കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും കേരളത്തിലെ കോര്‍ കമ്മിറ്റിയംഗവുമായ ശശി തരൂരിന്റെ രാഷ്ട്രീയത്തിലെ വ്യത്യസ്ത അഭിപ്രായം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രത്യക്ഷഉദാഹരണങ്ങള്‍ കണ്ടുതുടങ്ങിയിട്ട് നാളുകളേറെയായി. എങ്കിലും കോണ്‍ഗ്രസ് വിട്ടുപോകാനോ, ബി.ജെപിയോട് ചേരാനോ അദ്ദേഹം തയ്യാറായിട്ടില്ല. കയ്യാലപ്പുറത്തെ തേങ്ങയെന്ന പോലെയാണ് ശശിതരൂരിന്റെ കോണ്‍ഗ്രസ് ജീവിതം. അംഗീകരിക്കാത്ത, എന്നാല്‍, വിട്ടുപോകാതിരിക്കാനുള്ള ഇരിപ്പിടം എന്നല്ലാതെ കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങളെ കാണാനാകുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് തരൂരിന്റെ പടയൊരുക്കത്തിന്റെ തുടക്കം. കോണ്‍ഗ്രസിനെതിരേയും എന്‍.ഡി.എ സര്‍ക്കാരിന് അനുകൂലമായും പ്രത്യേകിച്ച് നരേന്ദ്രമോദിക്ക് പ്രിയങ്കരമായും ശശിതരൂര്‍ നിലപാടെടുത്തു മുന്നോട്ടു പോകാന്‍ തുടങ്ങി.
ഇത്, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഇന്ത്യന്‍ ഭാഗം പറയാന്‍ ലോകരാജ്യങ്ങളില്‍ പോയതു വരെ നീണ്ടു. ഇപ്പോഴിതാ കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയെ പരസ്യമായി എതിര്‍ക്കുന്ന ലേഖനവും വന്നിരിക്കുന്നു. മംഗളം പത്രത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ചാണ് ശശി തരൂരിന്റെ ലേഖനം. ഇത് കോണ്‍ഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങളെ പുകച്ചിരിക്കുകയാണ്. തരൂരിനെ തള്ളണോ കൊള്ളണോ എന്നതിന് ഇനി അന്ത്യതീരുമാനം വേഗത്തിലുണ്ടാകുമെന്നുറപ്പിക്കാം. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത്തരം കുടുംബങ്ങള്‍ക്ക് ഗണ്യമായ സാമ്പത്തിക മൂലധനമുണ്ട് എന്നുമാണ് ശശിതരൂര്‍ ലേഖനത്തിലൂടെ വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നത്.
തരൂരിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിനെതിരെ ബി.ജെ.പി വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ് ശശി തരൂരിലൂടെ ഇന്ന് വന്നിരിക്കുന്നത്. തരൂരിനെതിരെ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. തരൂര്‍, ബിജെ.പിയുമായി കൂടുതല്‍ അടുക്കുന്നതായി സൂചനകളുണ്ടായിരുന്നു. ബിജെപിക്ക് മറ്റൊരു ആയുധം കൂടിയാണ് തരൂരിന്റെ ലേഖനം. ‘കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി’ എന്ന തലക്കെട്ടിലാണ് ലേഖനം. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നതാണെന്നുമാണ് തരൂരിന്റെ വിമര്‍ശനം.
ശിവസേന, സമാജ് വാദി പാര്‍ട്ടി, ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍, കശ്മീരിലെ പിഡിപി, ഡിഎംകെ എന്നീ പാര്‍ട്ടികളെയും കുടുംബവാഴ്ചയുടെ പേരില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിയുടെ സ്ഥാപകന്‍ കെ. ചന്ദ്രശേഖര റാവുവിന്റെ മകനും മകളും തമ്മില്‍ പിന്തുടര്‍ച്ചാവകാശ പോരാട്ടം നടക്കുകയാണ്് നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന രീതി വരണം. ഇതിനായി വോട്ടര്‍മാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ശാക്തീകരിക്കാനുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വാഗ്ദാനമായ ‘ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല.
കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. നെഹ്റു- ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം മറ്റു പാര്‍ട്ടികളിലേക്കും പടര്‍ന്നു. പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി ശരിയല്ല. ഇത് ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും. സ്ഥാനാര്‍ത്ഥിയുടെ യോഗ്യത കുടുംബ പേരു മാത്രമാകുന്നു. കൂടുംബാധിപത്യക്കാര്‍ മണ്ഡലത്തിലെ ജനങ്ങളോട് ഫലപ്രദമായി ഇടപെടില്ല. ഇവരുടെ പ്രകടനം മോശമായാല്‍ ജനങ്ങളോട് കണക്ക് പറയേണ്ടതില്ല. കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണം. ആഭ്യന്തരമായ പാര്‍ട്ടി തിരഞ്ഞെടുപ്പുകള്‍ വേണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ നേതാക്കളെ തിരഞ്ഞെടുക്കണം. കുടുംബാധിപത്യങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമപരമായി നിര്‍ബന്ധിതമായ കാലാവധി ഏര്‍പ്പെടുത്തുന്നത് മുതല്‍ അര്‍ത്ഥവത്തായ ആഭ്യന്തര പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ നിര്‍ബന്ധമാക്കുന്നത് വരെയുള്ള അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്്.
കുടുംബ വാഴ്ചയുടെ പ്രധാന കാരണം പാര്‍ട്ടികള്‍ക്കുള്ളിലെ ചലനാത്മകതയുടെ കുറവാണ്. നേതൃത്വ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമല്ല. ചെറിയൊരു സംഘമോ ഒരു നേതാവോ ആണ് തീരുമാനങ്ങള്‍ എടുക്കുന്നത്. നിലവിലെ വ്യവസ്ഥിതിയെ മാറ്റാന്‍ ഇവര്‍ക്ക് താല്‍പര്യവുമില്ല. കുടുംബ വാഴ്ചയുള്ള കുടുംബങ്ങള്‍ക്ക് ഗണ്യമായ സാമ്പത്തിക മൂലധനമുണ്ട്. അവര്‍ അത് അധികാരത്തിലിരുന്ന വര്‍ഷങ്ങളിലൂടെ സമ്പാദിച്ചതാണ്. കൂടാതെ, സംഭാവനകളും ലഭിക്കുന്നു. സമീപകാലത്ത് നടന്ന പഠനത്തില്‍ 149 കുടുംബങ്ങളില്‍ നിന്ന് ഒന്നിലധികം അംഗങ്ങള്‍ സംസ്ഥാന നിയമസഭകളില്‍ ഉണ്ടെന്ന് കണ്ടെത്തി. 11 കേന്ദ്രമന്ത്രിമാര്‍ക്കും ഒന്‍പത് മുഖ്യമന്ത്രിമാര്‍ക്കും കുടുംബ ബന്ധങ്ങളുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ 40 വയസില്‍ താഴെയുള്ള ഒരു ഇന്‍ഡ്യന്‍ എം.പിയും കുടുംബ ബന്ധങ്ങളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. മുന്‍പ് ഭൂവുടമകള്‍ക്കോ രാജകുടുംബത്തിനോ ലഭിച്ചിരുന്ന ആദരവ് ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്നു.
ഇത് അവരെ അധികാരത്തിന് അനുയോജ്യരാക്കുന്നതോടൊപ്പം നേതൃപരമായ പരാജയങ്ങളെ മറികടക്കാന്‍ സഹായിക്കുകയാണെന്നും തരൂര്‍ വിമര്‍ശിക്കുന്നു. കൂടുതല്‍ കണ്ടെത്തുക ഉണ്ണികൃഷ്ണന്‍ തരൂരിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇതുവരെ പരസ്യമായ അഭിപ്രായം പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ കോര്‍ കമ്മിറ്റിയംഗമായ തരൂരിന്റെ വിമര്‍ശനങ്ങളില്‍ എന്തു നിലപാട് കൈക്കൊള്ളണമെന്ന ആശങ്കയിലാണ് മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസുമായി കടുത്ത ഭിന്നത പരസ്യമാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്ന തരൂര്‍ ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്റു കുടുംബത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി തുടര്‍ച്ചയായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വിഷയമാണ് നെഹ്റു കുടുംബത്തിന്റെ പാര്‍ട്ടിയിലുള്ള സ്വാധീനം. സമാനമായ ആക്ഷേപമാണ് തരൂരും ഇത്തവണ ഉയര്‍ത്തിയിരിക്കുന്നത്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും നിലവിലെ പാര്‍ട്ടി ദേശീയ നേതൃത്വം അദ്ദേഹത്തിനെതിരെ രംഗത്തെത്തിയതും തരൂര്‍ തന്റെ വാക്കുകളില്‍ പരോക്ഷമായി അടിവരയിടുന്നുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അകന്നു നില്‍ക്കുന്ന തരൂര്‍ നേരത്തെയും സമാനമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
തരൂര്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്തായാല്‍ പോകുന്നത് ബി.ജെ.പിയിലേക്കാണെന്ന് ധരിക്കാനാവില്ല. കാരണം, ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട തരൂരിന് ദഹിക്കില്ല. എന്നാല്‍, എന്‍.ഡി.എയുടെ ഘടകകക്ഷിയെന്ന നിലയില്‍ അധികാരം നേടാനാകും. ഒപ്പം കോണ്‍ഗ്രസിന്റെ ഐഡിയോളജിയും പിന്തുടരാം. ഇത് കണക്കു കൂട്ടിയുള്ള നീക്കമാണ് തരൂരിന്റേത്. അതിനായുള്ള പടയൊരുക്കം അവസാന ഘട്ടമെതതിയെന്നാണ് ഈ ലേഖനം ചൂണ്ടിക്കാട്ടുന്നത്. ഉടന്‍തന്നെ തരൂര്‍ നേതാവായ ഒരു പാര്‍ട്ടി ഉണ്ടാകുമെന്നാണ് സൂചനകള്‍. എസ്.ടി.സി(STC) ശശി തരൂര്‍ കോണ്‍ഗ്രസ് എന്ന പേരിലാകുമോ പാര്‍ട്ടി രൂപീകരണം നടക്കുക എന്നും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്.
CONTENT HIGH LIGHTS; Will the STC party come?: The target is a new party, not the BJP?: Shashi Tharoor uses the tactic of criticizing the Nehru family by name?: What is the STC?
















