നടുറോഡിൽ അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പോലീസിനെതിരെ കടുത്ത വിമർശനമുയർന്നതോടെ അന്വേഷണം ശക്തമാക്കുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കേസിനാസ്പദമായ സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി.
അന്വേഷണ ചുമതല കായംകുളം എസ്എച്ച്ഒയിൽ നിന്ന് ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിൽ അതിജീവിതയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘമാകും മൊഴിയെടുക്കുക. ഇതിന് പിന്നാലെ പ്രതി സിനിൽ സബാദിനെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ നീക്കം. കൂടാതെ, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ട്.ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തിൽപ്പെട്ട യുവതിയെ സഹായിക്കാനെന്ന വ്യാജേന എത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ഡിജിപി ഇടപെട്ടത്.
അതേസമയം, കേസ് കൈകാര്യം ചെയ്യുന്നതിൽ കായംകുളം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരാതി ലഭിച്ച ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചെന്നുമാണ് റിപ്പോർട്ടിലെ വിശദീകരണം. എന്നാൽ, അന്വേഷണത്തിൽ തൃപ്തികരമായ പുരോഗതിയില്ലാത്തതിനാലാണ് കേസ് ഇപ്പോൾ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയിരിക്കുന്നത്.
















