദേശിക്കപ്പെട്ട മലയാളിയായ ധന്യാ രാദേന്ദ്രന്‍ ആരാണെന്ന് അറിയാമോ. പാലക്കാടിന്റെ മണ്ണില്‍ നിന്ന് യാത്ര തുടങ്ങി, ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ മാധ്യമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയവരണ് ധന്യ രാജേന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തക. മാധ്യമ പ്രവര്‍ത്തനത്തിന്റെ തീക്ഷ്ണമായ നാളുകളില്‍ സത്യത്തിനും നീതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ഉജ്ജ്വല മാതൃക കൂടിയാണവര്‍. വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിടുകയും, പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും തന്റെ സ്ഥാപനമായ ‘ദി ന്യൂസ് മിനിറ്റി’നെ (TNM) സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ
മുന്‍നിരയില്‍ നിര്‍ത്തുകയും ചെയ്തതിലൂടെയാണ് അവര്‍ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (RSF) ‘ഇംപാക്ട് പ്രൈസ് ഓഫ് ദി ഇയര്‍ 2025’ പുരസ്‌കാരത്തിനുള്ള നോമിനേഷന് അര്‍ഹയായത്. മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ നിസ്സീമമായ പോരാട്ടം, പ്രത്യേകിച്ച് ഭരണകൂടങ്ങള്‍ നിയമങ്ങള്‍ ഉപയോഗിച്ച് മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരു പ്രചോദനമായി മാറുകയായിരുന്നു ധന്യ. വോട്ടര്‍ ഡാറ്റാ തിരിമറി പോലുള്ള വലിയ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന അവരുടെ
അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് രീതിയും, സത്യത്തെ മുറുകെ പിടിച്ചുള്ള നിലപാടുകളുമാണ് ഈ ആഗോള അംഗീകാരത്തിലേക്ക് അവരെ കൈപിടിച്ച് നടത്തിയത്. ഈ നോമിനേഷന്‍, കേവലമൊരു പുരസ്‌കാരത്തിനപ്പുറം, ആധുനിക മാധ്യമ ലോകത്ത് സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുന്ന ഓരോ പത്രപ്രവര്‍ത്തകനുമുള്ള അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.
പ്രചോദനത്തിന്റെ വഴി: ആരായിരുന്നു ധന്യ ?
പാലക്കാട് വിക്ടോറിയ കോളേജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തന്റെ പോരാട്ടവീര്യം തേച്ചുമിനുക്കിയ ധന്യ രാജേന്ദ്രന്‍, എഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിലെ പഠനശേഷം മലയാളത്തിലെ ആദ്യ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനിലൂടെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ടൈംസ് നൗവിന്റെ സൗത്ത് ഇന്ത്യ ബ്യൂറോ ചീഫ് പദവിയിലെത്തി, ഒരു ദശാബ്ദത്തോളം മുഖ്യധാരാ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ തിളങ്ങി. 2014-ല്‍ ഭര്‍ത്താവ് വിഘ്നേഷ് വെല്ലൂരിനൊപ്പവും മുതിര്‍ന്ന പത്രപ്രവര്‍ത്തക ചിത്രാ സുബ്രഹ്മണ്യത്തിനൊപ്പവും ചേര്‍ന്ന് ‘ദി ന്യൂസ് മിനിറ്റ്’ (TNM) എന്ന ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടല്‍ സ്ഥാപിക്കുമ്പോള്‍, ചോദ്യം ചെയ്യപ്പെടാത്ത അധികാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ നിസ്സീമമായ പോരാട്ടമാണ് RSF നോമിനേഷനിലേക്ക് അവരെ എത്തിച്ചത്. ഭരണകൂടം കൊണ്ടുവന്ന ഐ.ടി. നിയമങ്ങളെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ച അവര്‍, ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മയായ ‘ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്റെ’ അധ്യക്ഷ എന്ന നിലയില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ക്കുവേണ്ടി ശക്തമായി നിലകൊണ്ടു. ‘തന്റെ നേതൃത്വത്തില്‍ ‘ദി ന്യൂസ് മിനിറ്റ്’ മികച്ച മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു മാനദണ്ഡമായി മാറിയിരിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അവര്‍ക്കും ടീമിനും നിരന്തരം കേസുകളും ഓണ്‍ലൈന്‍ ആക്രമണങ്ങളും നേരിടേണ്ടി വരുന്നു,’ RSF നോമിനേഷന്‍ പ്രഖ്യാപനത്തില്‍ എടുത്തുപറഞ്ഞു.
നേട്ടങ്ങള്‍: അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ തിളക്കം
ധന്യയുടെ കരിയര്‍ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളാല്‍ ശ്രദ്ധേയമാണ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടര്‍ ഡാറ്റാ തിരിമറി അഴിമതി പുറത്തുകൊണ്ടുവന്നതിലൂടെ അവര്‍ക്ക് റെഡ് ഇങ്ക് ‘ജേണലിസ്റ്റ് ഓഫ് ദി ഇയര്‍’ (2022) പുരസ്‌കാരം ലഭിച്ചു. കൂടാതെ, ചമേലി ദേവി ജെയിന്‍ അവാര്‍ഡ് ഫോര്‍ ഔട്ട്സ്റ്റാന്‍ഡിങ് വുമണ്‍ മീഡിയാപേഴ്‌സണ്‍ (2022) ഉള്‍പ്പെടെയുള്ള ബഹുമതികളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. TNM പങ്കാളിയായ ‘പ്രൊജക്റ്റ് ഇലക്ടറല്‍ ബോണ്ട്’, കോര്‍പ്പറേറ്റ് സംഭാവനകളുമായി ബന്ധപ്പെട്ട രഹസ്യബന്ധങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെ ആഗോളതലത്തില്‍ ശ്രദ്ധ നേടി. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ ’40 അണ്ടര്‍ 40′ ലിസ്റ്റില്‍ (2018) ഇടം നേടിയ ധന്യ, പ്രൊഫ. മാക്സ്വെല്‍ ഫെര്‍ണാണ്ടസ് ജേണലിസം അവാര്‍ഡും (2025) കരസ്ഥമാക്കി.
പോരാട്ടത്തിന്റെ വഴിയില്‍ നേരിട്ട വെല്ലുവിളികള്‍
മാധ്യമപ്രവര്‍ത്തന രംഗത്തെ അവരുടെ യാത്ര എളുപ്പമായിരുന്നില്ല. ഒരു സ്ത്രീ എന്ന നിലയില്‍, തന്റെ അഭിപ്രായങ്ങളുടെ പേരില്‍ ധന്യക്ക് നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങള്‍ ഏറെയാണ്.
- സൈബര്‍ ആക്രമണങ്ങളുടെ കൊടുങ്കാറ്റ്: 2017-ല്‍ ഒരു തമിഴ് സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആരാധകരില്‍ നിന്ന് ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങളും ഭീഷണികളും അവര്‍ക്ക് നേരിടേണ്ടി വന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ 31,000-ത്തോളം ട്വീറ്റുകളാണ് അവരുടെ ഫോണിലേക്ക് വന്നത്. ഈ സംഭവം എത്രത്തോളം വൈകാരികമായി തളര്‍ത്തി എന്ന് അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
- വിശ്വാസ്യതയുടെ പരീക്ഷണം (ധര്‍മ്മസ്ഥല വിവാദം): RSF നോമിനേഷന്‍ ലഭിക്കുന്നതിന് തൊട്ടുമുമ്പ്, കര്‍ണാടകയിലെ ധര്‍മ്മസ്ഥല ”കൂട്ടക്കുഴിമാട” ആരോപണങ്ങള്‍ TNM റിപ്പോര്‍ട്ട് ചെയ്ത രീതി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഒരാള്‍ ഉന്നയിച്ച തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ TNM ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. എന്നാല്‍, SIT അന്വേഷണത്തില്‍ ആരോപണം വ്യാജമാണെന്നും പരാതിക്കാരന്‍ പണം കൈപ്പറ്റിയ ശേഷം കള്ളമൊഴി നല്‍കിയതാണെന്നും തെളിഞ്ഞതോടെ, വാര്‍ത്താ അവതരണത്തിലെ പക്ഷപാതം ചോദ്യം ചെയ്യപ്പെട്ടു. ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് സത്യം തിരിച്ചറിയുന്നതില്‍ വന്ന പാളിച്ചയുടെ ആഘാതം അവര്‍ നേരിട്ടു.
- സംരക്ഷകയായി ധന്യ: തന്റെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോഴെല്ലാം ധന്യ മുന്നില്‍ നിന്നു. ശാരീരികമായ അതിക്രമങ്ങള്‍ വരെ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അവര്‍ തുറന്നുപറഞ്ഞു. ‘ഞങ്ങളിലൊരാളെ തൊട്ടാല്‍, ഞങ്ങള്‍ പ്രതികരിക്കും. ഇതൊരു ‘നിങ്ങളുടെ താവളമല്ല” എന്ന് ഉറച്ച ശബ്ദത്തില്‍ അവര്‍ പ്രഖ്യാപിച്ചത്, മാധ്യമപ്രവര്‍ത്തന ലോകത്ത് സ്ത്രീകള്‍ക്ക് ഒരു സുരക്ഷിത താവളം ഒരുക്കുന്നതിലുള്ള അവരുടെ തീവ്രമായ ആഗ്രഹത്തെയും പ്രതിബദ്ധതയെയുംയാണ് കാണിക്കുന്നത്.
ധന്യ രാജേന്ദ്രന്‍, വാര്‍ത്താ മാധ്യമങ്ങളിലെ സെന്‍സേഷണലിസത്തിന് (സംവേദനാത്മകത) എതിരാണ്. മാധ്യമപ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട ഗ്രാഫിക് വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും അവര്‍ വാദിച്ചു. TNM-നെ ഒരു ഫെമിനിസ്റ്റ് ന്യൂസ് റൂമാക്കി മാറ്റിയ അവര്‍, തെറ്റാണെന്ന് ഉറപ്പുള്ളിടത്ത് പ്രതിരോധിക്കാനും, പോരാടാനും ധൈര്യം കാണിച്ചു. ഈ പോരാട്ട വീര്യമാണ്, എല്ലാ വിവാദങ്ങള്‍ക്കിടയിലും, ആഗോളതലത്തില്‍ പത്രസ്വാതന്ത്ര്യത്തിന്റെ പ്രതീകമായി RSF-ന്റെ ലിസ്റ്റില്‍ ഇടം നേടാന്‍ അവര്‍ക്ക് പ്രചോദനമായത്.
2025 നവംബര്‍ 15-ന് പാരീസിലെ ഗെയ്റ്റേ ലിറിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന RSF ഫെസ്റ്റിവലിലാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ലോകമെമ്പാടുമുള്ള 29 മാധ്യമപ്രവര്‍ത്തകരെയാണ് ഇത്തവണ വിവിധ വിഭാഗങ്ങളിലായി ആദരിക്കുന്നത്.
















