തിരുവനന്തപുരം ആക്കുളം-വേളി ജലാശയങ്ങളിലും പാർവ്വതി പുത്തനാറിലും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന കുളവാഴകൾ ശാസ്ത്രീയമായി നീക്കം ചെയ്ത് സംസ്കരിക്കാൻ നിർണായക തീരുമാനം. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
മറ്റ് ജില്ലകളിൽ വിജയകരമായി നടപ്പാക്കിയ സമാന പദ്ധതികളുടെ അടിസ്ഥാനത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ പരിശോധിച്ചു വരികയാണെന്ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഈ നിർദ്ദേശങ്ങൾ പരിശോധിച്ച് ഒരു മാസത്തിനകം അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.
പാർവ്വതി പുത്തനാറിലെ മാലിന്യം നീക്കാനും നിർദ്ദേശങ്ങളുണ്ട്. പൂന്തുറ മുതൽ വേളി കായൽ വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക്കുകളും അറവുമാലിന്യങ്ങളും ഉൾപ്പെടെയുള്ളവ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പദ്ധതി നഗരസഭയുടെ സഹകരണത്തോടെ എത്രയും പെട്ടെന്ന് നൽകാൻ ഇൻലന്റ് നാവിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രൊപ്പോസൽ ലഭിക്കുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കാമെന്ന് ഡെപ്യൂട്ടി കളക്ടർ ഉറപ്പ് നൽകി.
ജലപാതകളിലെ തടസ്സങ്ങൾ നീക്കുന്നതിന്റെ ഭാഗമായി കരിയൽ തോടും പട്ടം തോടും വൃത്തിയാക്കാനുള്ള നടപടികൾ മൈനർ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കണം. കൂടാതെ, ഉള്ളൂർ തോട്ടിലെ മാലിന്യങ്ങൾ നീക്കാൻ മേജർ ഇറിഗേഷൻ നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ഡെപ്യൂട്ടി കളക്ടർ നടത്തിയ യോഗത്തിന്റെ തീരുമാനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ യോഗം വിളിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് 2026 ജനുവരിയിൽ വീണ്ടും പരിഗണിക്കും. അന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന ഉത്തരവുണ്ടായത്.
















