ഇടതുപക്ഷ മുന്നണിയില്‍ പുകയുന്ന രാഷ്ട്രീയ പ്രശ്‌നം പൊട്ടിത്തെറിയിലേക്കു നീങ്ങിയാല്‍ രണ്ടു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ രണ്ടുവഴിക്കു പോകുമെന്നുറപ്പാണ്. രണ്ടു പാര്‍ട്ടികളെയും ഒരു മുന്നണിയിലെത്തിച്ച ഭട്ടിന്‍ഡ കോണ്‍ഗ്രസിലെ ഐക്യം പി.എം ശ്രീയിലൂടെ ഇല്ലാതാകുമെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ രണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടെയും ഐക്യത്തിന്റെ വില 1500 കോടി ആയിരിക്കും. സി.പി.എമ്മിനും സി.പി.ഐ.യ്ക്കും നരേന്ദ്ര മോദി ഇട്ട വിലയ.ാണ് 1500 കോടിയുടെ പി.എം ശ്രീ പദ്ധതി. ഈ പണം വേണമെന്ന് സി.പി.എമ്മും വേണ്ടെന്ന് സി.പി.ഐയും നിലപാടെടുത്തതോടെയാണ് കേരളത്തില്‍ പ്രശ്‌നം രൂക്ഷമായിരിക്കുന്നത്.
ഇതുവരെയും കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കുന്ന പി.എം. ശ്രീ പദ്ധതി വേണ്ടെന്ന് പറഞ്ഞിരുന്ന ഇടതുപക്ഷം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന നാളില്‍ 1500 കോടി രൂപയ്ക്കു വേണ്ടി നിലപാട് ബലികഴിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അനുവാദത്തോടെ വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി വാസുകിയാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ ഒപ്പു വെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതാണ് കേരളത്തിന്റെ എതിര്‍പ്പ്. ചരിത്രം പോലും ഹിന്ദുത്വ അജണ്ടയാക്കിയുള്ള പഠ്യപദ്ധതികളാണ് നയത്തിലുള്ളത്. ഇതിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തിരുന്നെങ്കിലും ഇപ്പോഴത്തെ മാറ്റം എന്തുകൊണ്ടാണെന്നാണ് സി.പി.ഐയുടെ ആശങ്ക.
ഒരേ മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ സി.പി.ഐയെ പ്രതിനിധീകരിച്ച് ഇരിക്കുന്ന ക്യാബിനെറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാനാവില്ലെന്ന് പറഞ്ഞിട്ടും, എങ്ങനെയാണ് കേന്ദ്രവുമായി നയം നടപ്പാക്കാന്‍ ഒപ്പുവെച്ചത്. ആരാണ് തീരുമാനിച്ചത്. അത് വിദ്യാഭ്യാസ മന്ത്രിതന്നെ വെളിപ്പെടുത്തണണെന്നും സി.പി.ഐ മന്ത്രിമാര്‍ പറയുന്നു. ഇതോടെ, ഈ വിഷയത്തില്‍ രണ്ടു പാര്‍ട്ടികള്‍ക്കും രണ്ടഭിപ്രായം ഉണ്ടെന്ന വ്യാഖ്യാനം വന്നുകഴിഞ്ഞു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പി.എം ശ്രീയോട് യോജിക്കുകയും സി.പി.ഐ മന്ത്രിമാരായ നാലുപേര്‍മാത്രം പി.എം ശ്രീയെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നതാണ് അവസ്ഥ. ഇത് സി.പി.ഐയുടെ പ്രഖ്യാപിത നിലപാടാണ്.
എന്നാല്‍, മറ്റു മന്ത്രിമാരും പാര്‍ട്ടികളും പി.എം ശ്രീ പദ്ധതിയോട് ചേര്‍ന്നു നില്‍ക്കുന്നത് പി.എം എന്നാല്‍, പിണറായി മോദി പദ്ധതി എന്നതു കൊണ്ടാണോ എന്നാണ് സി.പി.ഐ പ്രവര്‍ത്തകരുടെ ആശങ്ക. പിണറായി വിജയനും നദേന്ദ്ര മോദിയും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയായി ഇതിനെ കാണാനാകും. കാരണം, പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പി.എം. ശ്രീ പദ്ധതി കേരളം അംഗീകരിക്കാന്‍ തീരുമാനിച്ചതും. പിണറായിയും മോദിയും തമ്മില്‍ കണ്ടുറപ്പിച്ച പദ്ധതിയായതു കൊണ്ട് അതിനെ പി.എം. ശ്രീ പദ്ധതിയായി അംഗീകരിക്കണമെന്നാണ് സി.പി.എമ്മുകാര്‍ പറയുന്നത്.
എന്നാല്‍, സി.പി.എമ്മിന്റെ നിലപാട് ബി.ജെ.പിയോട് ചേര്‍ന്നു നില്‍ക്കുന്നതാണോ എന്ന് അറിയേണ്ടതുണ്ട്. വര്‍ഗീയതയ്‌ക്കെതിരേ പ്രസംഗിക്കുകയും എന്നാല്‍, വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം കൈപ്പറ്റുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നാണ് സി.പി.ഐ പറയുന്നത്. ഇതോടെ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിക്കുകയാണ്. മന്ത്രിസഭയില്‍ മന്ത്രിമാര്‍ ആയി തുടരുമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കടുത്ത തീരുമാനങ്ങളിലേക്കു പോയാല്‍ അതുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, മുന്നണി വിടുന്നതിനെ കുറിച്ച് ആലോചന ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മുന്നണി വിടുമോയെന്ന് സംശയമുണ്ട്.
CONTENT HIGH LIGHTS; P.M. Shri means ‘(P)narayan’ (Mo)di’ plan?: Has the CPI realized it?; Will he continue in the cabinet or be removed from the front?
















