നാദാപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് നാദാപുരം മണ്ഡലത്തിലെ രണ്ട് പ്രധാന വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം മൂന്നിന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തും. തുടർന്ന് നാല് മണിക്ക് വളയം ഗവ. ഐടിഐയുടെ പുതിയ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ടിടത്തും ഇ. കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
10 കോടി രൂപ ചെലവഴിച്ച് ചെക്കോറ്റയിലെ വളയം ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയ ഒരേക്കർ സ്ഥലത്താണ് ഐടിഐയുടെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ചേർന്നാണ് നിർമ്മിച്ചത്.
അതേസമയം, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. പരിപാടിയിൽ ഷാഫി പറമ്പിൽ എംപിയെ ക്ഷണിച്ചിട്ടില്ലെന്നതാണ് യുഡിഎഫ് നിലപാടിന് പിന്നിലെ പ്രധാന കാരണം.
മന്ത്രിയെ മുഖ്യാതിഥിയാക്കുകയും എംപിയെ അവഗണിക്കുകയും ചെയ്തത് രാഷ്ട്രീയ പക്ഷപാതത്വം ആണെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചു. “പണി പൂർണമായും പൂർത്തിയാകാതെ ഉദ്ഘാടനം നടത്തുന്നത് നേരത്തെയും യുഡിഎഫ് എതിർത്തിരുന്നു.
മന്ത്രി ശിവൻകുട്ടി പങ്കെടുക്കുന്ന വളയത്തെ പരിപാടിയിലും ഷാഫി പറമ്പിൽ എംപിയെ ക്ഷണിച്ചിട്ടില്ലെന്നതാണ് മറ്റൊരു വിവാദമായി ഉയർന്നിരിക്കുന്നത്.
















