ആലപ്പുഴ: ജില്ലാ കോടതിപ്പാലം പുനർനിർമാണം നീണ്ടുനിൽക്കുന്നതിനെ തുടർന്ന്, വാടക്കനാലിന് കുറുകെ താൽക്കാലിക ബെയ്‌ലി പാലം നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. വൈ.എം.സി.എ ജങ്ഷൻ മുതൽ വാടക്കനാലിൻ്റെ തെക്കേ കരയിലുടെ (വി.സി.എസ്.ബി റോഡിൽ) പൊലീസ് ഔട്പോസ്റ്റിന് സമീപത്ത് കൂടി പ്രൈവറ്റ് ബസുകൾക്ക് പോകാൻ വൺ വേ സൗകര്യം ഒരുക്കണമെന്നും ആവശ്യമുയരുന്നു.
വാടക്കനാലിന്റെ തെക്കേക്കരയിൽ ഔട്ട് പോസ്റ്റ്- കോടതിപ്പാലം റോഡിൽ ചെറിയ വാഹനങ്ങൾക്കും കാൽനടക്കാർക്കും പോകാനാകും വിധം സൗകര്യമൊരുക്കണമെന്ന ആവശ്യവുമുയരുന്നു. മുല്ലക്കൽ ചിറപ്പ്, ക്രിസ്മസ്, ശബരിമല മണ്ഡലകാലം എന്നിവ പ്രമാണിച്ച് മുല്ലക്കലും പരിസരത്തും വൻ തിരക്കാണ് ഉണ്ടാകുക. ഈ സമയത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘുകരിക്കുന്നതിനാണ് ബെയ്ലി നടപ്പാലവും പുതിയ വൺവേ റോഡും തുറക്കണമെന്ന് ആവശ്യമുയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരികളും നാട്ടുകാരും ഒപ്പിട്ട നിവേദനം കലക്ടർക്ക് നൽകി.
നടപ്പാലം ഇല്ലാത്തതോടെ മുല്ലയ്ക്കലും കിടങ്ങാംപറമ്പും ഉൾപ്പെടെ നഗരത്തിലെ പ്രധാന വ്യാപാരമേഖലകളിലെ കച്ചവടം താളം തെറ്റിയിരിക്കുകയാണ്. വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും ഇതോടെ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നഗരകേന്ദ്രത്തിലെ പ്രധാന ജങ്ഷൻ ഇത്രയും കാലമായി അടച്ചിട്ടിട്ടും നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാവുന്ന ഈ കാലത്ത്, ഇത്തരമൊരു പ്രധാന പാലം പുനർനിർമ്മിക്കുന്നതിനായി നഗരം മുഴുവൻ അടച്ചുപൂട്ടുന്നതു തന്നെ അശാസ്ത്രീയമായ ആസൂത്രണത്തിന്റെ ഉദാഹരണമാണെന്ന് നിവേദനത്തിൽ പറയുന്നു.
അത്യാഹിതസാഹചര്യങ്ങളിലും രോഗികളെ ആശുപത്രികളിൽ സമയത്ത് എത്തിക്കാനാകാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. വഴിതിരിച്ചുവിട്ട റൂട്ടുകൾക്ക് ശാസ്ത്രീയമായ പദ്ധതിയില്ലാത്തതിനാൽ യാത്രാസമയം ദീർഘിക്കുകയും വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുവെന്നും നിവേദനത്തിൽ പറയുന്നു.
















